കുട്ടിക്കാലത്ത് മുത്തശ്ശിയുടെ വലിയ റോള്‍സ് റോയ്‌സ് കാറില്‍ സ്‌കൂളില്‍ പോയിരുന്നത് തനിക്കും സഹോദരനും വലിയ നാണക്കേടായിരുന്നുവെന്ന് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച രത്തന്‍ ടാറ്റയുടെ ഓര്‍മ്മക്കുറിപ്പായ ദി സ്റ്റോറി ഓഫ് ടാറ്റയിലാണ് കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങൾ ടാറ്റ പങ്കുവെക്കുന്നത്.
മുംബൈയിലെ പ്രധാന സ്റ്റേഡിയമായിരുന്ന കൂപ്പറേജ് ഗ്രൗണ്ടിനു സമീപത്തുള്ള കാംപിയന്‍ സ്‌കൂളിലാണ് തന്നെയും സഹോദരനെയും മുത്തശ്ശി ചേര്‍ത്തിരുന്നത്. സ്‌കൂളിനടുത്ത് വലിയ സ്റ്റേഡിയം ഉണ്ടായിട്ടും തനിക്ക് സ്‌പോര്‍ട്സില്‍ ചെറിയൊരു താല്‍പര്യം പോലുമുണ്ടായിരുന്നില്ല.
'സ്‌കൂളില്‍ നിന്ന് എന്നെയും സഹോദരനേയും കൊണ്ടു വരാനായി മുത്തശ്ശി ആ വലിയ പഴഞ്ചന്‍ റോള്‍സ് റോയ്‌സ് കാര്‍ അയക്കും. ഞങ്ങൾ രണ്ടുപേരും പക്ഷെ നടന്നാണ് പോകാറുള്ളത്. കാരണം ആ റോള്‍സ് റോയ്‌സ് യാത്ര വലിയ നാണക്കേടായിട്ടാണ് അനുഭവപ്പെട്ടത്. പിന്നീട് റോള്‍സ് റോയ്‌സ് ഡ്രൈവറുമായി സംസാരിച്ച് കാര്‍ സ്‌കൂളില്‍ നിന്ന് അല്‍പ്പം അകലെയായി നിര്‍ത്താനുള്ള ക്രമീകരണമുണ്ടാക്കിയതായും ടാറ്റ ഓര്‍മിക്കുന്നു.
മിക്ക കുട്ടികളെയും പോലും തനിക്കും പഠനത്തില്‍ വലിയ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ലെന്ന് ടാറ്റ പറയുന്നു. ആ ദിവസങ്ങളില്‍ ജീവിതം വളരെ ബുദ്ധിമുട്ടായി തോന്നിയിരുന്നുവെന്നാണ് ടാറ്റ പറയുന്നത്. സ്കൂള്‍, കോളേജ്, ഹര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍...എന്നിവിടങ്ങളിലെ ജീവിതം അന്ന് വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞതായി തോന്നിയിരുന്നെങ്കിലും അവിടെ നിന്നും പുറത്തിറങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അക്കാലം മനോഹരവും അമൂല്യവുമാണെന്ന് തോന്നിയെന്നും ടാറ്റ ഓര്‍മക്കുറിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.