തിരുവനന്തപുരം: തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ ഈ വർഷത്തെ തോപ്പിൽ ഭാസി പുരസ്കാരം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് 33,333 രൂപ ക്യാഷ് അവാർഡും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കുന്നത്. അനുസ്മരണ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഏകാംഗ നാടക രചന മത്സരത്തിൽ തിരുവനന്തപുരം സ്വദേശി ഷാജി ഡൊമിനിക് പുതുവൽ വിജയിയായി. 5001 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും.
2025 ജനുവരി 8,9 തീയതികളിലായി ജോയന്റ് കൗൺസിൽ ഹാളിൽ നടക്കുന്ന തോപ്പിൽ ഭാസി ജന്മശതാബ്ദി സമാപന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മധുപാൽ തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തും. സിപി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയാകും. ഫൗണ്ടേഷൻ സെക്രട്ടറി ഡോ. വള്ളിക്കാവ് മോഹൻദാസ്, എക്സിക്യൂട്ടീവ് കമിറ്റി അംഗം അഡ്വ. എം.എ ഫ്രാൻസിസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.