താനൂർ: ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ ഗോപാലകൃഷ്ണ ദേവ്ധറിന്റെ അർധകായ പ്രതിമയുടെ അനാച്ഛാദനം നടന്നു. സ്കൂൾ കാമ്പസിൽ നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ അനാച്ഛാദനം നിർവഹിച്ചു. താനൂരിന്റെ നവോത്ഥാന ചരിത്രത്തിൽ മാതൃകപരമായ സേവനം ചെയ്ത വ്യക്തിത്വമാണ് ഗോപാലകൃഷ്ണ ദേവ്ധറെന്ന് മന്ത്രി പറഞ്ഞു.
സ്കൂളിലെ പൂർവ വിദ്യാർഥികളും ഈ വർഷം സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകരുമായ കെ. നാരായണൻ, എൻ. ശശികുമാർ എന്നിവരാണ് ആറുലക്ഷത്തോളം രൂപ ചെലവഴിച്ച് കരിങ്കല്ലിൽ തീർത്ത പ്രതിമ ഗുരുദക്ഷിണയായി സ്കൂളിന് സമർപ്പിച്ചത്. തിരുവനന്തപുരം സ്വദേശി ജനാർദനൻ കരിവള്ളൂരാണ് പ്രതിമ രൂപകൽപന ചെയ്തത്.
ചടങ്ങിൽ സ്കൂളിലെ പൂർവ അധ്യാപകനായ ടി. ഗോപാലകൃഷ്ണൻ എഴുതിയ ‘ദേവധാർ കാലവും ചരിത്രവും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പരിപാടിയുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ജില്ല തലത്തിൽ നടത്തിയ പ്രബന്ധ രചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും മന്ത്രി നിർവഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് അധ്യക്ഷത വഹിച്ചു.
കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക, ജില്ല പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കാദർക്കുട്ടി വിശാരത്ത്, താനാളൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.വി. ലൈജു, താനൂർ ബി.പി.സി കെ. കുഞ്ഞികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണൻ ചുള്ളിയത്ത്, പ്രിൻസിപ്പൽ വി.പി. അബ്ദുറഹ്മാൻ, എസ്.എം.സി ചെയർമാൻ പി. അബ്ദുൽ കരീം, പ്രധാനാധ്യാപിക പി. ബിന്ദു എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന ദേവധാർ - കാലവും ചരിത്രവും ചരിത്ര സെമിനാർ മോയിൻകുട്ടി വൈദ്യർ സാംസ്കാരിക സമിതി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. മലയാള സർവകലാശാല പ്രാദേശിക ചരിത്ര പഠന സ്കൂൾ ഡയറക്ടർ ഡോ. മഞ്ജുഷ ആർ. വർമ, വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളജ് ചരിത്ര വിഭാഗം മേധാവി ഡോ. വി. ജ്യോതിർമയി, കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം അസി. പ്രഫ. ഡോ. സതീഷ് പാലങ്കി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഹിമാൻ വലിയപീടിയേക്കൽ മോഡറേറ്ററായി.
താനൂർ: ദേവധാർ സ്കൂൾ അതിന്റെ ചരിത്രത്തെ വീണ്ടെടുക്കുമ്പോൾ ആ ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിച്ച് ദേവധാറിന്റെ പ്രിയപ്പെട്ട മൂന്ന് അധ്യാപകരും. ഏറെക്കുറെ വിസ്മൃതിയിലാണ്ട് പോയ ദേവധാറിന്റെ ശിൽപിയെയും ചരിത്രത്തെയും വരും തലമുറക്കായി വീണ്ടെടുക്കാൻ ചരിത്രരചന നിർവഹിച്ച മുൻ അധ്യാപകൻ ടി. ഗോപാലകൃഷ്ണനും ദേവ്ധറിന്റെ ഓർമകൾ അനശ്വരമാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് അർധകായ പ്രതിമ സ്ഥാപിച്ച അധ്യാപകരായ എൻ. ശശികുമാറും കെ. നാരായണനുമാണ് അവരുടെ സംഭാവനകളിലൂടെ ദേവധാറിന്റെ ചരിത്രത്തിന്റെ ഭാഗമായി മാറിയത്.
1921ൽ പുണെയിൽനിന്ന് ഒരു നിയോഗം പോലെ താനൂരിന്റെ മണ്ണിലെത്തിയ ഗോപാലകൃഷ്ണ ദേവ്ധർ സ്ഥാപിച്ച പ്രാഥമിക വിദ്യാലയമാണ് ഇന്ന് സംസ്ഥാന തലത്തിൽ തന്നെ മികച്ച സർക്കാർ സ്കൂളുകളിലൊന്നായ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളായി വളർന്നത്.
1871ൽ ജനിച്ച ഗോപാലകൃഷ്ണ ദേവ്ധർ 1905ൽ ഗോപാലകൃഷ്ണ ഗോഖലെ സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി രൂപവത്കരിക്കുമ്പോൾ സഹസ്ഥാപകനായിരുന്നു. അധ്യാപകൻ, പത്രപ്രവർത്തകൻ, സഹകാരി എന്നീ നിലകളിൽ സാമൂഹിക പ്രവർത്തന മേഖലയിൽ സജീവമായിരുന്ന ദേവ്ധറിനെ മലബാർ കലാപവേളയിൽ സ്ഥിതിഗതികൾ പഠിക്കാനും സന്നദ്ധ പ്രവർത്തനങ്ങൾക്കുമായി ഗോപാലകൃഷ്ണ ഗോഖലെയാണ് അയക്കുന്നത്.
കലാപം തകർത്തുകളഞ്ഞ ജനങ്ങളെ പുനരധിവസിപ്പിച്ചും പകർച്ച വ്യാധികളാൽ വലഞ്ഞ സാധാരണക്കാർക്ക് വൈദ്യസഹായമടക്കം നൽകിയും ദേവ്ധർ മലബാറിൽ സജീവമായി. പ്രവർത്തനങ്ങൾക്കായി ഉത്തരേന്ത്യയിൽ നിന്നടക്കം സാമ്പത്തിക സമാഹരണം നടത്തിയ ദേവ്ധർ കലാപങ്ങൾക്കും അയിത്തമുൾപ്പെടെ സാമൂഹിക ദുരാചാരങ്ങൾക്കുമുള്ള പ്രതിവിധിയായി കണ്ടെത്തിയത് വിദ്യാഭ്യാസത്തെയായിരുന്നു.
താനൂരിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പോകുന്നതിന് മുമ്പായി പൊതുപ്രവർത്തകനായ വി.ആർ. നായനാരുമായി ചേർന്ന് സ്ഥാപിച്ച ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റാണ് ദേവധാർ സ്കൂളിന്റെ ആദ്യ രൂപമായ പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നത്. പിന്നീട് 1951ൽ മലബാർ എജുക്കേഷൻ സൊസൈറ്റി ഏറ്റെടുത്ത ദേവധാർ സ്കൂൾ തൊട്ടടുത്ത വർഷം തന്നെ ഹയർ എലമെന്ററി ഹൈസ്കൂളായി ഉയർന്നു.
കേരളപ്പിറവിക്ക് ശേഷമാണ് സംസ്ഥാന സർക്കാർ സ്കൂൾ ഏറ്റെടുക്കുന്നത്. പിന്നീട് പടിപടിയായി വളർന്ന ദേവധാർ 1991ൽ സംസ്ഥാനത്ത് പ്ലസ് വൺ കോഴ്സുകൾ ആരംഭിച്ച ആദ്യഘട്ടത്തിൽ തന്നെ ഹയർ സെക്കൻഡറി സ്കൂളായി മാറി. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഉയർന്ന നിലവാരം പുലർത്തിപ്പോരുന്ന ദേവധാറിൽ നടന്നുവരുന്ന ബൃഹത്തായ വികസന പദ്ധതികൾ കൂടി പൂർത്തിയാകുന്നതോടെ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും പ്രതീക്ഷിക്കുന്നത്.
സമൂഹത്തിന്റെ വിവിധ തുറകളിൽ സ്തുത്യർഹമായ സേവനങ്ങളനുഷ്ഠിച്ച പ്രമുഖരും സാധാരണക്കാരുമായ പതിനായിരങ്ങളാണ് ദേവധാറിൽനിന്ന് അറിവിന്റെ വെളിച്ചം ഏറ്റുവാങ്ങിയത്.
ഈ മഹത്തായ വിദ്യാലയത്തിന്റെ സ്ഥാപക പുരുഷനെക്കുറിച്ചോ ദേവധാറിന്റെ പിറവിയെക്കുറിച്ചോ അധികമൊന്നും അറിയാത്തവരാണ് കൂടുതലുമെന്ന തിരിച്ചറിവിൽ നിന്നാണ് ഗോപാല കൃഷ്ണന്റെ പുസ്തകം പിറക്കുന്നത്. ‘ദേവധാർ കാലവും ചരിത്രവും’ എന്ന പേരിൽ 2014ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്.
പഴയ തലമുറയിൽപെട്ട അധ്യാപകരേയും പൊതുപ്രവർത്തകരേയും സന്ദർശിച്ചും ദേവ്ധറിന്റെ ജന്മനാടായ പുണെയിലടക്കം സന്ദർശനം നടത്തിയും സാധ്യമാകുന്ന പരമാവധി വിവരങ്ങൾ ചേർത്താണ് ടി.ജി എന്നറിയപ്പെടുന്ന ടി. ഗോപാലകൃഷ്ണൻ പുസ്തകം രചിച്ചത്. പരപ്പനങ്ങാടി സ്വദേശിയായ ടി. ഗോപാലകൃഷ്ണൻ 2004ൽ പ്രിൻസിപ്പലായാണ് സ്കൂളിൽനിന്ന് വിരമിക്കുന്നത്. ദേവധാർ പി.ടി.എ മുൻകൈയെടുത്താണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഗോപാലകൃഷ്ണ ദേവ്ധറിന്റെ തിളങ്ങുന്ന ഓർമകൾ നിലനിർത്താൻ ഹയർസെക്കൻഡറി ബ്ലോക്കിലാണ് അദ്ദേഹത്തിന്റെ അർധകായ പ്രതിമ സ്ഥാപിച്ചത്. ദേവധാറിൽനിന്ന് പഠിച്ചിറങ്ങി ദേവധാറിൽ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ച് ഈ വർഷം ജോലിയിൽനിന്ന് വിരമിക്കുന്ന എൻ. ശശികുമാറും കെ. നാരായണനും ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രതിമയുടെ നിർമാണം പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.