വിൻസെന്‍റ് വാൻഗോഗിന്‍റെ പ്രശസ്തമായ 'ട്രീ റൂട്ട്സ്' എന്ന ചിത്രം

വാന്‍ഗോഗിന്‍റെ അവസാന നാളുകള്‍ എവിടെയായിരുന്നു? ഉത്തരം നല്‍കിയത് ഒരു പോസ്റ്റ് കാര്‍ഡ്

ലോകപ്രശസ്ത ഡച്ച് ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവിതവും ചിത്രങ്ങളും മരണവുമെല്ലാം ഏറെ നിഗൂഢതകളെ ഒളിപ്പിച്ചിരുന്നു. 1890ല്‍ തന്റെ 37ാം വയസ്സില്‍ വാന്‍ഗോഗ് മരണപ്പെടുമ്പോള്‍ ചിത്രകലാരംഗത്ത് അദ്ദേഹം ഏറെ പ്രശസ്തനായിരുന്നില്ല. എന്നാല്‍, മരണശേഷം വാന്‍ഗോഗും അദ്ദേഹത്തിന്റെ രചനകളും പ്രശസ്തിയുടെ കൊടുമുടികള്‍ കയറി. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയതുമായി വാന്‍ഗോഗിന്റെ ചിത്രങ്ങള്‍. വാന്‍ഗോഗിന്റെ അവസാന ചിത്രങ്ങളെ കുറിച്ചും അവസാന നാളുകളെ കുറിച്ചും ആത്മഹത്യയെന്ന് കരുതുന്ന ദുരൂഹ മരണത്തെ കുറിച്ചുമെല്ലാം അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.



(ട്രീ റൂട്ട്സ്)

 

വാന്‍ഗോഗ് അവസാന നാളുകളില്‍ ചിത്രരചന നടത്തിയതെവിടെ എന്ന ചോദ്യത്തിന് ഗവേഷകര്‍ ഉത്തരം കണ്ടെത്തിയത് അദ്ദേഹത്തിന്‍റെ ഒരു ചിത്രത്തിൽ നിന്ന് തന്നെയായിരുന്നു. വാന്‍ഗോഗിന്റെ അവസാന മാസ്റ്റര്‍പീസ് ചിത്രമായ 'ട്രീ റൂട്ട്‌സിൽ'നിന്നാണ് ഇതുസംബന്ധിച്ച നിഗമനത്തിലെത്തിയത്. ഇതിന് സഹായകമായതോ, 1900-1910 കാലഘട്ടത്തിലെ ഒരു പോസ്റ്റ് കാര്‍ഡും. 2020ലായിരുന്നു ഗവേഷകർ ഇതുസംബന്ധിച്ച നിഗമനത്തിലെത്തിയത്.




മരങ്ങളുടെ വേരുകളും ശിഖരങ്ങളും ഇടകലര്‍ന്നുനില്‍ക്കുന്ന ഒരു മലഞ്ചെരിവിന്റെ ചിത്രമാണ് 'ട്രീ റൂട്ട്‌സ്' എന്ന ചിത്രത്തില്‍ വാന്‍ഗോഗ് പകര്‍ത്തിയത്. 1900-1910 കാലഘട്ടത്തിലെ പോസ്റ്റ് കാര്‍ഡിലും സമാനമായ ഒരു മലഞ്ചെരിവിന്റെയും മരങ്ങളുടെയും ദൃശ്യമുണ്ടായിരുന്നു. വാന്‍ ഗോഗ് മ്യൂസിയത്തിലെ ഗവേഷകര്‍ ഇവ രണ്ടും താരതമ്യം ചെയ്ത് നടത്തിയ പഠനത്തിനൊടുവിൽ ട്രീ റൂട്ട്‌സിലെ ദൃശ്യവും പോസ്റ്റ് കാര്‍ഡിലെ ദൃശ്യവും സമാനമാണെന്ന് കണ്ടെത്തി. ഫ്രഞ്ച് ഗ്രാമമായ ഓവര്‍സുര്‍വായ്‌സിലെ മലഞ്ചെരിവായിരുന്നു അത്.



(പോസ്റ്റ് കാര്‍ഡിലെ ചിത്രത്തെ വാന്‍ഗോഗ് ചിത്രവുമായി താരതമ്യം ചെയ്തപ്പോള്‍)

 

സൂക്ഷ്മ നിരീക്ഷണത്തില്‍, പോസ്റ്റ് കാര്‍ഡിലെ വൃക്ഷഭാഗങ്ങളുടെ വളര്‍ച്ച വാന്‍ഗോഗിന്റെ ചിത്രത്തിലെ വേരുകളുമായി ഏറെ സാമ്യം കാണിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വാന്‍ഗോഗിന്റെ അവസാന കലാസൃഷ്ടിയാണ് ട്രീ റൂട്ട്‌സ് എന്നത് ഈ കണ്ടെത്തലിനെ അസാധാരണവും നാടകീയവുമാക്കിയിരുന്നു. വാന്‍ഗോഗിന്റെ ചിത്രത്തില്‍ പകര്‍ത്തപ്പെട്ട സൂര്യപ്രകാശം സൂചിപ്പിക്കുന്നത് ഇത് വൈകുന്നേരത്തോടടുത്ത് വരച്ചതാണെന്നും ഈ കണ്ടെത്തല്‍ വാന്‍ഗോഗ് മരണപ്പെട്ട ദിനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറഞ്ഞിരുന്നു.



(വിൻസെന്‍റ് വാൻഗോഗ്)

 

വാന്‍ഗോഗിന്റെ അവസാന ചിത്രം ഏതെന്ന കാര്യത്തില്‍ തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പോസ്റ്റ് കാര്‍ഡിലെ ചിത്രവുമായുള്ള സാമ്യതയും കാലഘട്ടവും പരിഗണിച്ച് ട്രീ റൂട്ട്‌സാണ് അവസാന ചിത്രമെന്ന് ഗവേഷകർ പറയുന്നു.



(വാൻഗോഗിന്‍റെ ഏറ്റവും പ്രശസ്ത ചിത്രമായ 'ദ പൊട്ടറ്റോ ഈറ്റേഴ്സ് (ഉരുളക്കിഴങ്ങ് തിന്നുന്നവർ)

 

1890 ജൂലൈ 27ന് 37കാരനായ വിന്‍സെന്റ് വാന്‍ഗോഗ് ദുരൂഹസാഹചര്യങ്ങളില്‍ മരണപ്പെടുകയായിരുന്നു. നെഞ്ചിനു താഴെ വയറ്റില്‍ സ്വയം വെടിവച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല. എവിടെ വെച്ചാണ് സംഭവം നടന്നത് എന്നതും അവ്യക്തമാണ്. അതേസമയം, ദി ലൈഫ് (2011) എന്ന പുസ്തകത്തിലൂടെ വിന്‍സന്റ് വാന്‍ഗോഗിന്റെ ജീവിചരിത്രകാരന്മാരായ സ്റ്റീവെന്‍ നെയിഫ്, ഗ്രോഗറി വൈറ്റ് സ്മിത്ത് എന്നിവര്‍ വിന്‍സെന്റ് ആത്മഹത്യക്ക് തുനിഞ്ഞിട്ടില്ല എന്നാണ് സമര്‍ഥിച്ചത്.

Tags:    
News Summary - Where were Van Gogh's last days? The answer was a post card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.