തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ ചോർന്ന സംഭവത്തിൽ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശം. കോട്ടയം എസ്.പിക്കാണ് നിർദേശം നൽകിയത്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ പരാതിവേണ്ടെന്നും നിലവിലെ പരാതിയിൽ കേസെടുക്കാമെന്നാണ് പറയുന്നത്. കട്ടൻ ചായയും പരിപ്പ്‍വടയും എന്ന പേരിലുള്ള ആത്മകഥയാണ് ചോർന്നത്.
ഡി.സി. ബുക്സിൽ നിന്നും ആത്മകഥ ചോർന്നുവെന്നായിരുന്നു കണ്ടത്തൽ. പ്രസിദ്ധീകരണ വിഭാഗം മേധാവി ശ്രീകുമാർ ചോർത്തിയെന്നായിയുന്നു കോട്ടയം എസ്.പിയുടെ കണ്ടെത്തൽ. ഇതനുസരിച്ച് വഞ്ചനാകുറ്റത്തിന് ശ്രീകുമാറിനെതിരെ കേസെടുക്കാനാണ് സാധ്യത.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ഇ.പിയുടെ ആത്മകഥ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വൻ വിവാദമായിരുന്നു. ഇത് തന്‍റെ ആത്മകഥയല്ലെന്ന് ഇ.പി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി.
ഇ.പിയുടെ പരാതിയിൽ കോട്ടയം എസ്.പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡി.സി ബുക്സിൽ നിന്നാണെന്ന് കണ്ടെത്തിയത്. പക്ഷെ ഇ.പിയുടെ ആത്മകഥാ ഭാഗം ഇ.പി അറിയാതെ എങ്ങിനെ ഡി.സിയിൽ എത്തി എന്നതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്. ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതൽ ഇ.പി. ജയരാജന്റെ വാദം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാളിതുവരെയുള്ള തന്റെ ജീവിതത്തെ കുറിച്ചുള്ള ആത്മകഥ ഉടൻ പുറത്തിറക്കുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. അതിന്റെ പേര് കട്ടൻ ചായയും പരിപ്പ് വടയും എന്നാവില്ലെന്ന് ജയരാജൻ നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.