കൽപറ്റ: കേരളത്തിലെ സാഹിത്യോത്സവങ്ങളുടെ ഭൂപടത്തിലേക്ക് പുതിയൊരു ലിറ്ററേച്ചർ ഫെസ്റ്റ് കൂടി ഇടം നേടുന്നു. പ്രഥമ വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് (ഡബ്ല്യു.എൽ.എഫ്) ഡിസംബർ 29, 30 തീയതികളിൽ മാനന്തവാടി ദ്വാരകയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലോക സാഹിത്യവും ഇന്ത്യൻ സാഹിത്യവും മലയാളവുമെല്ലാം ചർച്ചചെയ്യുന്ന രണ്ടു ദിനങ്ങൾക്കാണ് വയനാട് സാക്ഷ്യം വഹിക്കുക. പരിപാടിയുടെ ലോഗോ പത്രപ്രവർത്തകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ് ക്യുറേറ്റർമാരായ ഡോ. ജോസഫ് കെ. ജോബ്, വി.എച്ച്. നിഷാദ് എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു.
അരുന്ധതി റോയ്, സഞ്ജയ് കാക്, സച്ചിദാനന്ദൻ, സക്കറിയ, സുനിൽ പി ഇളയിടം, സണ്ണി കപിക്കാട്, പി.കെ. പാറക്കടവ്, ഒ.കെ. ജോണി, കെ.ജെ. ബേബി, കൽപറ്റ നാരായണൻ, ഷീല ടോമി, റഫീക്ക് അഹമ്മദ്, മധുപാൽ, അബു സലിം, ജോസി ജോസഫ്, ദേവ പ്രകാശ്, ജോയ് വാഴയിൽ, സുകുമാരൻ ചാലിഗദ്ദ, ലീന ഒളപ്പമണ്ണ, നവാസ് മന്നൻ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. സംവാദങ്ങൾ, കഥയരങ്ങ്, പ്രഭാഷണങ്ങൾ, അഭിമുഖങ്ങൾ, കവിയരങ്ങ്, ഗ്രാമീണ കലാരൂപങ്ങൾ, സാഹിത്യ കഥാപാത്രങ്ങളുടെ വിസ്മയത്തെരുവ്, ശിൽപശാലകൾ, ചിത്രവേദികൾ, സ്റ്റുഡന്റ് ബിനാലെ, പുസ്തകത്തെരുവ്, സംഗീതം, മാജിക്, ഹെറിറ്റേജ് വാക്ക് എന്നിവ ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷകണങ്ങളായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ വിനോദ് കെ. ജോസ്, ജോസഫ് കെ. ജോബ്, വി.എച്ച്. നിഷാദ്, ബാബു ഫിലിപ്പ് എന്നിവർ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.