പ്രവാസത്തിലെ വിരസതകള്‍ മനുഷ്യരെ പലലോകത്ത് കൊണ്ടെത്തിക്കാറുണ്ട്. ചിലര്‍ ഈ വിരസതയുടെ ചതിയില്‍ വീണുപോകുമ്പോള്‍ മറ്റു ചിലര്‍ ഈ സമയങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി ജീവിതത്തെ അടയാളപ്പെടുത്തുന്നു. ഇത്തരമൊരു അടയാളപ്പെടുത്തലിന്റെ മാതൃകാ വനിതയാണ് വീട്ടമ്മയായ പ്രവാസി കൊല്ലം അഞ്ചാലുംമൂട് സ്വദേശിനി ഇന്ദുലേഖ. കലാവാസനകള്‍ ജന്മസിദ്ധമാണെന്ന് വിലയിരുത്തുന്നവരുണ്ട്. ഇന്ദുലേഖയുടെ കാര്യത്തില്‍ ഈ സിദ്ധി ജന്മനാ ഉണ്ടായിരുന്നിട്ട് ആരും കാണാതെ പോയതാണോ അതോ പ്രവാസം പകുത്ത് നല്കിയതാണോ എന്നത് ഒരു കൗതുകമായി അവശേഷിക്കുന്നു. ഭര്‍ത്താവും രണ്ട് പെണ്മക്കളുമായി വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുകയാണിവര്‍. രാവിലെ എഴുന്നേറ്റാല്‍ മക്കളെ സ്കൂളില്‍ അയക്കണം, ഭര്‍ത്താവിനെ ജോലിക്കയക്കണം, വീട്ടിലെ ജോലികള്‍ തീര്‍ക്കണം എന്നിങ്ങനെ ശിഷ്ട സമയം വെറുതേയിരുന്ന് മുഷിയുന്ന ജീവിത ചര്യയായിരുന്നു പ്രവാസം. അങ്ങിനെയിരിക്കെയാണ് മകള്‍ക്ക് സ്കൂളില്‍ നടന്ന ഒരു മത്സരത്തില്‍ ചായക്കൂട്ടുകള്‍ സമ്മാനമായി ലഭിക്കുന്നത്. ഒരുപകാരവുമില്ലന്ന മട്ടില്‍ ഈ സമ്മാനം വീട്ടിന്റെ മൂലയില്‍ കിടക്കവേ ഒരു കൗതുകത്തിനെടുത്ത് ഹൃദയത്തിലെ വര്‍ണ്ണക്കൂട്ടുകള്‍ ചാലിച്ച് ബ്രഷില്‍ മുക്കി ഭഗവാന് കൃഷ്ണന്റെ ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തി നോക്കുകയായിരുന്നു. ചെറിയൊരു ചിത്രം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങളെടുത്തെങ്കിലും മനസ്സിലെ വർണങ്ങള്‍ ഏതാണ്ട് തെളിഞ്ഞു വന്നതായി ഇന്ദുലേഖക്കും ചിത്രം കണ്ട വീട്ടുകാര്‍ക്കും ബോധ്യപ്പെട്ടു. ഭര്‍ത്താവ് രംഗനാഥനും മക്കളായ അപർണയും അഗ്രിമയും നല്കിയ പ്രോത്സാഹനം ഇത് തനിക്ക് വഴങ്ങുന്ന കലയാണെന്ന തിരിച്ചറിവ് ഇന്ദുലേഖക്ക് പകര്‍ന്ന് നല്‍കുകയായിരുന്നു. പരീക്ഷണം വിജയകരമെന്ന് കണ്ടതോടെ ഇന്ദുലേഖ ഈ മേഖലയിലെ വിദഗ്ദരുടെ അഭിപ്രായങ്ങളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ തുടങ്ങി. യുട്യൂബ് വഴി ആവശ്യമായ പഠനങ്ങള്‍ ആരംഭിച്ചു. ഓരോ ചിത്രങ്ങള്‍ പിന്നിടുമ്പോഴും മികവുകള്‍ ഏറി വന്നു. താന്‍ ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്ന തിരിച്ചറിവ് ഇന്ദുലേഖക്ക് നല്കിയ ആത്മവിശ്വാസം ചെറുതല്ല. സഹധര്‍മ്മിണിയുടെ അഭിലാഷങ്ങള്‍ക്ക് വേണ്ട ഉപകരണങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിന് രംഗനാഥനും മക്കളും വലിയ ഉത്സാഹം കാണിച്ചു. ഇത് ഇവര്‍ക്ക് വാനോളം ആത്മവിശ്വാസം നല്കി. ഇതിനകം പൂര്‍ത്തിയാക്കിയ നൂറോളം ചിത്രങ്ങളില്‍ ഇരുപത്തിയഞ്ചിലേറെ കാര്വര്ണ്ണന്, യേശു ദേവന്, ഗണപതി, ശ്രീ ബുദ്ധന്, സ്വാമി വിവേകാനന്ദന്, ഷാജഹാന് ചക്രവര്‍ത്തി, മുംതാസ്, രാജാ രവിവര്‍മ്മ എന്നിവയാല്‍ ഇവരുടെ വീട് നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഓയില്‍ പെയിന്റിങ് കൂടാതെ ആക്രിലിക് പെയിന്റിങ്, ഗ്ലാസ് പെയിന്റിങ്, കോഫി പെയിന്റിങ് എന്നിവയും പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട് ഈ വീട്ടമ്മ. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ വലിയൊരു ശേഖരം തന്നെ ഒഴിവു സമയം ഉപയോഗപ്പെടുത്തി ഇന്ദുലേഖ പണിത് തീര്‍ത്തിട്ടുണ്ട്. ചോളപ്പൊടിയും പശയും ചേര്‍ത്ത് മിശ്രിതമാക്കി ആവശ്യത്തിന് നിറം നല്കി ഇന്ദുലേഖയുണ്ടാക്കുന്ന ക്ലേയില്‍ തീര്‍ത്ത നിരവധി ശില്പങ്ങളാണ് ഇവരുടെ അകത്തളങ്ങളെ അലങ്കരിക്കുന്നത്. പിസ്തയുടെ തോട്, കോഴിമുട്ടയുടെ തോട് ഉള്ളിയുടെ തോട്, സൂര്യകാന്തിയുടെ വിത്തിന്റെ തോട്, ചിരട്ട തുടങ്ങിയവയെല്ലാം ഇന്ദുലേഖയുടെ കരവിരുത് ഉപകരണങ്ങളാണ്. ബോട്ടിൽ ആർട്ടിലും ഹാർഡ് ബോർഡ് ആർട്ടിലും ഇവർ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്വന്തമായി ഉണ്ടാക്കിയ നെറ്റിപ്പട്ടം വളരേ മനോഹരമായ കാഴ്ചയാണ്. ഈ മേഖലയിലെ പുതിയ പരീക്ഷണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ. നാലടി ഉയരമുള്ള അമ്പാടി കണ്ണന്റെ ഛായാചിത്രം ക്യാന്‍വാസില്‍ ഒരുക്കി തിരുനടയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിഭയായ ഈ കലാകാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.