നാടക സംവിധായിക നിഷ അബ്ദുല്ല

അനുഭവിച്ചവർ മുന്നിൽനിൽക്കെ ‘എല്ലാം മറക്കാൻ’ പറയാൻ ആർക്കാണധികാരം? -നിഷ അബ്ദുല്ല

തൃശൂർ: മസ്കറ്റിൽ ജനിച്ച് ബംഗളൂരുവിൽ സ്ഥിരതാമസമാ​ണെങ്കിലും നാടക സംവിധായിക നിഷ അബ്ദുല്ലയുടെ വേരുകൾ ഇങ്ങ് കോഴിക്കോടും വയനാടുമാണ്. ‘ഹൗ ലോങ് ഈസ് ഫെബ്രുവരി’ എന്ന സമകാലിക ഇന്ത്യയുടെ തീക്ഷ്ണ രാഷ്ട്രീയം പങ്കുവെക്കുന്ന നാടകവുമായാണ് നിഷ അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ എത്തിയിരിക്കുന്നത്. പൗരത്വ സമരകാലത്ത് ഡൽഹിയിൽ ഹിന്ദുത്വ തീവ്രവാദികൾ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ നടത്തിയ കലാപത്തി​ന്റെ 15 ആണ്ടുകൾക്ക് ശേഷമുള്ള ഒരു പിൻനോട്ടമാണ് ‘ഹൗ ലോങ് ഈസ് ഫെബ്രുവരി’. തന്റെ നാടകത്തെയും രാഷ്ട്രീയത്തെയും കുറിച്ച് നിഷ ‘മാധ്യമ’ ത്തോട് മനസ് തുറക്കുന്നു.

എന്താണ് ഹൗ ലോങ് ഈസ് ഫെബ്രുവരി?

2020 ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ അതിക്രൂരമായ കലാപത്തിന്റെ 15 വർഷങ്ങൾക്ക് ശേഷം ആ കലാപത്തെ രാജ്യം എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. 15 വർഷത്തിനിപ്പുറം ഇരയാക്കപ്പെട്ട സമുദായം മാത്രം അത് ഓർത്തിരിക്കുകയും സമൂഹത്തിന്റെയും അധികാരവർഗത്തി​ന്റെയും ഓർമയിൽനിന്നുപോലും അത് വിസ്മരിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയെ സംബന്ധിച്ചാണ് നാടകം സംസാരിക്കുന്നത്. 72 ആടുകളെ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നതുപോലെയുള്ള സംഗതികളും തമാശ രൂപേണ നാടകം കൈകാര്യം ചെയ്യുന്നുണ്ട്. ബാബരി മസ്ജിദ് അനന്തരം എന്ത് സംഭവിച്ചു എന്നത് നോക്കിയാൽ അതിനുള്ള ഉത്തരം ലഭിക്കും.

കഴിഞ്ഞതെല്ലാം മറക്കണം, ക്ഷമിക്കണം എന്നാണ് എല്ലാവരും പറയുന്നത് ?

എങ്ങനെ അത് പറയാൻ കഴിയും. അനുഭവിച്ചവർ മുന്നിൽനിൽക്കെ ‘എല്ലാം മറക്കാൻ’ പറയാൻ ആർക്കാണധികാരം. കാഴ്ച കാണുന്നവർക്ക് പറയാൻ കഴിഞ്ഞേക്കും. ചരിത്രം മറക്കണം എന്ന് പറയുന്നത് കൂടുതൽ അടിച്ചമർത്തുന്നതിന് വേണ്ടിയാണ്. നിലവിൽ മുസ്‍ലിം സമുദായത്തിന്റെ ക്ഷമയും സംയമനവും ഭയത്തിൽനിന്നും ഉടലെടുത്തതാണ്. നിയമ സംവിധാനം പോലും രക്ഷക്കെത്തുന്നില്ല എന്ന യാഥാർഥ്യം അവരെ കൂടുതൽ അരക്ഷിതരാക്കുന്നുണ്ട്. നിയമസംവിധാനങ്ങൾ നീതിപൂർവ്വം പ്രവർത്തിക്കുന്നില്ല. നീതി തുല്യമായി വിതരണം ചെയ്യപ്പെടുന്നില്ല. ഈ തിരിച്ചറിവിൽ നിന്നൊക്കെയുള്ള ക്ഷമയാണ് നാം കാണുന്നത്.

ഇതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതൽ റാഡിക്കലൈസ് ചെയ്യപ്പെടില്ലേ?

ന്യൂനപക്ഷങ്ങൾ റാഡിക്കലൈസ് ചെയ്യപ്പെടുന്നതിനെ കുറിച്ചാണ് എല്ലാവർക്കും ആശങ്ക. നോക്കൂ, കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടുത്തെ ഹിന്ദു വിഭാഗത്തിനിടയിൽ അതിരൂക്ഷമായി ഹിന്ദുത്വ തീവ്രവാദം വേരുറച്ചിരിക്കുന്നു. നമ്മുടെ ചുറ്റിലും അത് പ്രകടമായി കാണാം. പ്രതീക്ഷിക്കാത്ത ആളുകൾ പോലും ഹിന്ദുത്വ-സംഘ്പരിവാർ ഗ്രൂപ്പുകളെ പിന്തുണച്ച് രംഗത്തെത്തുന്നു. ഇത് റാഡിക്കലൈസേഷൻ അല്ലേ. ഇതിനയല്ലേ കൂടുതൽ ഭയക്കേണ്ടത്. നിർഭാഗ്യവശാൽ ഭൂരിപക്ഷത്തിനിടയിൽ അതിവേഗം പടരുന്ന റാഡിക്കലൈസേഷനെ കുറിച്ച് ഒരാൾപോലും മിണ്ടുന്നില്ല.

കുറേനാളായി ബംഗളൂരുവിലാണല്ലോ. ഹിന്ദുത്വ ഭരണത്തിൽ നിന്നും കോൺഗ്രസ് കാ ലത്തേക്കെത്തിയ ബംഗളൂരു എങ്ങനെ?

ഹിന്ദുത്വ ഭരണം മാത്രമേ മാറിയിട്ടുള്ളൂ. സിസ്റ്റം മുഴുവൻ ​പ്രവർത്തിക്കുന്നത് ഹിന്ദുത്വ രീതിയിലാണ്. ഫലസ്തീനെ പിന്തുണച്ച് ഒരു പരിപാടി നടത്താൻ ഞങ്ങൾ അധികാരികളെ സമീപിച്ചിട്ട് അനുമതി ലഭിച്ചില്ല. സിസ്റ്റം മാറ്റമില്ലാ​തെ തുടരുന്നു. പൊലീസ് സിസ്റ്റം ഒക്കെ ഇപ്പോൾ ഹിന്ദുത്വ ഭരണത്തിൽ എന്നപോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.

ഖബീല?

ഞങ്ങളുടെ നാടക ട്രൂപ്പാണ് ഖബീല. ഗോത്രം എന്നാണ് അർത്ഥം. 2018ലാണ് ബംഗളൂരു ആസ്ഥാനമായി ഖബീല രൂപംകൊള്ളുന്നത്. ഇതിനകം ആറ് നാടകങ്ങൾ ​ചെയ്തു. എഡിൻബർഗ് ഫെസ്റ്റിവൽ ഫ്രിഞ്ചിന്റെ സാമ്പത്തിക സഹായത്തോടെയാണ് ‘ഹൗ ലോങ് ഈസ് ഫെബ്രുവരി’ യാഥാർത്ഥ്യമാകുന്നത്. ഹിന്ദി, ഉറുദു, മലയാളം ഭാഷകളിൽ നാടകം വന്നു. സിഖ്, ദലിത്, ആദിവാസി സമൂഹങ്ങളും നാടകം കണ്ടിട്ട് ഇത് തങ്ങളുടെ അനുഭവമാണ് എന്നാണ് പ്രതികരിച്ചത്. മണിപ്പൂർ സ്വദേശികൾ ഇതു കണ്ടാൽ അവരുടെ ജീവിതമാണെന്ന് പറയും.

Tags:    
News Summary - Who has the right to say 'forget everything' when those who have experienced it are in front of them? - Nisha Abdulla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.