തുടികൊട്ടിപ്പാടി ദേവനെ പ്രീതിപ്പെടുത്തിയിരുന്ന പഴയ ഗോത്രസമൂഹത്തിന്റെ പിന്തുടർച്ചക്കാർക്കിപ്പോൾ 'തുടി' താളമേളം മാത്രമല്ല, അവരുടെ പാരമ്പര്യത്തിന്റെ പേരുകൂടിയാണ്. പണിയ ഭാഷയെ കാത്തുസൂക്ഷിക്കുന്ന വയനാട് ചന്തൻചിറയിലെ ഒരുപറ്റം യുവാക്കളുടെ 'തുടി'യെക്കുറിച്ച്
വയനാടിന്റെ മണ്ണും മണവും പേറുന്ന സംഗീതം തലമുറകളിലേക്ക് പകരുകയാണ് ഒരുകൂട്ടം യുവാക്കൾ. കാതിനിമ്പമേകുന്ന, മനസ്സിനെ താളം പിടിക്കാൻ പ്രേരിപ്പിക്കുന്ന പാട്ടുകൾ. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പരമ്പരാഗതമായി കൈമാറി വരുന്ന തങ്ങളുടെ ഭാഷയെ സംഗീതത്തിലൂടെ ചേർത്തുപിടിക്കുകയാണവർ 'തുടി' എന്ന ബാൻഡിലൂടെ. ജീവിതസാഹചര്യങ്ങളും ഉപജീവനവും ആചാരങ്ങളും പാട്ടിന്റെ ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്നുണ്ട്. തുടികൊട്ടിപ്പാടി ദേവനെ പ്രീതിപ്പെടുത്തിയിരുന്ന പഴയ ഗോത്രസമൂഹത്തിന്റെ പിന്തുടർച്ചക്കാർക്കിപ്പോൾ 'തുടി' താളമേളം മാത്രമല്ല, അവരുടെ പാരമ്പര്യത്തിന്റെ പേരുകൂടിയാണ്. പണിയ ഭാഷയെ കാത്തുസൂക്ഷിക്കുന്ന വയനാട് ചന്തൻചിറയിലെ ഒരുപറ്റം യുവാക്കളുടെ 'തുടി'യെക്കുറിച്ച്.
തുടിയും ചെണ്ടയും ഇലത്താളവും ഗഞ്ചിറയും ബാംബുവുമൊക്കെയാണ് തുടിയുടെ പ്രധാന വാദ്യോപകരണങ്ങൾ. ബാംബു ഇവർ സ്വന്തമായി കണ്ടെത്തിയ വാദ്യോപകരണമാണ്. ആറാംക്ലാസുകാരി ലക്ഷ്മിയിൽ തുടങ്ങുന്ന പാട്ടുകൂട്ടത്തിന്റെ താളം 25 വയസ്സുകാരൻ മോഹനിൽ വരെ പ്രതിഫലിക്കുന്നത് ഒരേ ഊർജത്തിലാണ്. പണിയപാട്ടുകൾ എഴുതുകയും പാടുകയും ചെയ്തിരുന്ന മോഹൻ ചന്തൻചിറയാണ് ഈ ബാൻഡിനു നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം പ്രചോദനവുമായി ട്രൈബൽ ഫെസിലിറ്റേറ്റർ വിജിതയുമുണ്ട്. രണ്ടാംതവണയാണ് ഇവിടെ ഇത്തരമൊരു ബാൻഡ് ജന്മമെടുക്കുന്നത്. രണ്ടാംജന്മത്തിനു വഴിവെട്ടിയതും വിജിതയും മോഹനുംതന്നെ. ഇത്തരമൊരാശയം മുന്നോട്ടുവെച്ചപ്പോൾ ചന്തൻചിറയിലെ പാട്ടുപട്ടാളം ഇരുകൈയും നീട്ടി സ്വീകരിച്ചു. ചുണ്ടിൽ തനിമപേറുന്ന തങ്ങളുടെ ഭാഷയും കൈയിൽ തുടിയും ബാംബുവുമൊക്കെയായി അവരൊത്തുകൂടുന്നത് ബുക്കുപിരെയിലാണ്. അക്ഷരങ്ങൾ കൂട്ടുകൂടാനെത്തുന്ന ബുക്കുപിരെയിൽ.
തുടിയെന്ന പേരിൽ ചന്തൻചിറയിൽ കാലങ്ങൾക്കു മുമ്പ് ഒരു ബാൻഡ് ഉണ്ടായിരുന്നു. താളവും ഈണവും കൊടുത്ത് കോളനിയിലെ ചെറുപ്പക്കാരുണ്ടാക്കിയെടുത്ത ബാൻഡ്. പണിയ പാട്ടുകൾ എഴുതിയിരുന്ന മോഹനാണ് അന്നതിനു തുടക്കം കുറിച്ചത്. പാട്ടുകളൊക്കെ ഈണത്തിൽ പാടി തുടിയും ചെണ്ടയും തോളിലിട്ട് താളത്തിൽ കൊട്ടിയിരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ. ആൽബവും സ്റ്റേജ് പരിപാടികളുമായി നടന്ന്, ഒരുകൂട്ടം ആരാധകരെ സമ്പാദിച്ചവർ വയനാട്ടുകാർക്ക് സുപരിചിതമായിരുന്നു. ഗോത്രഗാനങ്ങൾ ചെയ്ത പരിചയമുള്ള മീനങ്ങാടി എൽസ മീഡിയ ട്രൈബൽ ബാൻഡ് സ്റ്റുഡിയോയും സംഗീത സംവിധായകൻ ജോർജ് കോരയും അവരുടെ കൂടെനിന്നു. പണിയില്ലാത്ത ദിവസങ്ങളിൽ ഒത്തുകൂടിയായിരുന്നു അന്നവർ പരിശീലിച്ചിരുന്നത്.
കൈയിലില്ലാത്ത വാദ്യോപകരണങ്ങൾ വാടകക്ക് എടുത്തിരുന്നവർക്ക് ആശ്വാസമായത് ബത്തേരി താലൂക്കിൽനിന്ന് ഗോത്ര ബാൻഡുകൾക്ക് വാദ്യോപകരണങ്ങൾ നൽകുന്ന പദ്ധതിയാണ്. ആളുകൾ അന്ന് ബാൻഡിൽ കുറവായിരുന്നെങ്കിലും പാട്ടുകൾക്ക് പഞ്ഞമുണ്ടായിരുന്നില്ല. ടി.വി പരിപാടികൾക്കും അവസരം ലഭിച്ചിരുന്നു. എന്നാൽ, കോവിഡ്കാലം ബാൻഡിനെയും ബാധിച്ചു. പരിശീലനങ്ങളില്ലാതെയായി, പാട്ടുകളൊക്കെയും മനസ്സിലും വീടിന്റെ ചുവരുകൾക്കുമുള്ളിലായി. മഹാമാരിയുടെ കാലം കഴിഞ്ഞപ്പോൾ എല്ലാവരും പലവഴിക്കായി. ഇതോടെ ബാൻഡിന്റെ പ്രവർത്തനം നിലച്ചു.
കേൾക്കുന്ന ശബ്ദങ്ങൾക്കൊക്കെയും ഒരു താളം ഉണ്ടെന്നു തോന്നിത്തുടങ്ങിയപ്പോഴാണ് ചുറ്റുമുള്ള എല്ലാത്തിലെയും സംഗീതത്തെ കേൾക്കാൻ ശ്രമിക്കുന്നത്. വാദ്യോപകരണങ്ങളുടെ അപര്യാപ്തതകൂടി ആയപ്പോൾ വാദ്യോപകരണം കണ്ടെത്താനുള്ള ആഗ്രഹമേറി. മുളകളിലെ ശബ്ദവ്യത്യാസം തിരിച്ചറിയാൻ തുടങ്ങിയപ്പോൾ നിരീക്ഷണം മുഴുവൻ മുളയിലേക്ക് തിരിഞ്ഞു. തങ്ങൾക്കുവേണ്ട ശബ്ദം നൽകുന്ന മുളയെയും കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് മുള മുറിച്ചെടുത്തു. മൂന്നു കഷണങ്ങളായി മുറിച്ച് വെയിലത്തിട്ടുണക്കി നിരത്തിവെച്ച് ദ്വാരങ്ങളിട്ട മുളയിലടിക്കുമ്പോൾ തുടിയുടെ പാരമ്പര്യ ഈണത്തിനൊത്ത താളമായി. തുടിയുടെ ഏറ്റവും വലിയ ആകർഷണമായി ബാംബു മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.