കാത്തിരിപ്പ്

ആശുപത്രിയിൽ സന്ധ്യ കഴിഞ്ഞാൽ ചെറിയ തുകക്ക് കഞ്ഞി വിൽക്കുന്നവർ വരും. അതും അൽപം അച്ചാറുമാണ് കഴിഞ്ഞ കുറേ നാളുകളായി അത്താഴം. അന്നും അത്താഴം തേടിയാണ് അയാൾ ആശുപത്രിയിൽ ചെന്നത്. കഞ്ഞി വാങ്ങി ചോറ്റുപാത്രം നിറച്ചതും പിറകിൽനിന്നും ഒരു തോണ്ടൽ. തിരിഞ്ഞ് നോക്കിയപ്പോൾ ലിപ്സ്റ്റിക് ഇട്ട ഒരു സ്ത്രീയാണ്. ചെറുതായി മേക്കപ്പും ഉണ്ട്.

നല്ല മുഖപരിചയം തോന്നുന്നുണ്ടെങ്കിലും കൃത്യമായി ഓർമ വരുന്നില്ല. കൂടെ ചക്രക്കസേരയിൽ പ്രായാധിക്യമുള്ള അവശയായ ഒരു സ്ത്രീയുമുണ്ട്.

‘‘അമ്മയെ ഒന്ന് കട്ടിലിലേക്ക് കിടത്താൻ സഹായിക്കുമോ?’’

‘‘ഓ പിന്നെന്താ!’’

ജനറൽ വാർഡിലെ കട്ടിലുകളിൽ ഒന്നിലേക്ക് അയാളും സ്ത്രീയും കൂടി അമ്മയെ കിടത്തി.

‘‘ബുദ്ധിമുട്ട് ആവില്ലെങ്കിൽ സിസ്റ്ററിനെ ഒന്ന് വിളിച്ച് വരുന്നതുവരെ കുറച്ച് നേരം അമ്മയുടെ അടുത്ത് നിൽക്കാമോ?’’

അയാൾ സമ്മതം മൂളി.

തലയിണക്ക് അടിയിൽ വെച്ചിരുന്ന പഴ്സും എടുത്ത് അവൾ നഴ്സിനെ വിളിക്കാനായി പോയി. അൽപനേരം കഴിഞ്ഞതും നഴ്സ് വന്ന് അമ്മയുടെ കൈയിലെ കാനുലയിൽ ഡ്രിപ് ഘടിപ്പിച്ച് പോയി. അമ്മ പതിയെ ഉറക്കത്തിലേക്കും.

സ്ത്രീ പക്ഷേ തിരികെ വന്നിട്ടില്ല. അത്താഴം വാങ്ങാൻ പോയതാവണം. അയാൾ കരുതി. കുറേ നേരം ഒരേ നിൽപ് നിന്നുകാണും. കാൽ കുഴഞ്ഞ് തുടങ്ങിയതും കട്ടിലിന്റെ ഓരം ചേർന്ന് ഒരു കസേരയിലേക്ക് ഇരുന്നു.

ഡ്രിപ് തീരാറാവുന്നു. അയാൾ തന്നെ പോയി വീണ്ടും നഴ്സിനെ വിളിച്ച് കൊണ്ട് വന്ന് ഡ്രിപ് ഊരിച്ചു. അമ്മ ഒന്നും അറിയാതെ നല്ല ഉറക്കത്തിൽ തന്നെയാണ്. വീണ്ടും അയാൾ ഇരിപ്പ് തുടങ്ങി. നേരം പാതിരാവ് കഴിഞ്ഞിരിക്കുന്നു. സ്ത്രീ ഇനിയും തിരികെ വന്നിട്ടില്ല. വിശപ്പ് കലശലാവുന്നു. ചോറ്റുപാത്രം തുറന്ന് അയാൾ കഞ്ഞി കുറേശ്ശയായി അകത്താക്കി.

ചെറുതായി ഒന്ന് മയങ്ങിക്കാണും. ആരോ പിടിച്ച് കുലുക്കിയപ്പോൾ ആണ് ഉണർന്നത്. ഭാഗ്യം. സ്ത്രീ തിരികെ വന്നിരിക്കുന്നു. അവളുടെ കൈയിലെ പഴ്സിന് ഇപ്പോൾ ചെറിയ കനം തോന്നുന്നുണ്ട്. അതിൽനിന്നും നൂറു രൂപ എടുത്ത് അവൾ അയാളുടെ കൈയിൽ പിടിപ്പിച്ചു. കൂട്ടത്തിൽ ചെറിയ ഒരു ഭക്ഷണപ്പൊതിയും.

‘‘ഗതികേടു കൊണ്ട് ചെയ്ത് പോയതാണ്. ബുദ്ധിമുട്ട് ആയിട്ടുണ്ടാകും. ക്ഷമിക്കണം.’’

ഞാനവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മേക്കപ്പ് മാഞ്ഞിട്ടുണ്ടായിരുന്നു, ലിപ്സ്റ്റിക്കും.

Tags:    
News Summary - Malayalam shortstory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.