മിന്നി മറയുന്ന ചിത്രങ്ങൾ കൊണ്ട് ചരിത്രങ്ങളെഴുതി ലോകത്തിനുമുന്നിൽ വർത്തമാനകാല ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ച മഹനായ കലാകാരനാണ് വില്യം കെൻട്രിഡ്ജ്. ഈ കലാകരന്റെ അവിസ്മരണീയമായ കലാരൂപങ്ങളുടെ പ്രദർശനങ്ങൾ ഷാർജ ആർട് ഗാലറിയിൽ ഈ മാസം 28 മുതൽ ഡിസംബർ 28 വരെ നടക്കും. ആർട് ഗാലറിയുടെ മുറികളിൽ വില്യം കെൻട്രിഡ്ജിന്റെ മിന്നിമാഞ്ഞ് വീണ്ടും മിന്നിയെത്തുന്ന വിസ്മയ കലാരൂപങ്ങളാണ് എത്തുന്നത്. പ്രിന്റ്, ഡ്രോയിങ്, ആനിമേഷൻ എന്നീ സർഗാത്മക രൂപങ്ങൾക്ക് പ്രശസ്തനായ സൗത്ത് ആഫ്രിക്കൻ ചിത്രകാരനാണ് വില്യം കെൻറിഡ്ജ്. ചിത്രീകരിച്ച ചിത്രത്തിൽ തന്നെ മാറ്റം മരുത്തി നിമിഷങ്ങൾക്കുള്ളിൽ വീണ്ടും പുതിയവ ചിത്രീകരിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന ആവിഷ്കാര രീതി.
ഒരു സെക്കൻഡ് മുതൽ രണ്ടു സെക്കന്റ് വരെ മാത്രം എടുത്താണ് ഒരോ മാറ്റവും ചിത്രീകരിക്കുക. ഷാർജ ആർട്ട് ഫൗണ്ടേഷനിൽ ‘എ ഷാഡോ ഓഫ് എ ഷാഡോ’ എന്ന പ്രശസ്ത ആവിഷ്കാരമാണ് എത്തുന്നത്. 1980കളുടെ അവസാനം മുതൽ ഇന്നുവരെയുള്ള വില്യം കെൻട്രിഡ്ജിന്റെ 17 പ്രകടനങ്ങളാണ് ഇതിലുള്ളത്. മിഡിൽ ഈസ്റ്റിലെ കെൻട്രിഡ്ജിന്റെ ആദ്യത്തെ പ്രധാന സോളോ പ്രദർശനമാണിത്. ആൽഫ്രഡ് ജാറിയുടെ നാടകമായ ഉബു റോയി (കിങ് ഉബു 1896) മുതൽ മൊസാർട്ടിന്റെ ഓപ്പറ ദി മാജിക് ഫ്ലൂട്ട് (1791) വരെയുള്ള സൃഷ്ടികളുടെ വിശാലമായ ശ്രേണിയാണ് പ്രദർശിപ്പിക്കുന്നത്.
ഒന്നാം ലോകമഹായുദ്ധസമയത്ത് ആഫ്രിക്കയെയും ആഫ്രിക്കക്കാരെയും കുറിച്ചുള്ള കെൻട്രിഡ്ജിന്റെ ‘ദി ഹെഡ് ആൻഡ് ദി ലോഡിനൊപ്പം (2018)’ ഡ്രോയിങുകൾ, സ്റ്റേജ് ബാക്ക്ഡ്രോപ്പുകൾ, ആനിമേഷനുകൾ, പാവകൾ എന്നിവയുൾപ്പെടെയുള്ള കലാസൃഷ്ടികൾ സന്ദർശകർക്ക് ആസ്വദിക്കാം. 2018ൽ കൊച്ചി ബിനാലെയിൽ വിവേചനം, ആധിപത്യം, ഏകാന്തത, സാമൂഹ്യ സാമ്പത്തിക മേഖലകളിൽ നിലനിൽക്കുന്ന അടിമത്തം എന്നിവ പ്രമേയമാക്കിയ ‘മോർ സ്വീറ്റ്ലി പ്ളേ ദി ഡാൻസ്’ ആണ് അവതരിപ്പിച്ചത്. ബാൻഡിനൊപ്പം നൃത്തം വെക്കുന്ന നിഴൽരൂപങ്ങളാണ് ഇവ. എട്ടു സീനുകളിലായി ബിനാലെയുടെ മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസിലാണിവ പ്രദർശിപ്പിച്ചത്. കെൻറിഡ്ജിന്റെ രേഖാചിത്രങ്ങളിൽ നിന്നുള്ള കട്ടൗട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ചരിത്രവ്യക്തികളുടെ ചിത്രങ്ങൾ മിന്നിമറയുന്ന വീഡിയോയിൽ ചെടികൾ, ബാത്ടബ്ബുകൾ തുടങ്ങി പെട്ടികൾവരെയുള്ള മനുഷ്യോപകാരപ്രദമായ സാധനങ്ങൾ കൈയിലേന്തിയാണ് ഈ നിഴൽരൂപങ്ങളുടെ സഞ്ചാരം.
15 മിനിറ്റു നീളുന്ന വീഡിയോ ബിനാലെ വേദിയിലെ കടലിന് അഭിമുഖമായ മുറിയിലാണ് പ്രദർശിപ്പിച്ചിരുന്നത്. 1746-1828 കാലഘട്ടത്തിൽ സ്പെയിനിൽ ജീവിച്ചിരുന്ന ഫ്രാൻസിസ്കോ ഗോയ എന്ന കാൽപനിക ചിത്രകാരനിലാണ് ജാഥയുടെ അവതരണം ചെന്നെത്തുന്നത്. റുവാണ്ടയിൽ 1994വരെ നടന്ന കൂട്ടക്കൊലയെത്തുടർന്ന് അയൽരാജ്യങ്ങളായ താൻസാനിയ, സാംബിയ, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് പലായനം ചെയ്യുന്ന അഭയാർഥികളുടെ വികാരങ്ങളടങ്ങിയ ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെട്ടിരുന്നു. യുദ്ധക്കെടുതിമൂലം പലായനം ചെയ്യേണ്ടിവന്ന അഭയാർത്ഥികളുടെ ഓർമ്മകളുണർത്തുന്നതാണ് ഭാരമേന്തിയ നിഴൽ രൂപങ്ങൾ. ആഫ്രിക്കയിലെ എബോള ആക്രമണത്തെ ഓർമ്മപ്പെടുത്തുന്ന തരത്തിൽ ഐവി ഡ്രിപ്പുകൾ തൂക്കിയ നിറസഞ്ചികളിൽ സാധനങ്ങൾ ചുമന്നു നടക്കുന്ന പരിക്ഷീണരുടെ ദൃശ്യങ്ങൾക്കൂടിയാണിത്.
ഈ ദാരുണദൃശ്യങ്ങൾക്കിടയിൽ സമകാലിക രാഷ്ട്രീയ സമരങ്ങളുടെയും സമര പ്രഖ്യാപന നോട്ടീസുകൾ വിതരണം ചെയ്യുന്നവരുടേയും മൈക്കുകളിൽ സംസാരിക്കുന്നവരുടേയുമെല്ലാം ചിത്രങ്ങൾ ഇഴചേർക്കപ്പെടുന്നുണ്ട്. കടലാസിൽ ഘട്ടം ഘട്ടമായി വരച്ച് മായ്ച്ച് വീണ്ടും വരച്ചുകൊണ്ട് വിധിയുടെ മിന്നലാട്ടം പോലെ ചിത്രങ്ങൾ രൂപപ്പെടുത്തുന്നതാണ് കെൻറിഡ്ജിൻറെ ശൈലി. പശ്ചാത്തലത്തിലുള്ള സമയത്തിന്റെ ചലനവും മുന്നിലുള്ള ജനങ്ങളുടെ ചലനവും കലാസൃഷ്ടിയിലെ സുപ്രധാന വസ്തുതകളാണ്.
അവയെ ലോകത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു ദൗത്യം. ആകാശത്തിനും ഭൂപ്രകൃതിക്കുമിടയിലായിട്ടാണ് അവയുടെ സ്ഥാനം. ഇടത്തുനിന്ന് വലത്തേക്കുള്ള നിഴലുകളുടെ ജാഥ എട്ടു സീനുകളിലും പ്രകടമായിരുന്നു. ഷാർജ കടലോരത്തുള്ള ആർട് ഗാലറിയിൽ എത്തുന്നതും ഇത്തരത്തിലുള്ള അതിമനോഹരങ്ങളായ ആവിഷ്കാരങ്ങളാണ്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ചെലവേറിയവയാണ് കെൻറിഡ്ജിന്റെ കലാസൃഷ്ടികൾ. കെൻറിഡ്ജ് ദക്ഷിണാഫ്രിക്കൻ റെക്കോഡ് 2010 ൽ കേപ്ടൌണിലെ സ്റ്റീഫൻ വെൽസിലാണ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ സൃഷ്ടി ഒരാൾ 600,000 ഡോളർ നൽകി സ്വന്തമാക്കി. 2011 ൽ സോതൈബിയിലെ ന്യൂയോർക്കിലായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.