മുസ്ലിം അനന്തരാവകാശ നിയമങ്ങളും ഇസ്ലാമിക ദായക്രമവും സമഗ്രമായി പഠനത്തിനുവെച്ച രചനകൾ മലയാളത്തിൽ നിരവധിയാണ്. ഖുർആനിന്റെ അടിസ്ഥാന വീക്ഷണങ്ങളെ മാത്രം അവലംബിച്ചാവും ഇത്തരം രചനകളൊക്കെയും പൂർത്തിയാക്കിയിട്ടുണ്ടാവുക. എന്നാൽ പരമ്പരാഗത പഠനസരണിയിൽ നിന്ന് തെന്നി, പ്രമാണനിർധാരണത്തിൽ കാലത്തെയും യുക്തിയെയും കൂട്ടുപിടിച്ചാണ് ‘അനന്തരാവകാശ നിയമവും ഖുർആനിലെ ഗണിതഭദ്രതയും’ എന്ന കെ.ടി. മുഹമ്മദ് ചെമ്മനാടിന്റെ പുസ്തകം മുന്നേറുന്നത്. എന്നാൽ, ഖുർആനിക പരികൽപനകളെ നിരീക്ഷണങ്ങളുടെ ആധാരമായി ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.
അതുകൊണ്ടുതന്നെ എഴുത്തുകാരന്റെ കാഴ്ചപ്പാടുകൾ അന്യൂനവും യുക്തിഭദ്രവുമായി വായനക്കാരന് അനുഭവപ്പെടും. ഇസ്ലാമിക വിധി തീർപ്പുകളെ വളരെ സമകാലികമായി അവതരിപ്പിക്കുക മാത്രമല്ല, പുസ്തകം ചെയ്യുന്നത്. ഒപ്പം ഇന്ത്യയിൽ നിലനിൽക്കുന്ന മുഹമ്മദൻ ലോയെ സംശയമുനയിൽ നിർത്തി വിചാരണചെയ്യുകയും ചെയ്യുന്നുണ്ട്. ഗ്രന്ഥകാരൻ നിയമജ്ഞനല്ല. മാത്തമാറ്റിക്സിൽ ബിരുദ പഠനം പൂർത്തിയാക്കുന്നതിനു മുമ്പേ വ്യാപാര വാണിജ്യ രംഗത്തേക്ക് തിരിഞ്ഞ സാധാരണക്കാരൻ. എന്നാൽ, കെ.ടി. മുഹമ്മദിന്റെ സിദ്ധാന്തബന്ധിതമായ വാദങ്ങൾക്ക് മുന്നിൽ നിയമപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും വിസ്മയിച്ചുപോകത്തക്കവിധമാണ് അവതരണ മികവും ഭദ്രതയും.
ഇപ്പോഴത്തെ നിയമ സംവിധാന പ്രകാരം പിന്തുടർന്ന് വരുന്ന രണ്ടുതരം നടപടിക്രമങ്ങളെ ഖുർആനിന്റെ വെളിച്ചത്തിൽ, മനോഹരമായാണ് ഗ്രന്ഥകാരൻ വിശദീകരിക്കുന്നത്. നിർണിതാവകാശികളിൽ ഓരോരുത്തർക്കും അവകാശികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്വത്ത് വീതിച്ചുനൽകേണ്ടതുണ്ട്. ചിലപ്പോഴൊക്കെ വിഹിതമനുസരിച്ചുള്ള സ്വത്തിന്റെ അപര്യാപ്തതയോ അതല്ലെങ്കിൽ വീതം വെക്കുമ്പോൾ വിഹിതം ബാക്കിവരുന്ന അവസ്ഥയോ ഉണ്ടാകാറുണ്ട്. നിർണിത ഓഹരികളായ ഭിന്നസംഖ്യകളെ ഛേദങ്ങളുടെ ലസാഗു, ഛേദമായ സമാനഭിന്നങ്ങളാക്കി കൂട്ടുമ്പോൾ അംശം ഛേദത്തേക്കാൾ വലുതായാൽ ആ അംശ സംഖ്യയിലേക്ക് ഛേദത്തെ വർധിപ്പിക്കുന്ന രീതിയാണ് ഔൽ അഥവാ ഛേദവർധനവ്.
നിലവിലുള്ള സംവിധാനത്തിൽ ഔൽ (doctrine of increase) എന്നും റദ്ദ് (doctrine of decrease) എന്നും ഇത് വിവക്ഷിക്കപ്പെടുന്നുണ്ട്. ഇതിനെ ഗ്രന്ഥകാരൻ കാണുന്നത് ഖുർആനിക വീക്ഷണത്തിൽ അവകാശ വിഹിതത്തിൽ കൂട്ടലും കിഴിക്കലും നടത്താൻ നമുക്കനുമതിയുണ്ടോ എന്ന ചോദ്യം ചോദിച്ചാണ്. അത്തരം പരിമിതി ഇസ്ലാമിക നിയമത്തിന്റെ പോരായ്ക അല്ലെന്നും അത് നമ്മുടെ ഗണിതശാസ്ത്ര സൂത്രങ്ങളുടെ പരിമിതി മാത്രമാണെന്നും ന്യായങ്ങൾ നിരത്തിയാണ് എഴുത്തുകാരൻ വിശദീകരിക്കുന്നത്.
വർത്തമാനകാലത്ത് ഏറെ ചർച്ചയായിരിക്കുന്ന ഇസ്ലാമിന്റെ അനന്തരാവകാശ നിയമങ്ങളിൽ ഒന്നാണ് പെൺകുട്ടികൾ മാത്രമാകുമ്പോൾ മരണപ്പെട്ടവരുടെ സഹോദരി, സഹോദരന്മാർകൂടി അവകാശികളാകും എന്നത്. ഇത് ദൈവകൽപനയാണ് എന്ന ഖണ്ഡിതാഭിപ്രായത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ, ഖുർആനിക വീക്ഷണത്തിൽ വളരെ പ്രസക്തമായ പരിഹാരങ്ങളും പുസ്തകം നിർദേശിക്കുന്നുണ്ട്.
ചുരുക്കത്തിൽ നൂറ്റാണ്ടിനപ്പുറത്ത് അവതരിപ്പിക്കപ്പെട്ട ദായനിയമങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ ഗണിതശാസ്ത്ര നിയമങ്ങൾക്ക് അനുരോധമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമുദായത്തിലെ സാമൂഹിക പരിഷ്കർത്താക്കളും ബുദ്ധിജീവികളും പണ്ഡിതന്മാരും നിയമജ്ഞരും ഒത്തുചേർന്ന് പ്രാമാണിക വീക്ഷണത്തെ സത്യസന്ധമായി അവതരിപ്പിച്ച് ജനത്തെ പഠിപ്പിക്കേണ്ടതാണെന്ന വാദമാണ് പുസ്തകം ഊന്നി ഉറപ്പിക്കുന്നത്. ഒപ്പം മുഹമ്മദൻ ലോ പോലുള്ള അവലംബങ്ങളെ, ഖുർആനിന്റെ വെളിച്ചത്തിൽ പുനഃപരിശോധിച്ച് കാലോചിതമായി തിരുത്തലുകളും ആവശ്യമായ മുൻകരുതലുകളും ആലോചനകളും പഠനങ്ങളും നടത്താൻ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.