കുട്ടനാട്: കുട്ടനാടിന്റെ സ്വന്തം എഴുത്തുകാരൻ ബീയാർ പ്രസാദിന്റെ ആഗ്രഹംപോലെ പുസ്തകങ്ങൾ സൂക്ഷിക്കാൻ വീട്ടിൽ ചെറിയ ഗ്രന്ഥശാലയൊരുങ്ങുന്നു. അദേഹത്തിന്റെ വിയോഗത്തിന് ശേഷമാണെങ്കിലും ഈ അഭിലാഷം സാധ്യമാകുകയാണ്. പരിമിതമായ സൗകര്യങ്ങളുള്ള ഓടിട്ട കൊച്ചുവീട്ടിൽ ആയിരത്തിനുമേൽ വരുന്ന പുസ്തകങ്ങൾ സൂക്ഷിക്കാനിടമില്ല എന്നതായിരുന്നു ഈ എഴുത്തുകാരനെ വിഷമിപ്പിച്ചിരുന്നത്. കുട്ടനാട്ടിൽ വെള്ളം പൊങ്ങുമ്പോൾ വെള്ളംകയറിയ വീട്ടിൽ നിന്നു പെട്ടികളിലാക്കി തലയിൽച്ചുമന്ന് ആദ്യം പുസ്തകങ്ങളെ രക്ഷിച്ചെടുക്കാനാണ് ബീയാർ ശ്രമിച്ചിരുന്നത്.
പുസ്തകങ്ങളോടുള്ള ആ ചങ്ങാത്തവും സ്നേഹവുമാണ് അദ്ദേഹത്തിന്റെ ജീവിതവും വഴിതിരിച്ചുവിട്ടത്. ‘കുട്ടനാടും പുസ്തകങ്ങളും നൽകിയ അറിവാണ് വാക്കുകൾക്കും ഭാവനക്കും പഞ്ഞമുണ്ടാക്കാത്തത്. ഇരുപത്തിയൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതി അവതരിപ്പിക്കാൻ കഴിഞ്ഞത് പുസ്തകവായനയിലൂടെ സമ്പാദിച്ച അറിവിലൂടെയായിരുന്നു- എന്ന് ബീയാർ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മക്കളോളമോ അതിനേക്കാളുമോ സ്നേഹമായിരുന്നു പുസ്തകങ്ങളോട്.
‘അച്ഛനു സമ്പാദ്യങ്ങളൊന്നുമില്ല. ഒരുപിടി നല്ല സുഹൃത്തുക്കളും കുറച്ചു പുസ്തകങ്ങളുമാണ് അച്ഛന്റെ സമ്പാദ്യം’ - എന്ന് ബീയാർ എപ്പോഴും മക്കളോടു പറയുമായിരുന്നു. മങ്കൊമ്പിലെ വീടു മുങ്ങി പുസ്തകങ്ങളിലെ നല്ലൊരു പങ്കും പ്രളയം കൊണ്ടുപോയത് അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നു.
ഇനിയും വെള്ളംകയറി വീഴുങ്ങിയാലും പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സംവിധാനം വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ വലിയ ആഗ്രഹമെന്ന് ഭാര്യ വിധു പ്രസാദ് ഓർമ്മിക്കുന്നു. സാമ്പത്തിക പരാധീനതകൾ കാരണം അതിനു സാധിച്ചില്ല. ഇന്നിപ്പോൾ ഓടിട്ടവീടിന്റെ ചെറിയ ഭാഗത്തെ ഓട് തട്ടിക്കളഞ്ഞ് ചെറിയ കോൺക്രീറ്റ് പാളികൾ (വി. ബോർഡ്) വെച്ചാണ് മുകളിൽ ഗ്രന്ഥശാലയൊരുക്കുന്നത്.
സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യ വിധു മുൻകൈയ്യെടുത്താണ് ബീയാറിന്റെ ആഗ്രഹം സഫലമാക്കുന്നത്. ‘വിഷയമനുസരിച്ച് തിരിച്ച് സ്വന്തമായി ബൈൻഡ് ചെയ്താണ് പ്രസാദേട്ടൻ പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നത്. ഓരോ പുസ്തകവും എവിടെയിരിക്കുന്നു, അതിന്റെ എത്രാമത്തെ താളിലാണ് ആവശ്യമുള്ള കാര്യങ്ങൾ റഫർ ചെയ്യേണ്ടത് എന്നൊക്കെ കാണാപ്പാഠമായിരുന്നു. മൂന്നോ നാലോ തവണ അദ്ദേഹം പുസ്തകങ്ങൾ വായിച്ചിരിക്കും. വായനയല്ല പുനർവായനയാണ് അറിവു വർധിപ്പിക്കുന്നത് എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പ്രസാദേട്ടന്റെ ആഗ്രഹംപോലെ വിഷയമനുസരിച്ച് തരം തിരിച്ചാണ് പുസ്തകങ്ങൾ സൂക്ഷിക്കുക-വിധു പറഞ്ഞു.
മലയാള ചലച്ചിത്ര ഗാനരചയിതാവ്, കവി, തിരക്കഥാകൃത്ത്, സഹ-സംവിധായകൻ, ടെലിവിഷൻ അവതാരകൻ, നടൻ എന്ന നിലകളിൽ പ്രശസ്തനായ കലാകാരനായിരുന്ന ബീയാർ പ്രസാദ് വിടപറഞ്ഞിട്ടും അദേഹത്തിന്റെ രചനകൾ കലാലോകത്ത് തെളിഞ്ഞുനിൽക്കുന്നു. ‘ഒന്നാം കിളി പൊന്നാണ്‍കിളി.... മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി... കേരനിരകളാടും ഒരു ഹരിതചാരു തീരം... എന്നിവയാണ് ബീയാറിന്റെ ശ്രദ്ധേയമായ ചലച്ചിത്ര ഗാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.