അഹമ്മദ്, വാ​രി​യ​ൻ കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യാ​യി സ​ജി​ൻ

ഇന്ന് ലോക നാടകദിനം: ഓർമകളുടെ നാടകവേദിയിൽ അഹമ്മദ്, ഏകപാത്ര നാടകവുമായി സജിൻ

കരുവാരകുണ്ട്: കാളിദാസന്റെ ശാകുന്തളത്തിന് പാരഡിയെഴുതി വേദിയിൽ ദുർവാസായി ആടിത്തിമിർത്ത അഹമ്മദിന്റെ നാടകവിചാരത്തിന് അരനൂറ്റാണ്ട്. നാടകം കണ്ടുപരിചയിച്ചിട്ടില്ലാത്ത മലയോര നാടിന് നാടകത്തിന്റെ ആവേശലഹരി പകർന്നയാളാണ് പുൽവെട്ട കക്കറയിലെ വാക്കയിൽ അഹമ്മദ്(69). മണ്ണാർക്കാട് എം.ഇ.എസ് കോളജിൽ പഠിക്കുന്ന 1970കളിലാണ് അഹമ്മദ് നാടകലോകത്തേക്ക് വരുന്നത്. അഹമ്മദ് തന്നെ രചിക്കുകയും ദുർവാസാവായി അഭിനയിക്കുകയും ചെയ്ത മോഡേൺ ശാകുന്തളം അക്കാലത്ത് വലിയ സംഭവമായി.

'ഒരു സത്യം പുലരുന്നു' എന്ന മറ്റൊരു നാടകം പുൽവെട്ട സ്കൂളിൽ അരങ്ങേറിയപ്പോൾ ഉദ്ഘാടനത്തിനെത്തിയത് നാടകനടി നിലമ്പൂർ ആയിഷയായിരുന്നു. 'ചിത്താന്തം' എന്ന നാടകത്തിലെ അഹമ്മദിന്റെ, ബുദ്ധിവികാസമില്ലാത്ത പൊട്ടൻ ഇന്നും നാട്ടുകാരുടെ ഓർമയിൽ ഹാസ്യ സമ്രാട്ടായുണ്ട്. 2000 വരെ നീണ്ട സജീവ നാടക ജീവിതത്തിനിടെ 12 എണ്ണം എഴുതുകയും അമ്പതോളം എണ്ണത്തിൽ അഭിനയിക്കുകയും ചെയ്തു. എന്നാൽ ഈ അഭിനയ പ്രതിഭയെ തേടി അംഗീകാരങ്ങളൊന്നുമെത്തിയില്ല. കരുവാരകുണ്ടിലെ നാടകനടൻമാരായ എം.എൻ. നമ്പൂതിരി, പട്ടിക്കാടൻ ബാബു, സംവിധായകൻ കൂടിയായ ജി.സി. കാരക്കൽ, ഷാ റഹീം, ഐ.ടി ഹനീഫ, സാദിഖ് പറമ്പിൽ തുടങ്ങിയവരോടൊപ്പമായിരുന്നു അഹമ്മദിന്റെ പ്രവർത്തനം. അല്പകാലം വനംവകുപ്പ് വാച്ചറായി ജോലി ചെയ്തിരുന്നു. ഭാര്യ: സുഹ്റ. നാലു മക്കളുണ്ട്.

ഏകപാത്ര നാടകവുമായി സജിൻ

പൂക്കോട്ടുംപാടം: സജിന് നാടകം ഹരമാണ്. ഏക പാത്ര നാടകവുമായി 80ലധികം വേദികൾ ഇതിനോടകം പിന്നിട്ടു. കുട്ടികളുടെ നാടക കളരിയാണ് പ്രധാന ലക്ഷ്യം. കരുളായി കെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതാധ്യാപകനായ സജിൻ ഗണിതത്തോടൊപ്പം നാടകവും സമന്വയിപ്പിച്ചു പോകുന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആസ്പദമാക്കി രചനയും സംവിധാനവും ഒരുക്കി ഏകാംഗ കഥാപാത്ര നാടകം ജില്ലക്കകത്തും പുറത്തുമായി 50ലധികം വേദിയിൽ അവതരിപ്പിച്ചു.

പ്രളയം തകർത്ത കൈത്തറി മേഖലയുടെ കരുത്തുറ്റ തിരിച്ചു വരവിന്റെ പ്രതീകമായ കുഞ്ഞുപാവകളുടെ കഥ പറഞ്ഞ സജിൻ രചിച്ച 'ചേക്കുട്ടി' നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നാടകമായി തിരഞ്ഞെടുത്തിരുന്നു. പരിസ്ഥിതി സംരംക്ഷണത്തിനും അന്ധവിശ്വാസങ്ങൾക്കെതിരെയും ഏകപാത്ര നാടകത്തിലൂടെ സമൂഹത്തെ ബോധവത്കരണം നടത്തുകയാണ് ഈ കലാകാരൻ.

സ്കൂളിൽ 50ലധികം കുട്ടികൾ നാടക കളരിയിൽ അഭിനയ കല പഠിക്കാനെത്തുന്നുണ്ട്. സ്കൂളുകളിൽ തിയറ്ററുകൾ കൊണ്ടുവരണമെന്ന അഭിപ്രായമാണ് സജിൻ മാസ്റ്റർക്കുള്ളത്.

Tags:    
News Summary - Today is World Drama Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.