നന്മണ്ട: 45 വർഷത്തോളമായി രാജൻ എന്ന ഒറ്റപ്പാലത്തുകാരനെ നന്മണ്ടക്കാർക്ക് സുപരിചിതമാണ്. ബാലുശ്ശേരി-കോഴിക്കോട് പാതക്കിടയിൽ നന്മണ്ട പതിനാലിലെ തെരുവോരങ്ങളിൽ കൃഷ്ണശിലയിൽ തീർത്ത രൂപങ്ങളുമായി ഇയാളുണ്ടാവാറുണ്ട്. ഇവിടെ റോഡരികിനോടു ചേർന്ന് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ചെറിയ പണിശാലയിൽ കല്ലിൽ തീർത്ത ദീപസ്തംഭം, വിഗ്രഹങ്ങൾ, വിളക്കുകൾ, അമ്മി, ഉരൽ, ചിത്രകൂടം തുടങ്ങിയ വൈവിധ്യങ്ങളായ കരകൗശല സാമഗ്രികൾ പണിതീർത്ത് വിൽപനക്ക് വെച്ചിട്ടുണ്ട്.
ഇവയിലെല്ലാം രാജൻ എന്ന കൽപണിക്കാരന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം കല്ലുവഴി സ്വദേശിയായ രാജൻ പതിനാലാം വയസ്സിൽ സഹോദരങ്ങളായ ഉണ്ണി, സുന്ദരൻ എന്നിവർക്കൊപ്പമാണ് നന്മണ്ടയിൽ എത്തുന്നത്. ഇവർക്കൊപ്പം സഹായിയായി പ്രവർത്തിച്ച് കുടുംബപരമായി ചെയ്തുവരുന്ന നിർമാണ തൊഴിൽ ഉപജീവനമാർഗമായി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് രാജൻ പറയുന്നു.
ആദ്യകാലത്ത് നിർമാണങ്ങൾ പൂർണമായും ഉളിയും മറ്റ് ആയുധങ്ങളും മാത്രം ഉപയോഗിച്ചായിരുന്നു. തെരുവോരത്തെ പണിശാലയിൽ വൈദ്യുതിയും മറ്റു സൗകര്യങ്ങളും ഒരുക്കാൻ കഴിയാത്തതിനാൽ വിഗ്രഹങ്ങളും വിളക്കുകളും നാട്ടിൽനിന്ന് പാകപ്പെടുത്തി കൊണ്ടുവരുകയാണ് പതിവ്. സഹോദരങ്ങളായ ചന്ദ്രൻ, ബാലൻ എന്നിവരും നാട്ടിലെ പണിശാലയിൽ ഒപ്പമുണ്ട്.
രാജനും സഹോദരങ്ങളും ചേർന്ന് നിർമിച്ച ഗണപതി, നാഗം, വിഷ്ണു, സുബ്രഹ്മണ്യൻ, ശിവലിംഗം, നവഗ്രഹം, പീഠങ്ങൾ, ബലിക്കല്ലുകൾ തുടങ്ങിയവ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെ ക്ഷേത്രങ്ങളിലേക്കും കൊണ്ടുപോകാറുണ്ട്. ഇതോടൊപ്പം ക്ഷേത്രത്തിന്റെ സോപാനം, കട്ടില എന്നിവയും നിർമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.