ഭാരത് ഭവൻ വിവർത്തന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വിവർത്തനരത്ന പുരസ്‌കാരം രാജേശ്വരി ജി. നായർക്ക്

തിരുവനന്തപുരം: ഭാരത് ഭവന്റെ വിവർത്തന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രഫ. വി.ഡി കൃഷ്ണൻ നമ്പ്യാർക്കാണ് സമഗ്ര സംഭാവന പുരസ്‌കാരം. 30,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. 2022ലെ വിവർത്തനരത്ന പുരസ്‌കാരത്തിന് രാജേശ്വരി ജി. നായർ അർഹയായി. ജ്ഞാനപീഠ ജേതാവും കൊങ്കിണി എഴുത്തുകാരനുമായ ദാമോദർ മൗജോയുടെ ‘ഇവർ എന്റെ കുട്ടികൾ’ എന്ന കൃതിയുടെ വിവർത്തനമാണ് പുരസ്‌കാരത്തിന് അർഹമായത്. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ‘മാധ്യമം ബുക്സ്’ ആണ് ഇത് പ്രസിദ്ധീകരിച്ചത്.

തോപ്പിൽ മുഹമ്മദ് മീരാന്റെ തമിഴ് കൃതിയായ കുടിയേറ്റത്തിന്റെ മലയാള വിവർത്തനത്തിലൂടെ സന്ധ്യ ഇടവൂർ ജൂറിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹയായി. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

പ്രഫ. വി.ഡി കൃഷ്ണൻ നമ്പ്യാർ നാൽപതിലധികം കൃതികൾ ഹിന്ദിയിൽനിന്ന് മലയാളത്തിലേക്കും പത്തിലധികം കൃതികൾ മലയാളത്തിൽനിന്ന് ഹിന്ദിയിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ദ്രാവിഡ ഭാഷാ ഗോത്രത്തിലെ ന്യൂനപക്ഷ ഭാഷയായ കൊങ്കിണിയിലെ ശ്രദ്ധേയമായ കൃതി പരിഭാഷപ്പെടുത്തി രണ്ട് ഭാഷകൾക്കും സംസ്കാരത്തിനും ഇടയിൽ പാലം പണിത വിവർത്തകയാണ് രാജേശ്വരി ജി. നായർ.

വിവർത്തനത്തെ ഗൗരവമേറിയ രചനാ പ്രക്രിയയായി ഏറ്റെടുത്ത് ബൃഹത്തായ സാംസ്‌കാരിക സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഓരോ വർഷവും ഭാരത് ഭവൻ പുരസ്‌കാരങ്ങൾ നൽകി വരുന്നത്. പ്രഫ. ജി. കാർത്തികേയൻ നായർ ചെയർമാനും പ്രഫ. എ.ജി ഒലീന, ഡോ. സുജാ സൂസൻ ജോർജ് എന്നിവർ ജൂറി അംഗങ്ങളും ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, നിർവാഹക സമിതി അംഗം റോബിൻ സേവ്യർ എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

Tags:    
News Summary - Bharat Bhavan translation awards; Translation Ratna Award to Rajeshwari G. Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.