തൃശൂർ: യാത്രബത്ത വിഷയത്തിൽ സാഹിത്യ അക്കാദമിക്കെതിരെ കവി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തുവന്നതിന് പിന്നാലെയുയർന്ന വിവാദം തുടരുന്നു.
സംസ്ഥാന സർക്കാറിനായി കേരളഗാനം എഴുതിനൽകാൻ അക്കാദമി സെക്രട്ടറി ആവശ്യപ്പെട്ടിരുന്നെന്നും ഗാനമെഴുതിയശേഷം അത് സ്വീകരിച്ചോ ഇല്ലയോ എന്ന അറിയിപ്പുപോലും ലഭിച്ചില്ലെന്നും താൻ അപമാനിക്കപ്പെട്ടതിന് സാംസ്കാരികമന്ത്രി സജി ചെറിയാൻ മറുപടി പറയണമെന്നുമുള്ള കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ പ്രസ്താവനയാണ് വിവാദം ആളിക്കത്തിച്ചത്. ആവർത്തനവിരസമായ വരികളായതിനാലാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ട് നിരാകരിച്ചതെന്ന് അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ പ്രതികരിച്ചു.
പാട്ടിൽ തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയാറായില്ല. ബി.കെ. ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് വരുത്താൻ ഹരിനാരായണൻ തയാറായി. ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകും. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചത്. ഒരു ഗാനം മാത്രമാണ് നിരാകരിച്ചത്.
പാട്ട് നിരാകരിച്ച വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തുടർച്ചയായ ഇത്തരം വിവാദങ്ങൾക്കു പിന്നിൽ ചില ശക്തികളുണ്ടോയെന്ന് സംശയിക്കുന്നതായും സച്ചിദാനന്ദൻ പറഞ്ഞു.
എന്നാൽ, ഇതിനെ രൂക്ഷമായി വിമർശിച്ച് ശ്രീകുമാരൻ തമ്പി രംഗത്തെത്തി. മാധ്യമങ്ങൾ വീണ്ടും പ്രതികരണം തേടിയപ്പോൾ സച്ചിദാനന്ദൻ നിലപാട് മയപ്പെടുത്തി. ശ്രീകുമാരൻ തമ്പിയുടെ വരികൾ ഒഴിവാക്കിയിട്ടില്ലെന്നായിരുന്നു പ്രതികരണം.
മൂന്നുപേരുടെ വരികൾ തെരഞ്ഞെടുത്തിട്ടുണ്ട്. അതിന് സംഗീതം നൽകിയ ശേഷമാകും അന്തിമ തീരുമാനം. ഇപ്പോൾ കമ്മിറ്റിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ബി.കെ. ഹരിനാരായണൻ എഴുതിയ വരികളാണ്.
ശ്രീകുമാരൻ തമ്പിയുടെ ഗാനമാണ് കൂടുതൽ ഇഷ്ടപ്പെട്ടതെങ്കിൽ അത് തെരഞ്ഞെടുക്കും. ശ്രീകുമാരൻ തമ്പിയുടെ വരികൾ നിരാകരിക്കാത്തതിനാലാണ് അറിയിപ്പ് നൽകാതിരുന്നതെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
തൃശൂർ: ശ്രീകുമാരൻ തമ്പിയുൾപ്പെടെ നിരവധി പേരിൽനിന്ന് കേരളഗാനം വാങ്ങിയിട്ടുണ്ടെന്നും അക്കാദമി നിയോഗിച്ച സമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അറിയിച്ചു. പാട്ടിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അതിനാലാണ് അറിയിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂർ: ശ്രീകുമാരൻ തമ്പി നേരിട്ട മാനസിക വിഷമത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്നെന്ന് ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ. തന്റെ പേര് വലിച്ചിഴച്ചതിൽ വിഷമമുണ്ട്.
അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ ആവശ്യപ്പെട്ടതിനാലാണ് പാട്ടെഴുതിയത്. ശ്രീകുമാരൻ തമ്പി എഴുതിയ ഏത് വരിയേക്കാളും എത്രയോ താഴെയാണ് താനെഴുതിയ വരികളെന്നും ഹരിനാരായണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.