തൃശൂർ: യുദ്ധങ്ങൾ തങ്ങളിലെ മരണഭീതിയെ മരവിപ്പിച്ചുവെന്ന് ഇറ്റാലിയൻ നാടക സംവിധായകൻ റിക്കാർഡോ റൈന. പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ 'മീറ്റ് ദ ആർട്ടിസ്റ്റ്' പരിപാടിയിൽ 'അല്ലെ ആർമി' എന്ന നാടകത്തിന്റെ മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധങ്ങൾക്കുള്ള ആയുധങ്ങൾ കച്ചവടം ചെയ്യപ്പെടുന്നതിനെക്കുറിച്ചും ഇതിനായുള്ള സാമ്പത്തിക ക്രമങ്ങളെ കുറിച്ചും സംവിധായകൻ സംസാരിച്ചു. സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകൻ വിനോദ് നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒബ്ജക്റ്റ് തിയേറ്ററിലൂടെ ആവിഷ്കരിച്ച പരീക്ഷണ നാടകമായ അല്ലെ ആർമിയെക്കുറിച്ച് ചർച്ച നടന്നു.
ശ്രീലങ്കയിലെ ഈസ്റ്റേൺ സർവകലാശാലയിലെ അധ്യാപകനായ ചന്ദ്രകുമാർ 'ഘണ്ടാ ഘണ്ടാ...' എന്ന നാടകത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മല്ലികയും ലളിതുമായും സംവദിച്ചു. നാടകത്തിൽ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങളും സംഗീതവും വെളിച്ചവുമെല്ലാം സംവിധായകന്റെ ഉൾക്കാഴ്ചയിൽ നിന്നാണെന്നും ഫിറോസ്, ആദിത്യ എന്നീ പേരുകൾക്ക് ഇന്നത്തെ സമൂഹത്തിലെ പ്രസക്തിയെന്താണെന്നും അവർ പ്രതിപാദിച്ചു.
പ്രശസ്ത നാടക സംവിധായകൻ ബൻസി കൗളിന് സമർപ്പണമായി അവതരിപ്പിച്ച 'സൗദാകർ' എന്ന നാടകത്തിൽ സംഗീത സംവിധാനം ചെയ്ത അഞ്ജന പുരി വേദിയിൽ അനുഭവങ്ങൾ പങ്കുവെച്ചു.
സംവാദ സദസ്സിൽ ബംഗ്ലാ നാടകങ്ങളെ അടിസ്ഥാനപ്പെടുത്തി ബംഗ്ലാ നാടക പ്രവർത്തകനും ധാക്കാ സർവകലാശാലയിലെ അധ്യാപകനുമായ മുഹമ്മദ് ഇർഫിലും നാടക സംവിധായിക സഞ്ചിത ബാനർജിയും സംവദിച്ചു. സ്വാതന്ത്ര്യാനന്തര ബംഗ്ലാദേശിന്റെ സാംസ്കാരിക സ്വത്വത്തെ പര്യവേഷണം ചെയ്യുന്നതിലും ലിംഗപരമായ അസമത്വങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനുള്ള മാധ്യമമായും നാടകങ്ങൾ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ നാടകങ്ങൾ കലാപരമായ ആവിഷ്കാരത്തിനും സാമൂഹ്യ വ്യാഖ്യാനത്തിനുള്ള ചലനാത്മക വേദിയായി വർത്തിച്ചിട്ടുണ്ടെന്ന് ഇർഫിൽ വ്യക്തമാക്കി. ആഗോള തലത്തിൽ ബംഗ്ലാ നാടകവേദികൾ സഞ്ചരിക്കുകയും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ തമ്മിൽ സഹാനുഭൂതിയും ഐക്യവും നിർമ്മിക്കുന്നുണ്ടെന്ന് സഞ്ചിത ബാനർജി പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.