അംബികാസുതൻ മാങ്ങാട് എഴുതിയ ``പ്രാണവായു'' എന്ന കഥാസമാഹാരത്തിന് ഒാടക്കുഴൽ അവാർഡ് ലഭിക്കുമ്പോൾ വായനക്കാരന്റെ ഉള്ളിൽ ആദ്യമുയരുന്നത്, ഏഴ് വർഷം മുൻപ് ഈ കഥ വായിച്ചിരുന്നപ്പോഴുള്ള ചോദ്യമാണ്. ഇങ്ങനെയൊരു കാലം ഉണ്ടാകുമോയെന്ന്. പ്രാണവായുവിന് വേണ്ടി നെട്ടോട്ടമോടിയ കോവിഡ് കാലം കഥാകാരൻ എത്രമാത്രം ദീർഘദർശിയാണെന്ന് പഠിപ്പിച്ചു. ഏഴ് വർഷം കഴിഞ്ഞു പ്രാണവായു എന്ന കഥ വായനക്കാരന് മുൻപിലെത്തിയിട്ട്, പ്രാണവായുകിട്ടാതെ മരിച്ചു വീഴുന്നവരെ നാം കൺനിറയെ കണ്ട കാലം കടന്നുപോയി. ഇപ്പോൾ, ഈ പ്രവചന സ്വഭാവമുള്ള ചെറുകഥയെ നാം നെഞ്ചോട് ചേർത്ത് പിടിക്കുന്നു.
കഥയിലിങ്ങനെ:
‘‘കുട്ടികൾ ഉറങ്ങിയോ?’’
‘‘ഊം’’
‘‘അച്ഛനുമമ്മയും?’’
‘‘കിടന്നു. പലതവണ അച്ഛനുമമ്മയും അന്വേഷിച്ചുകൊണ്ടിരുന്നു. വരുൺ വന്നോയെന്ന്’’.
ചോറിനു മുന്നിൽ െവറുതെയിരുന്ന് വരുൺ പറഞ്ഞു. ‘‘ഞാൻ കുറേ കണക്കുകൂട്ടി നോക്കി അനീഷാ. ഇന്നുരാത്രിയിൽ ഒരാൾ മരിച്ചേ ഒക്കൂ. എങ്കിൽ നാലഞ്ചു ദിവസം കൂടി പിടിച്ചുനിൽക്കാം. അതുകൊണ്ട്’’.
‘‘അതുകൊണ്ട്?’’
വാരിയ ചോറ് പ്ലേറ്റിൽ തന്നെയിട്ട് വരുൺ പരിഭ്രമം കാണിക്കാതെ പറഞ്ഞു. ‘‘പ്രായമായ രണ്ടുപേരുണ്ടിവിടെ. അച്ഛനും അമ്മയും. ഒരാളുടെ മാസ്ക് ഇപ്പോൾ നീ അഴിച്ചുമാറ്റണം’’.
അനീഷയുടെ കണ്ണു തുറിച്ചു.
‘‘ ആരുടെ..?’’
‘‘എനിക്കറിയില്ല. അതു നീ തീരുമാനിച്ചാൽ മതി’’.
(പ്രാണവായു)
കഥ വായിച്ചു കഴിഞ്ഞ വായനക്കാരൻ ഒരു വേള ഈ നിമിഷത്തെ ശപിച്ചുപോകും. അത്രമേൽ ഹൃദയസ്പർശിയാണീ ചെറുകഥ. കഥയെഴുതാനിടയായ സന്ദർഭത്തെ കുറിച്ച് കഥാകാരൻ പറയാനുള്ളതിങ്ങനെയാണ്. ഏഴു വർഷം മുൻപ്, ചങ്ങനാശേരി എൻഎസ്എസ് കോളജിൽ ‘പരിസ്ഥിതിയും സാഹിത്യവും’ എന്ന വിഷയത്തിൽ ചർച്ചയിൽ പങ്കെടുക്കാൻ പോയതായിരുന്നു. കാസർകോടൻ ഗ്രാമങ്ങളിൽ എൻഡോസൾഫാൻ വരുത്തിയ ദുരിതത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്. അക്കൂട്ടത്തിലാണ് ഓക്സിജൻ വിലകൊടുത്തുവാങ്ങേണ്ട ഗതികേടിൽ നാം എത്തുമെന്നു പറഞ്ഞുപോയത്. പത്തുവർഷത്തിനു ശേഷം സംഭവിക്കാൻ പോകുന്ന കാര്യത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്. കാരണം അന്ന് ഇന്ത്യയിൽ ഇങ്ങനെയൊരു കാര്യം ആരും ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ചൈനയിലൊക്കെ ഓക്സിജൻ പാർലർ ഉള്ള കാര്യം കേട്ടിരുന്നു.
എന്നാൽ പത്തുവർഷം കാത്തിരിക്കേണ്ടി വന്നില്ല. നാലുവർഷങ്ങൾക്കുശേഷം രാജ്യ തലസ്ഥാനത്ത് അതു സംഭവിച്ചു. ഓക്ജിസൻ ലഭിക്കാത്ത പ്രശ്നം ഡൽഹിയിൽ ജനം അനുഭവിച്ചുതുടങ്ങി. അപ്പോൾ തന്നെ ‘പ്രാണവായു’ എന്ന കഥ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും പ്രചരിക്കാൻ തുടങ്ങി. കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ലഭിക്കാതെ ആളുകൾ ആശുപത്രിക്കു മുന്നിലും വഴിയിലുമൊക്കെ മരിച്ചുവീഴുന്നതു വിറങ്ങലിച്ചുകൊണ്ടാണ് നാം കണ്ടത്.
``പേടിപ്പിക്കാൻ വേണ്ടി എഴുതിയതല്ല, ഒരു മുന്നറിയിപ്പു നൽകുകയായിരുന്നു. എൻഎസ്എസ് കോളജിലെ സംസാരത്തിനു ശേഷം വീട്ടിലെത്തിയപ്പോൾ ഉണ്ടായ അസ്വാസ്ഥ്യം വാക്കുകളിലേക്കു പകർത്തുകയായിരുന്നു''വെന്ന് അംബികാസുതൻ മാങ്ങാട് പറയുന്നു.
‘രണ്ടു മത്സ്യങ്ങൾ’ എന്ന കഥയെഴുതിയപ്പോഴും സമാനസാഹചര്യമാണ് കഥകാരനുണ്ടായത്. കുന്നുകൾ ഇല്ലാതാകുമ്പോൾ ആവാസ വ്യവസ്ഥ നഷ്ടമാകുന്ന ജീവികളുടെ വ്യഥ ഉള്ളുലയ്ക്കുന്ന അനുഭവം വായനക്കാരനു സമ്മാനിക്കുകയായിരുന്നു. മണ്ണുമാന്തിയന്ത്രം വന്ന് നമ്മുടെ കുന്നുകളെയെല്ലാം തുരന്നെടുത്ത് മനുഷ്യനൊഴികെയുള്ള ജീവികളെയൊക്കെ കൊന്നൊടുക്കുന്ന അവസ്ഥ. ഒടുവിൽ കാൽക്കീഴിലെ മണ്ണുമാന്തിക്കൊണ്ടുപോകുന്നത് പ്രളയകാലത്തു നാം കണ്ടു.
കാസർകോട് എൻഡോസൾഫാൻ ദുരന്തഭൂമിയിലെ ദുരിതജീവിതത്തെ പുറം ലോകം അറിയിക്കുന്നതിൽ ഈ എഴുത്തുകാരന്റെ പങ്ക് ചെറുതല്ല. ‘എൻമകജെ’ എന്ന നോവൽ മാത്രം മതി ആ ദുരിത ഭൂമിയിലെ ജീവിതത്തിെൻറ പൊള്ളിച്ച അറിയാൻ. കോവിഡ് കാലത്താണ് `പ്രാണവായു' ഏറ്റവുമധികം വായിക്കപ്പെട്ടത്. 2015-ല്‍ കഥയെ വികലഭാവനയെന്ന് വിമര്‍ശിച്ച ഒരു വായനക്കാരന്‍ മാപ്പുപറഞ്ഞ് ഫോണ്‍ ചെയ്ത അനുഭവം കഥാകാരനുണ്ട്. പ്രകൃതിയെ നിരന്തരം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ തോന്നുന്ന ഭയാശങ്കകളാണ് രചനകളാകുന്നത്. അങ്ങനെ വിലയിരുത്തുമ്പോൾ ഓരോ രചനയും മുന്നറിയിപ്പുകളാണ്. ഇതിനകം ഇംഗ്ലീഷിലും കന്നഡയിലും ഹിന്ദിയിലും പുറത്തിറങ്ങിയിട്ടുള്ള 'പ്രാണവായു' 16 കഥകളുടെ സമാഹാരമാണ്. സാഹിത്യവും പരിസ്ഥിതിയും ഒരുപോലെ കാണുന്ന ആളാണു കോളജ് അധ്യാപകനായിരുന്ന അംബികാസുതൻ മാങ്ങാട്.
പ്രകൃതി സംരക്ഷണത്തിെൻറ രാഷ്ട്രീയം ഏറെപ്പറഞ്ഞ കഥാകാരനാണ് അംബികാസുതൻ മാങ്ങാട്. ഒരു പക്ഷെ, ദൈവത്തിെൻറ സ്വന്തം നാടെന്ന് വിശേഷിപ്പിച്ച കേരളം പോലും കാലാവസ്ഥാവ്യതിയാനത്തിന്റെ പിടിയിൽ അമരുമ്പോൾ, ഈ കഥകൾ നമ്മെ ഉണർത്തുക മാത്രമല്ല, ഇതാ, ദുരന്തം വിളിപ്പാടകലെയാണെന്ന് ബോധ്യപ്പെടുത്തുകയാണ്. കവികൾ ക്രാന്തദർശികളെന്ന വിശേഷണം ഈ കഥാകാരൻ തെന്റ പേരിനൊപ്പം ചേർക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.