കൊച്ചി: ചിരിയിൽ വിരിഞ്ഞ ചിന്തയിലൂടെ മലയാളി ഹൃദയങ്ങളിൽ ചേക്കേറിയ കാർട്ടൂണിസ്റ്റ് സുകുമാർ വിട പറഞ്ഞു. കേരള കാർട്ടൂൺ അക്കാദമി സ്ഥാപകനാണ്. 91 വയസ്സായിരുന്നു. കൊച്ചി കാക്കനാട് പാലച്ചുവട്ടിൽ മകൾ സുമംഗലയുടെ ‘സാവിത്രി’ വീട്ടിൽ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ശനിയാഴ്ച വൈകീട്ട് 7.15ഓടെയായിരുന്നു അന്ത്യം.
തിരുവനന്തപുരം സ്വദേശിയായ സുകുമാർ എന്ന എസ്.സുകുമാരൻ പോറ്റി നാലുവർഷം മുമ്പാണ് ഡബ്ബിങ് ആർട്ടിസ്റ്റായ മകൾ സുമംഗലയുടെ വീട്ടിലേക്ക് മാറിയത്. വരാപ്പുഴയിലായിരുന്നു ആദ്യം. പിന്നീട് ഭാര്യ സാവിത്രി മരിച്ചതോടെ പാലച്ചുവടിലേക്ക് മാറി. കഴിഞ്ഞ വർഷം ഇതേ വീട്ടിൽ വെച്ച് നവതി ആഘോഷിച്ചിരുന്നു.
കാർട്ടൂണിനുപുറമെ കഥ, കവിത, നോവൽ ശാഖകളിൽ 50ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1996ൽ ഹാസ്യ സാഹിത്യത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1950ൽ ‘വികടനി’ലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത്. 1957ൽ പൊലീസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 30 വർഷത്തിനുശേഷം സർവിസിൽ നിന്ന് വിരമിച്ചു. ഹാസ്യപരിപാടികൾ സംഘടിപ്പിക്കാനുള്ള കൂട്ടായ്മയായ തിരുവനന്തപുരത്തെ ‘നർമ കൈരളി’ 1987ൽ സുകുമാറിന്റെ നായകത്വത്തിലാണ് ആരംഭിച്ചത്.
ഹാസ്യനോവലുകളായ സർക്കാർ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകൾ, ഹാസ്യകഥകളായ ഒരു നോൺ ഗസറ്റഡ് ചിരി, രാജാകേശവദാസൻ, ഞാൻ എന്നും ഉണ്ടായിരുന്നു, ഹാസ്യലേഖനങ്ങളായ പൊതുജനം പലവിധം (2 ഭാഗം), ജനം, ഹാസ്യകവിതകളായ വായിൽ വന്നത് കോതയ്ക്ക് പാട്ട്, കാവ്യം സുകുമാരം തുടങ്ങിയവയാണ് പ്രധാനകൃതികൾ. പരേതയായ രമ മറ്റൊരു മകളാണ്. ഫെഫ്ക ഫെഡറേഷൻ ജോയന്റ് സെക്രട്ടറി കൂടിയാണ് മകൾ സുമംഗല. മരുമകൻ: കെ.ജി. സുനിൽ (കിൻസൻ സെക്യൂരിറ്റീസ് ജനറൽ മാനേജർ). മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഞായറാഴ്ച ൈവകീട്ട് മൂന്നിന് തൃപ്പൂണിത്തുറ തുളു ബ്രാഹ്മണ മഠം ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.