കക്കുകളി, മാസ്റ്റർ പീസ് വിവാദം: എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ സര്‍ക്കാര്‍ ജോലി രാജിവെച്ചു; ‘പരാതി കൊടുത്തവരുടെ മുന്നില്‍ തോല്‍ക്കാന്‍ വയ്യ’

കൊച്ചി: കക്കുകളി നാടക വിവാദത്തിന്റെയും ‘മാസ്റ്റർ പീസ്’ നോവലിനെതിരെ ഹൈകോടതിയിൽ പരാതി വന്നതിന്റെയും പശ്ചാത്തലത്തില്‍ എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ കുടുംബകോടതിയിലെ ജോലിയിൽനിന്ന് സ്വയം വിരമിച്ചു. ആലപ്പുഴ കുടുംബകോടതിയിലെ സീനിയർ ക്ലർക്കായിരുന്നു.

താൻ രചിച്ച കക്കുകളി വിവാദമായിരിക്കെ ഇനിയങ്ങോട്ടുള്ള ഔദ്യോഗിക ജീവിതവും എഴുത്തും അത്ര എളുപ്പമല്ല. ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോൾ അതിജീവനമാണ് നല്ലതെന്ന് തീരുമാനിച്ചു. തന്റെ എഴുത്തിനെ എങ്ങനെയും തടയണമെന്നായിരുന്നു പരാതി കൊടുത്തവരുടെ ലക്ഷ്യമെന്ന് നൊറോണ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പരാതി കൊടുത്തവരുടെ മുന്നില്‍ തോല്‍ക്കാന്‍ വയ്യ. സര്‍ക്കാര്‍ സര്‍വിസില്‍നിന്നു പ്രിമെച്വര്‍ ആയി വിരമിച്ചതായി നൊറോണ അറിയിച്ചു. സാഹിത്യരംഗത്തെ മോശം പ്രവണതകളെപ്പറ്റി നൊറോണ എഴുതിയ ‘മാസ്‌റ്റർപീസ്‌’ നോവലിനെതിരെ ഹൈക്കോടതിയിൽ പരാതി വന്നതിനെത്തുടർന്ന്‌ അന്വേഷണം നടത്തിയിരുന്നു. അന്വേഷണം അവസാനിച്ചെങ്കിലും സ്വതന്ത്രമായി എഴുതാൻ സാധിക്കാത്തതിനാലാണ്‌ ജോലി വിടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ചാത്തനാട്‌ സ്വദേശിയാണ്‌. മൂന്നുവർഷത്തോളം സർവിസ്‌ അവശേഷിക്കവേയാണ് രാജി. മാവേലിക്കര, ആലപ്പുഴ കോടതികളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഫ്രാൻസിസ് നൊറോണയുടെ കുറിപ്പ്:

പ്രിയരെ,

ഇന്നലെ (31.3.2023) ഞാൻ സർവിസിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചുള്ള കുറിപ്പുകളും, കുറേയധികം ആളുകളുടെ അന്വേഷണവും വരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടുന്നത്..

പ്രീമെച്വർ ആയിട്ടാണ് സർവ്വീസ് അവസാനിപ്പിച്ചത്. ഞാൻ വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണിത്.. അതിൽ തന്നെ ഉറച്ചു നിൽക്കേണ്ടതിനാലാണ് രണ്ടുമൂന്നു സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും പറയാതിരുന്നത്..

ഇന്നലെ(31.3.23) ഓഫീസിൽ വെച്ചു നടന്ന വിരമിക്കൽ ചടങ്ങുകളുടെ ഫോട്ടോയൊടൊപ്പം ഈ വിവരം ചില വാട്സപ്പ് ഗ്രൂപ്പുകളിൽ എത്തിയിരുന്നു.. തുടർന്നാണ് ആളുകൾ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്.. ഇപ്പോൾ പല രീതിയിൽ അതിനെ വ്യാഖ്യാനം ചെയ്യുന്നതിനാൽ ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു..

മാസ്റ്റർപീസ് എന്ന നോവലിനെതിരെ നൽകിയ പരാതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാൻ ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്.. ഒരു Rectification നൽകിയിട്ട് ജോലിയിൽ തുടരാനാണ് മേലധികാരികൾ പറഞ്ഞത്.. കക്കുകളി വിവാദമായിരിക്കെ ഇനിയങ്ങോട്ടുള്ള ഔദ്യോഗിക ജീവിതവും എഴുത്തും അത്ര എളുപ്പമല്ലെന്ന് നിങ്ങൾക്കും അറിയാമല്ലോ. ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോൾ അതിജീവനമാണ് നല്ലതെന്ന് തീരുമാനിച്ചു... എഴുത്തില്ലെങ്കിൽ എനിക്ക് ഭ്രാന്തു പിടിക്കും. ജോലി പോകുന്നത് ബുദ്ധിമുട്ടാണ്..

വളരെ ശാന്തമായി ഞാനിതെല്ലാം പറയുന്നെങ്കിലും അങ്ങനെയൊരു തീരുമാനത്തിൽ എത്താൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ആരാണ് പരാതി കൊടുത്തത് എന്നതിനേക്കാൾ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ആശങ്ക... മാസ്റ്റർപീസ് അറംപറ്റിയ നോവലാണെന്ന് എനിക്ക് തോന്നി. ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് വരുന്ന ഒരു എഴുത്തുകാരന്റെ ദുരിതം പിടിച്ച ജീവിതമാണ് ഞാനതിൽ പറയുന്നത്. എനിക്കും അതുപോലെ സംഭവിച്ചരിക്കുന്നു. എന്റെ കഥാപാത്രം അനുഭവിച്ച കൊടിയ വേദനയിലേക്കും ഏകാന്തതയിലേക്കും ഞാനും അകപ്പെടുന്നതുപോലെ..

എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ച് എഴുത്തായിരുന്നു മാസ്റ്റർപീസ്.. അതു വായിച്ചിട്ട് ആർക്കാവും മുറിവേറ്റത്.. എന്തിനാവും അവരത് ചെയ്തത്.. എന്റെ ഉറക്കംപോയി.. ഞാനൊരാവർത്തി കൂടി മാസ്റ്റർപീസ് വായിക്കാനെടുത്തു..

ഏറ്റവും അടുത്ത ഒന്നു രണ്ടു സുഹൃത്തക്കളോട് വിവരം പറഞ്ഞു.. ചില വ്യക്തികളിലേക്ക് അവരുടെ സംശയം നീളുന്നത് കണ്ടതോടെ ഞാൻ തകർന്നു.. കേട്ട പേരുകളെല്ലാം ഞാൻ ബഹുമാനത്തോടെ മനസ്സിൽ കൊണ്ടു നടന്നവർ..

രാത്രി ഉറങ്ങാനായില്ല.. അവ്യക്തമുഖവുമായി ഒരു ശത്രു ഇരുട്ടത്ത്.. അവരെന്റെ അന്നം മുടക്കി.. അടുത്ത നീക്കം എന്താണെന്ന് അറിയില്ല.. ഇതിന്റേയെല്ലാം തുടർച്ചപോലെ എന്റെ കക്കുകളി വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു.. ഞാൻ ടാർജെറ്റ് ചെയ്യപ്പെടുന്നതുപോലെ..

അറവുതടിക്കുമേലെ പുസ്തകങ്ങൾ നിരത്തിയുള്ള കവർചിത്രവുമായി മാസ്റ്റർപീസ് എന്റെ മേശപ്പുറത്ത് കിടക്കുന്നു.. കുഞ്ഞു കുഞ്ഞു തമാശകളിലൂടെ ഞാൻ പരാമർശിച്ച കുറേ മുഖങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു.. എനിക്കെതിരെ പരാതി കൊടുക്കാൻ മാത്രം മുറിവ് ഞാൻ ഈ പുസ്തകത്തിലൂടെ അവര്‍ക്ക് ഉണ്ടാക്കിയോ..

തനിച്ചിരുന്ന് ഈ പ്രതിസന്ധിയെ മാനസീകമായി മറികടക്കാനുള്ള കരുത്തു പതുക്കെ നേടിക്കൊണ്ടി രുന്നു.. എന്റെ മേലധികാരികൾ ഉൾപ്പെടെ പ്രിയപ്പെട്ട പലരും എന്നെ ഇതിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നു..

ഞാൻ എഴുതുന്നതെല്ലാം ചിലർക്ക് പൊള്ളുന്നുണ്ട്.. എന്റെ എഴുത്തിനെ എങ്ങനെയും തടയണമെന്നായിരുന്നു പരാതി കൊടുത്തുവരുടെ ലക്ഷ്യം.. ഔദ്യോഗിക ജീവിതത്തിന്റെ പരിമിതിയിൽ ഞാൻ ഒതുങ്ങുമെന്ന് അവർ കരുതിയിട്ടുണ്ടാവും..എനിക്ക് പരാതികൊടുത്തവരുടെ മുന്നിൽ തോൽക്കാൻ വയ്യ.. സർക്കാർ സേവന ത്തിൽ നിന്നും ഞാൻ പ്രീമെച്വർ ആയി ഇന്നലെ വിരമിച്ചു.. ഇതിനായുള്ള പ്രോസീജിയറുകളെല്ലാം വേഗം ചെയ്തു തന്ന എന്റെ മേലധികാരികളോട് ആദരവ്.. എനിക്ക് ആത്മബലം തന്ന പ്രിയ സുഹൃത്തുക്കൾക്ക്, കുടുംബാംഗങ്ങൾക്ക്, വായനക്കാർക്ക്.. എല്ലാവർക്കും എന്റെ സ്നേഹം..

മാസ്റ്റർപീസിന്റെ താളുകൾക്കിടിയിൽ എവിടെയോ എന്റെ അജ്ഞാത ശത്രു... വിരുന്നൊരുക്കി വീണ്ടും എന്റെ എഴുത്തുമേശ.. ഞാനെന്റെ പേന എടുക്കട്ടെ..

സ്നേഹത്തോടെ

നോറോണ

Tags:    
News Summary - Kakkukali: Writer Francis Noronha resigns from government job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT