സാഹിത്യകാരൻ ഇ.പി. ശ്രീകുമാറിന് ദേശീയ അംഗീകാരം; ‘സ്വരം’ എന്ന നോവലാണ് അംഗീകാരത്തിന് വഴിതെളിച്ചത്

മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ.പി. ശ്രീകുമാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ അംഗീകാരം നേടി. സമ്പൂർണമായും സംഗീത പശ്ചാത്തലമുള്ള നോവൽ ‘സ്വര’ വും , അതിന്റെ സംഗീതാവിഷ്കാരവുമാണ് ഇ.പി. ശ്രീകുമാറിനെ പുതിയ റെക്കോഡ് സ്ഥാപിക്കുന്ന നേട്ടത്തിന് അർഹനാക്കിയത്. ഡി.സി ബുക്സാണ് നോവലിന്റെ പ്രസാധകർ.

അക്ഷരങ്ങളുടെ മാധ്യമത്തിൽ നിന്നും സംഗീതത്തിന്റെ മാധ്യമത്തിലേക്ക് നോവൽ പരിഭാഷപ്പെടുത്തി അവതരിപ്പിച്ചതിലൂടെ പുതിയൊരു ആവിഷ്കാര അനുഭവത്തിന് തുടക്കമിടാൻ കഴിഞ്ഞതാണ് ശ്രദ്ദേയമായത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള സ്വരം സംഗീത ശില്പം വേദികളിൽ അവതരിപ്പിച്ച് ഇതിനകം പ്രശംസ നേടി.

ഈ സംഗീതാഖ്യാനം ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് കേൾക്കാൻ കഴിയും വിധം നോവലിൽ ചേർത്തിട്ടുണ്ട്. ഹരിയാനയിലെ ഫരിദബാദ് ആസ്ഥാനമായുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ നിന്നും ഇ.പി. ശ്രീകുമാറിന് മെറിറ്റ് സർട്ടിഫിക്കറ്റും മെഡലും ലഭിച്ചു.

സ്മൃതിയും സംഗീതവും മസ്തിഷ്‌കത്തിൽ വിലയനം പ്രാപിച്ചുണ്ടാകുന്ന സർഗ്ഗസാദ്ധ്യതകളെ അന്വേഷിക്കുകയാണ് ഈ നോവൽ. അതിലൂടെ മറവിയിലെ നിഗൂഢതകളെ കണ്ടെത്താനും വിസ്മൃതിയിലെ ശ്രുതിഭേദങ്ങളെ ശ്രവണസാദ്ധ്യമാക്കാനും ശ്രമിക്കുകയാണ്.

ഓർമ്മയും മറവിയും ഒളിച്ചുകളിക്കുന്ന ജീവന്മരണപോരാട്ടങ്ങൾക്കൊടുവിൽ വിസ്മൃതിയുടെ അധിനിവേശത്തിനു കീഴടങ്ങിപ്പോകുന്ന അനേകം മനുഷ്യരിൽ മറവി എങ്ങനെ തീക്ഷ്ണവും ഭീകരവുമായ ഒരു വ്യാധിയായി മാറുന്നു എന്ന് നോവൽ ചർച്ചചെയ്യുന്നു. അതേസമയം സംഗീതവും മറവിരോഗവും ഒരുമിച്ച് ശ്രുതിചേർക്കുമ്പോൾ ഉണ്ടാകുന്ന രസതന്ത്രം ആശ്ചര്യകരമായ സർഗ്ഗാത്മകതയാണ് സൃഷ്ടിക്കുന്നത്. ഓർമ്മയും സംഗീതവും പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ നോവലായിരിക്കും ഇത്.

ശ്രീകുമാറിന്റെ കഥകൾ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മാറാമുദ്ര എന്ന നോവൽ ‘അഴിയാമുതിരെ' എന്ന പേരിലും പരസ്യശരീരം എന്ന കഥാസമാഹാരം ‘വിളംബര ഉടൽ' എന്ന പേരിലും തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അവാർഡ്, കറന്റ് ബുക്‌സ് സുവർണ ജൂബിലി നോവൽ പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, പത്മരാജൻ പുരസ്‌കാരം, ടി.വി. കൊച്ചുബാവ കഥാ​പുരസ്‌കാരം, അയനം സി.വി. ശ്രീരാമൻ കഥാപുരസ്‌കാരം, ദുബായ് ഗലേറിയ ഗാലന്റ് അവാർഡ്, മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: എൻ. ജയശ്രീ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.