എല്ലാം കൈവിട്ടുപോകുന്നു -കവിത

ആദ്യം പുഴ എന്നോട് യാത്ര പറഞ്ഞു.
പിന്നെ കാട് , കാട്ടാറുകൾ.
കിളികൾ, പൂക്കൾ
പാടങ്ങൾ,
കൊയ്ത്തുപാട്ട്,

എൻ്റെ മുറ്റത്ത്
പൂത്തു നില്ക്കുന്ന
കണിക്കൊന്ന ,
പാരിജാതം,
നാട്ടുമാവ്
തേൻ വരിക്ക പ്ലാവ്
പൂത്തു നില്ക്കുന്ന
പൂമരം,
എൻ്റെ ആകാശം
എൻ്റെ ഭൂമി
എൻ്റെ മണ്ണ്
എന്നോട്
യാത്ര പറഞ്ഞു.
കുളിർ പെയ്യും കാറ്റ്'
ചെമ്പകമൊട്ടിൽ
ചുടുചുംബനമേകും തെന്നൽ,
ആകാശച്ചെരുവിൽ
ചന്ദനഗന്ധം
ചൊരിയും
പൗർണ്ണമി
മേഘവർണ്ണൻ്റെ മാറിൽ
മഴവില്ലഴകായ്
വിരിയും
എൻ്റെ കാമിനി.

എൻ്റെ തൊടിയിൽ
ഞാൻ കാത്തുസൂക്ഷിച്ചു പോന്ന
എൻ്റെ മന്ദാരം
എൻ്റെ കവിത
എല്ലാം മറുമൊഴിയില്ലാതെ
നഷ്ടമായി.
മുറിവേറ്റ്
പിടയുന്ന സത്യം
നീതി
നീതിബോധം
നിലപാട്
നിരീക്ഷണ ബോധം
കാലഹരണപ്പെട്ട
എല്ലാ മൂല്യങ്ങളും
എൻ്റെ കൺമുമ്പിൽ
അന്ത്യശ്വാസം
വലിച്ചു.
വാക്ക് വെറും കാറ്റായി മാറുന്നു.
കവിത
എന്തെന്നറിയാതെ
പകച്ചു നിന്നു.
ഒരു വിത്ത്
ആയിരപ്പറ നെല്ല് കൊയ്യേണ്ട വിത്ത്
എൻ്റെ മടിയിൽ
പിടഞ്ഞു വീണു.
ആ നെൽവിത്തിന്
ആര് ജീവനേകും.
മാമലകളും
വറ്റി വരണ്ട്
തരിശു നിലമായ് മാറിയ
മണ്ണിനെയും
രക്ഷിക്കാൻ
ഏത് രക്ഷകൻ
വരും
ആരക്ഷകനു വേണ്ടി
ഞാൻ ഞങ്ങൾ
കാത്തിരിക്കുന്നു

Tags:    
News Summary - Poetry by Pramod Kuttiyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.