മനുഷ്യ ജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടിയ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന് സാഹിത്യ നൊബേൽ

സോൾ: ഈ വർഷത്തെ സാഹിത്യ നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങ്ങിന്റേതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. 11 ലക്ഷം ഡോളറാണ് പുരസ്കാര തുക.

1970ൽ ദക്ഷിണ കൊറിയയിലെ ഗ്വാൻഞ്ജുവിലാണ് ഹാൻ കാങ് ജനിച്ചത്. സാഹിത്യ ബന്ധമുള്ള കുടുംബമായിരുന്നു അവരുടേത്. കാങ്ങിന്റെ പിതാവ് ഹാന്‍ സെങ് വോൺ അറിയപ്പെടുന്ന നോവലിസ്റ്റായിരുന്നു. 1993ൽ അഞ്ച് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഹാൻ സാഹിത്യലോകത്തേക്ക് കാലെടുത്തു വെച്ചത്. സോളിലെ വിന്റർ എന്നത് അതിലെ പ്രശസ്തമായ കവിതയായിരുന്നു.

തൊട്ടടുത്ത വർഷം തന്നെ നോവലും എഴുതി വിസ്മയിപ്പിച്ചു ഹാൻ. റെഡ് ആങ്കർ എന്ന പേരിലുള്ള നോവലിന് സോൾ ഷിൻമുൻ സ്പ്രിങ് ലിറ്റററി മത്സരത്തിൽ ഒന്നാംസ്ഥാനം നേടുകയും ചെയ്തു. 1995ൽ ആദ്യ കഥാസമാഹാരവും പുറത്തിറക്കി. ഫ്രൂട്സ് ഓഫ് മൈ വുമൺ, ഫയർ സലമാണ്ടർ എന്നീ കഥാസമാഹാരങ്ങളും ബ്ലാക് ഡീർ, യുവർ കോൾഡ് ഹാൻഡ്സ്, ദ വെജിറ്റേറിയൻ, ബ്രെത്ത് ഫൈറ്റിങ്, ഗ്രീക്ക് ലെസൺസ്, ഹ്യൂമൻ ആക്ട്സ്, ദ വൈറ്റ് ബുക്ക്, ഐ ഡു നോട്ട് ബിഡ് ഫെയർവെൽ എന്നീ നോവലുകളും ഐ പുട് ദ ഈവനിങ് ഇൻ ദി ​ഡ്രോവർ എന്ന കവിത സമാഹാരവും പുറത്തിറക്കി. 2016ൽ ദ വെജിറ്റേറിയൻ എന്ന ഗ്രന്ഥത്തിന് ഇന്റർനാഷനൽ ബുക്കൽ പ്രൈസ് പുരസ്കാരവും കാങ് സ്വന്തമാക്കി.

ഏറ്റവും പുതിയ നോവലായ ഐ ഡു നോട് ബിഡ് ഫെയർവെൽ 2024ലെ എമിലി ഗ്വിയ്മെറ്റ് പുരസ്കാരവും 2023ലെ മെഡിസിസ് പുരസ്കാരവും നേടി. സാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയായ ഹാന്‍ സംഗീതജ്ഞയും കലാകാരിയും കൂടിയാണ്.

Tags:    
News Summary - Nobel Prize In Literature Goes To South Korean Author Han Kang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.