തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വകുപ്പ് നൽകുന്ന 2022ലെ വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സമഗ്രസംഭാവനക്കുള്ള പുരസ്കാരത്തിന് എഴുത്തുകാരി ഡോ.എം. ലീലാവതിയും ഗായകൻ പി. ജയചന്ദ്രനും അർഹരായി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വയോജന മേഖലയിൽ മികച്ച സേവനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ മികച്ച പഞ്ചായത്തായി കണ്ണൂർ ജില്ല പഞ്ചായത്തിനെ തെരഞ്ഞെടുത്തു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച ബ്ലോക്ക് പഞ്ചായത്ത്: തൂണേരി (കോഴിക്കോട് ജില്ല), ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും. ഗ്രാമപഞ്ചായത്ത്: മാണിക്കൽ (തിരുവനന്തപുരം), വേങ്ങര (മലപ്പുറം), ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും. മികച്ച എൻ.ജി.ഒക്കുള്ള പുരസ്കാരം കൊല്ലം ഗാന്ധിഭവൻ ഇന്റർനാഷനൽ ട്രസ്റ്റിനാണ്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
മികച്ച മെയിന്റനൻസ് ട്രൈബ്യൂണൽ: ഒറ്റപ്പാലം. മികച്ച സർക്കാർ വൃദ്ധസദനം: കൊല്ലം ഗവ. ഓൾഡ് ഏജ്ഹോം. കായികമേഖലയിലെ മികച്ച പ്രവർത്തനത്തിന് കോട്ടയം സ്വദേശി പി.എസ്. ജോണും എറണാകുളം സ്വദേശി പി.ഇ. സുകുമാരനും അർഹരായി. കല, സാഹിത്യം, സാംസ്കാരികം വിഭാഗത്തിൽ കാസർകോട് സ്വദേശി പുണിഞ്ചിത്തായ, കോഴിക്കോട് സ്വദേശി അഹമ്മദ് ചെറ്റയിൽ/ മുഹമ്മദ് പേരാമ്പ്ര, പാലക്കാട് സ്വദേശി പഗാൻ എന്നിവരും പുരസ്കാരത്തിന് അർഹരായി. ഒക്ടോബർ ഒന്നിന് തൃശൂരിൽ നടക്കുന്ന വയോജന ദിന പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ പറഞ്ഞു. സാമൂഹികനീതി വകുപ്പ് ഡയറക്ടർ എം .അഞ്ജന, വയോജന കൗൺസിൽ അംഗം അമരവിള രാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.