ബാലസാഹിത്യത്തിന്റെ മുഖശ്രീ

ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ചക്കരമാമ്പഴം’ എന്ന പുസ്തകത്തിന്റെ രചയിതാവ് ഡോ. കെ. ശ്രീകുമാറിന്റെ വർത്തമാനങ്ങൾ

വീടിന്റെ മുറ്റത്ത്, വട്ടത്തിലിരുന്ന് കളിച്ചുതിമിർക്കുകയാണ് ഒരു കൂട്ടം കുട്ടികൾ. വീട്ടിലെ അഞ്ചു വയസ്സുകാരിയാണ് കളിക്കാരുടെ നേതാവ്. കൂടെയുള്ളവരെല്ലാം അവളുടെ സമപ്രായക്കാരും കൂട്ടുകാരും. പൊടുന്നനെ കനമുള്ള എന്തോ ഒന്ന് കുട്ടികൾക്കിടയിൽ വന്നു വീണു! തൊട്ടുപിന്നാലെ കാതടപ്പിക്കുന്ന ശബ്ദത്തിൽ സ്ഫോടനം!

അന്തരീക്ഷത്തിൽ രൂക്ഷമായ ഗന്ധവും കനത്ത പുകയും പടർന്നു. പുകപടലങ്ങൾക്കിടയിലൂടെ ആരൊക്കെയോ വാവിട്ടുകരയുന്ന കുട്ടികളുടെയടുത്തേക്ക് ഓടിയെത്തി. വലതുകാലിൽ മാരകമായി മുറിവേറ്റു ചോരയിൽ കുളിച്ച, കൊച്ചു കൂട്ടുകാരുടെ നേതാവിനെ അവർ വാരിയെടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവം നേരിൽക്കണ്ട ചുരുക്കം പത്രപ്രവർത്തകരിലൊരാളാണ് ഡോ. കെ. ശ്രീകുമാർ.

‘‘2000 സെപ്റ്റംബർ 27ന് നടന്ന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടുബന്ധിച്ചായിരുന്നു സംഭവം. ബോംബേറിൽ വലതുകാൽ നഷ്ടമായ, അസ്ന എന്ന ആ പാവം കുട്ടിയുടെ ദുരിതം മനസ്സിന്ന്മായുന്നില്ല. വിധിയോടു പൊരുതി മുന്നേറിയ അവൾ പഠിച്ച് ഡോക്ടറായെന്നോർക്കുമ്പോൾ മാത്രമാണ് ആശ്വാസം’’ ഡോ. കെ. ശ്രീകുമാറിന്റെ വാക്കുകളിൽ തെളിയുന്നത് കണ്ണൂരിന്റെ കലാപകലുഷിതമായ ഭൂതകാലം.

​നേർക്കാഴ്ചയുടെ കഥാചിത്രം

ഭീഷണികളും അപ്രഖ്യാപിത വിലക്കുകളുമൊക്കെ തരണം ചെയ്തു വേണമായിരുന്നു അക്കാലത്ത് കണ്ണൂരിലെ മാധ്യമപ്രവർത്തനം. സംഘർഷബാധിത പ്രദേശങ്ങളിലൊക്കെ പോകുന്നത് ജീവൻ പണയംവെച്ചാണ്. അതിനിടയിലാണ് മേൽപറഞ്ഞ ദുരന്തത്തിന്റെ നേർക്കാഴ്ച. അതു മനസ്സിൽ നെരിപ്പോടായി എരിഞ്ഞു. ശ്രദ്ധേയമായ നിരവധി കൃതികളിലൂടെ അതിനകം തന്നെ ബാലസാഹിത്യരംഗത്ത് സ്ഥാനമുറപ്പിച്ചിരുന്ന ഡോ. ശ്രീകുമാറിന്റെ അടുത്ത രചന, കുട്ടികൾ രാഷ്ട്രീയകലാപത്തിന്റെ ഇരകളാകുന്നതിനെപ്പറ്റിയായിരുന്നു. ‘കണ്ണൂര്’ എന്ന ആ നോവൽ പിറക്കുന്നതങ്ങനെയാണ്.

രണ്ടു പതിറ്റാണ്ടിനിപ്പുറം ഈ വർഷമാണ് ‘ചക്കരമാമ്പഴം’ എന്ന പുസ്തകത്തിന്റെ പേരിൽ അതേ എഴുത്തുകാരനെത്തേടി ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് എത്തുന്നത്.

യഥാർഥ വിധികർത്താക്കൾ കുട്ടികൾതന്നെ

‘‘അർഹിച്ച അവാർഡ് കിട്ടാൻ ഏറെ വൈകിയെങ്കിലും പരാതിയും പരിഭവവുമില്ല. കുട്ടികൾക്കുവേണ്ടിയുള്ള രചനകളുടെ യഥാർഥ വിധികർത്താക്കൾ കുട്ടികൾ തന്നെയാണ്. എന്റെ പുസ്തകങ്ങൾ വായിച്ച്, കുട്ടികളയച്ച നൂറുകണക്കിന് കത്തുകൾ കൈപ്പറ്റി. പിന്നെ എന്തിന് കുണ്ഠിതപ്പെടണം? മറ്റൊന്നും ചിന്തിക്കാതെ, കൂടുതൽ ചുമതലാബോധത്തോടെ, കുട്ടികൾക്കുവേണ്ടി തുടർന്നും എഴുതും’’ -ഡോ. കെ. ശ്രീകുമാർ പറയുന്നു. 180 ൽ അധികം ബാലസാഹിത്യകൃതികളുടെ കർത്താവാണ് ശ്രീകുമാർ. 1996ൽ പ്രസിദ്ധീകരിച്ച ‘ഉണ്യായേം പൊന്നു മുത്തശ്ശീം’ ആണ് ആദ്യ കൃതി. ഏറ്റവും പുതിയ കൃതി, ഈയിടെ പുറത്തിറങ്ങിയ ‘ഭൂമിദയയുടെ ചോദ്യങ്ങളും’.

കാലാന്തരത്തിൽ മലയാള ബാലസാഹിത്യശാഖക്ക് സംഭവിച്ച വികാസപരിണാമങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഡോ. ശ്രീകുമാറിന്റെ രചനാലോകം. സാഹിത്യത്തിന്റെ സമസ്തമേഖലകളും മാറുമ്പോൾ, ബാലസാഹിത്യം മാത്രം മാറാതിരിക്കുന്നതെങ്ങനെയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ‘‘ഇന്നത്തെ കുട്ടികളുമായി സംവദിക്കണമെങ്കിൽ എഴുത്തുകാരൻ സ്വയം സമഗ്രമായി അഴിച്ചുപണിഞ്ഞേ മതിയാകൂ. ഇതിവൃത്തത്തിന്റെയും ഭാഷയുടെയും കാര്യത്തിലും കാലാനുസൃതമായ മാറ്റം അനിവാര്യമാണ്’’ -ശ്രീകുമാർ പറയുന്നു.

 

ചക്കരമാമ്പഴം

‘ചക്കര മാമ്പഴ’ത്തിലെ കഥകൾ ലിംഗസമത്വം, ദത്തെടുക്കൽ, പ്രളയം, കോവിഡ് തുടങ്ങിയ പുതിയ വിഷയങ്ങളെ മുൻനിർത്തി വികസിപ്പിച്ചെടുത്തതാണ്. പലപ്പോഴായി മനസ്സിൽ രൂപപ്പെട്ട ആശയങ്ങളാണെങ്കിലും പുസ്തകം മുഴുവൻ ഒറ്റയിരിപ്പിനാണ് എഴുതിത്തീർത്തതെന്നും ഡോ. ശ്രീകുമാർ പറയുന്നു.

‘‘പഴക്കച്ചുവയുള്ള ഭാഷയിൽ, കണ്ടുമടുത്ത തരം കഥാപാത്രങ്ങളെ അണിനിരത്തി പുസ്തകമെഴുതിയാൽ പുതിയ കുട്ടികൾ സ്വീകരിക്കില്ല. എല്ലാ മേഖലകളിലും കുട്ടികൾ നമുക്ക് സങ്കൽപിക്കാവുന്നതിനപ്പുറം മാറിയിരിക്കുന്നു. ആ മാറ്റങ്ങൾ ഉൾക്കൊണ്ട് എഴുതുന്നവർക്കേ ബാലസാഹിത്യരംഗത്ത് ഭാവിയുള്ളൂ. കഥകളിൽ, ചില ആളുകളെ സ്ഥിരം മോശക്കാരായി ചിത്രീകരിക്കുന്ന രീതിയും മാറിയേ തീരൂ’’. -ഡോ. ശ്രീകുമാറിന്റെ അഭിപ്രായമിങ്ങനെ.

ബാലസാഹിത്യകാരൻ എന്ന മേൽവിലാസം

‘‘കുട്ടികൾക്കുവേണ്ടി എഴുതുന്നവരെ എഴുത്തുകാരായി അംഗീകരിക്കാൻ ചിലർക്കൊക്കെ പ്രയാസമുണ്ട്. കുട്ടികൾക്കു വേണ്ടിയുള്ള എഴുത്ത് എളുപ്പമാണ്, ആർക്കും ചെയ്യാം തുടങ്ങിയ തെറ്റിദ്ധാരണകളാണ് അതിനു പിന്നിൽ. വാസ്തവത്തിൽ കൂടുതൽ ബുദ്ധിമുട്ടുള്ള, ഉത്തരവാദിത്തം നിറഞ്ഞ പണിയാണ് ബാലസാഹിത്യരചന. ആശാൻ, ഉള്ളൂർ, വള്ളത്തോൾ, കാരൂർ, ലളിതാംബിക അന്തർജനം, ബഷീർ, പുനത്തിൽ കുഞ്ഞബ്ദുല്ല, സുഗതകുമാരി, എം.ടി തുടങ്ങി നമ്മുടെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരെല്ലാം കുട്ടികൾക്കു വേണ്ടി എഴുതിയിട്ടുണ്ട്. പക്ഷേ, ഇപ്പോഴത്തെ ചില എഴുത്തുകാർക്ക് ബാലസാഹിത്യമെഴുതാൻ മടിയാണ്. ബാലസാഹിത്യകാരനായി ‘ബ്രാൻഡ്’ ചെയ്യപ്പെടുമോ, എഴുത്തിന്റെ ഗൗരവം ചോർന്നു പോകുമോ എന്നൊക്കെയാണവരുടെ ഭയം.

ബാലസാഹിത്യത്തിന് മികച്ച അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ട ശേഷമാണ് ചിലരൊക്കെ കുട്ടികൾക്കു വേണ്ടി എഴുതാൻ തുടങ്ങിയതെന്നത് മറ്റൊരു യാഥാർഥ്യം.’’ പത്രപ്രവർത്തനം, നാടകഗവേഷണം, സാംസ്കാരിക ചരിത്രം, ജീവചരിത്രം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് മുപ്പതോളം പുസ്തകങ്ങൾ വേറെയും എഴുതിയിട്ടുണ്ടെങ്കിലും എന്നും ബാലസാഹിത്യകാരനായി അറിയപ്പെടാനാണ് ഇഷ്ടമെന്ന് ശ്രീകുമാർ പറയുന്നു.

അംഗീകാരങ്ങൾ

എറണാകുളം മഹാരാജാസ് കോളജിൽ തുറവൂർ വിശ്വംഭരൻ, എം. തോമസ് മാത്യു, കെ.ജി. ശങ്കരപ്പിള്ള, ജോർജ് ഇരുമ്പയം തുടങ്ങിയ പ്രഗല്ഭരായ അധ്യാപകരുടെ കീഴിലുള്ള മലയാളം ബിരുദ- ബിരുദാനന്തര പഠനമാണ് ഡോ. ശ്രീകുമാറിന്റെ എഴുത്തുജീവിതത്തിൽ വഴിത്തിരിവായത്. സംഗീതനാടകങ്ങളെക്കുറിച്ചുള്ള പഠനത്തിന് കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ശ്രീകുമാർ, 2003ൽ ‘മലയാള സംഗീതനാടക ചരിത്രം’ എന്ന ഗ്രന്ഥത്തിന് വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും നേടിയിട്ടുണ്ട്. ഇപ്പോൾ തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ കോഓഡിനേറ്ററാണ്. കൂടാതെ കോഴിക്കോട് പൂർണ പബ്ലിക്കേഷൻസിൽ കൺസൾട്ടന്റ് എഡിറ്ററും.

അധ്യാപകദമ്പതികളായ കെ.എം. ലക്ഷ്മണൻ നായരുടെയും എ.എസ്. വിശാലാക്ഷിയുടെയും മകനായി എറണാകുളം ചോറ്റാനിക്കരയിൽ ജനിച്ച ഡോ. കെ. ശ്രീകുമാർ കോഴിക്കോട് ബാലുശ്ശേരിയിലാണ് താമസം. ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ആർ. ഇന്ദുവാണ് ഭാര്യ. സോഫ്റ്റ് വെയർ എൻജിനീയറായ വൈശാഖനും ആർക്കിയോളജി വിദ്യാർഥിനിയായ നയനതാരയുമാണ് മക്കൾ.

Tags:    
News Summary - Chakkaramambazham- Kerala Sahitya Academy award- children's literature- Dr. K. Sreekuma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.