കോഴിക്കോട്: ‘സന്തോഷമുണ്ട്, എട്ട് പതിറ്റാണ്ട് പിന്നിടുന്നു. പല കാലങ്ങൾ, പല മനുഷ്യർ, ഒരുപാട് അനുഭവങ്ങൾ... ഇതെല്ലാം നൽകിയ പാഠങ്ങൾ വളരെ വലുതാണ്. ഓർമ്മകളുണ്ട് എന്നത് വലിയ ഭാഗ്യം. ഇനിയും ഏറെ എഴുതാനുണ്ട്...’ എൺപതിന്റെ നിറവിലെത്തിയ കവി പി.പി. ശ്രീധരനുണ്ണിയുടെ വാക്കുകളാണിത്.
വായനയാണ് ജീവിതത്തിലെ വലിയ ഊർജം. ഒഴുക്കൻ മട്ടിലുള്ള വായന എനിക്കറിയില്ല. ആഴത്തിലുള്ള വായനയാണ് പഥ്യം. അതാണ് നാളിതുവരെ തുടർന്നത്. ഒരു പക്ഷെ, ഓർമ്മകളുടെ കൂട് നിലനിൽക്കുന്നത് അതുകൊണ്ടാകാമെന്നും കവി പറഞ്ഞു. എൺപതിലെത്തുന്ന എന്നത് സ്വകാര്യമായി വെച്ചിരുന്നു. പിന്നീടെങ്ങെനെയോ പുറത്തായി. പലരും വിളിക്കുന്നു. ആശംസകൾ നേരുന്നു. സ്നേഹിക്കപ്പെടുന്നുവെന്നതാണിന്നത്തെ സന്തോഷമെന്നും ശ്രീധരനുണ്ണി കൂട്ടിച്ചേർത്തു.
എഴുത്തുവഴിയിൽ തുടരുന്ന കവി നവമാധ്യമങ്ങളിലൂടെ പുതിയ കാലത്തെ അറിയുകയും അറിയിക്കുകയും ചെയ്യുന്നു. കവിതകൾ, സിനിമാഗാനങ്ങൾ, ലളിതഗാനങ്ങൾ, ബാലസാഹിത്യം, അങ്ങനെപോകുന്നു കവി മലയാളത്തിന്റെ ഹൃദയത്തിലിടം നേടിയ വഴികൾ. ഇന്നലെയായിരുന്നു പിറന്നാൾ. അധികമാരും അറിയാതെയുണ്ടായ ചെറിയ ആഘോഷത്തിൽ ഭാര്യ സതീദേവിയും മക്കളായ ശ്രീജിത്തും ശ്രീരമയും അടുത്തബന്ധുക്കളും മാത്രം സംബന്ധിച്ചു.
1944-ൽ കോഴിക്കോട് ജില്ലയിലെ പന്നിക്കോട്ടൂർ ഗ്രാമത്തിൽ ജനിച്ചു. കവിയെന്നനിലയിലും ഗാനരചയിതാവെന്ന നിലയിലും ശ്രദ്ധനേടി. കാവൽക്കാരന്റെ പാട്ട്, വഴി, കാറ്റ് വരുന്നു, ക്ഷണപത്രം, അടുപ്പ്, നനവ്, മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയത് തുടങ്ങിയവയാണ് കവിതാസമാഹാരങ്ങൾ. താലപ്പൊലി, ആറാട്ട്, ആകാശക്കുട, മഞ്ഞക്കിളികൾ തുടങ്ങിയ രചനകൾ കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ രസിപ്പിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർ ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ആകാശവാണിയിലെ 'ഗാന്ധിമാർഗം' എന്ന പരിപാടി ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇന്നും ആ പരിപാടി ഓർക്കുകയും ചർച്ചച്ചെയ്യുന്നവർ ഏറെയെന്ന് പറയുമ്പോൾ കവിയുടെ മുഖത്ത് ഗാന്ധിയൻ ചിരി. ശംഖുപുഷ്പം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നീ സിനിമകൾക്ക് അദ്ദേഹം എഴുതിയ പാട്ടുകൾ അക്കാലത്തെ ഏറ്റവും ജനപ്രിയഗാനങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.