ശ്രീകുമാരൻ തമ്പി

തിരുവനന്തപുരത്തെ മൂന്ന് സ്ഥാനാർഥികൾക്കും തന്‍റെ വോട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി; ശതാഭിഷേക വേളയിൽ ആശംസ നേരാനെത്തിയ സ്ഥാനാർഥികളോടായിരുന്നു പ്രതികരണം

തിരുവനന്തപുരം: ശതാഭിഷേക ആഘോഷവേളയിൽ ആശംസകൾ നേരാൻ അപ്രതീക്ഷിതമായി ശ്രീചിത്ര പുവർഹോമിലെത്തിയ സ്ഥാനാർഥികളായ ഡോ. ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ, രാജീവ് ചന്ദ്രശേഖർ എന്നിവരോട് ശ്രീകുമാരൻ തമ്പി സ്വരം ഒന്നു ‘കടുപ്പിച്ചു’. ‘തിരുവനന്തപുരത്തിന്‍റെ മൂന്ന് സ്ഥാനാർഥികൾക്കും എന്‍റെ വോട്ടില്ല’. അദ്ദേഹത്തിന്‍റെ വാക്കുകൾ കേട്ട് സ്ഥാനാർഥികളും സദസ്സും ഒന്ന് ഞെട്ടി. പക്ഷേ, ഞെട്ടൽ ചിരിയിലേക്ക് മാറാൻ മിനിറ്റുകൾ വേണ്ടിവന്നില്ല. ‘എന്‍റെ വോട്ട് ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിലാണ്.

തിരുവനന്തപുരത്തിന്‍റെ നഗരഹൃദയമായ പേയാടാണ് ഞാൻ താമസിക്കുന്നത്. പക്ഷേ, അതെങ്ങനെ ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിലായി എന്നത് എനിക്ക് ആലോചിച്ചിട്ട് മനസിലാകുന്നില്ല. ഓരോ സർക്കാർ വരുമ്പോഴും അവരുടെ സൗകര്യത്തിന് മണ്ഡലങ്ങൾ മാറ്റുകയാണ്. കൂടുതൽ വോട്ട് കിട്ടാൻ വേണ്ടി യു.ഡി.എഫിന്‍റെയും എൽ.ഡി.എഫിന്‍റെയും കളികളാണ് ഇതെല്ലാം’ -അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ജന്മദിനചടങ്ങിൽ ശ്രീചിത്ര പുവർഹോമിലെ അന്തേവാസികൾക്കും ആരാധകർക്കും സുഹൃത്തുകൾക്കുമൊപ്പം ശ്രീകുമാരൻ തമ്പി 84ാം പിറന്നാൾ സദ്യ ഉണ്ടു. ‘എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം മകനായിരുന്നു. അവൻ പോയതോടെ ആഘോഷങ്ങളും വിട്ടുപോയി. ജന്മദിനമോ പുരസ്കാരങ്ങളോ അതിന് ശേഷം ഞാൻ ആഘോഷിച്ചിട്ടില്ല.

കടമ ചെയ്യാൻ വേദിയിൽപോയി നിൽക്കുന്നുവെന്ന് മാത്രം. ഈ ദിവസം തങ്ങളുടെ അവകാശമാണെന്ന് പറഞ്ഞ് സുഹൃത്തുകൾ സമീപിച്ചതു കൊണ്ടുമാത്രമാണ് ഇത്തരമൊരു ചടങ്ങിന് തയാറായത്. അപ്പോഴും അവർക്ക് മുന്നിൽ ഒരു നിബദ്ധനവെച്ചു, ആർഭാടങ്ങൾ പാടില്ല. ഏതെങ്കിലും അനാഥാലയത്തിൽ മതി, അങ്ങനെയാണ് ശ്രീചിത്ര പുവർ ഹോമിലെത്തിയത്’ -മലയാളത്തിന്‍റെ ഹൃദയകവി പറഞ്ഞു. പരിപാടികൾ മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പ്രസിഡന്റ്‌ ജയശേഖരൻ നായർ അധ്യക്ഷത വഹിച്ചു.

പുവർ ഹോമിലെ വിദ്യാർഥിനികളായ മായ, ആദിത്യ എന്നിവർക്കുള്ള നിംസ്‌ വിദ്യാഭ്യാസ സ്​കോളർഷിപ് ഐ.എസ്‌.ആർ.ഒ ചെയർമാൻ ഡോ. എസ്‌. സോമനാഥ്‌ വിതരണം ചെയ്തു. ജ്യോതിസ്‌ സെൻട്രൽ സ്കൂളിന്‍റെ നേതൃത്വത്തിൽ ഹോമിലെ കുട്ടികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. ശ്രീകുമാരൻ തമ്പിക്കൊപ്പം പിറന്നാൾ സദ്യ കഴിച്ചാണ്‌ അതിഥികളും മടങ്ങിയത്‌.

തിരുവനന്തപുരം പാർലമെന്‍റ് സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രൻ, ശശി തരൂർ, രാജീവ്‌ ചന്ദ്രശേഖർ, മുൻ സ്പീക്കർ എം. വിജയകുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്‌, നിർമാതാവ്‌ ജി. സുരേഷ്‌കുമാർ, ദിനേഷ്‌ പണിക്കർ, കല്ലിയൂർ ശശി, ജ്യോതിസ് ചന്ദ്രൻ, അഡ്വ. വിജയാലയം മധു എന്നിവരും പങ്കെടുത്തു. ഫൗണ്ടേഷൻ സെക്രട്ടറി സി. ശിവൻകുട്ടി സ്വാഗതവും കണ്ണൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - sreekumaran thampi satabhishekam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT