കോഴിക്കോട്: ഐ.എൻ.എൽ സ്ഥാപകനേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ പേരിലുള്ള ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജോൺ ബ്രിട്ടാസ് എം.പിക്കും മജീഷ്യൻ ഗോപിനാഥ് മുതുകാടിനുമാണ് പുരസ്കാരങ്ങളെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
50,001 രൂപ വീതം കാഷ് അവാർഡും ഫലകവുമാണ് പുരസ്കാരം. ഐ.എൻ.എൽ പ്രവാസിഘടകമായ യു.എ.ഇ, സൗദി ഐ.എം.സി.സിയാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. അഡ്വ. സെബാസ്റ്റ്യൻ പോൾ, കെ.പി. രാമനുണ്ണി, കാസിം ഇരിക്കൂർ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്.
മുപ്പത് വർഷത്തെ മാധ്യമപ്രവർത്തന മികവും പാർലമെൻറിലെ മികച്ച പ്രകടനവും വിലയിരുത്തിയാണ് ജോൺ ബ്രിട്ടാസിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
നാലരപ്പതിറ്റാണ്ട് നിറഞ്ഞുനിന്ന മാജിക് ജീവിതത്തിൽനിന്ന് വിടപറഞ്ഞ്, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളർച്ച ലക്ഷ്യമിട്ട് വ്യത്യസ്തവും സാഹസികവുമായ സംരംഭം ഏറ്റെടുത്തതിനാണ് ഗോപിനാഥ് മുതുകാടിനെ തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ ഐ.എം.സി.സി സൗദി പ്രസിഡൻറ് സഈദ് കള്ളിയത്തും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.