കവളപ്പാറ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് ‘ആശ്രയ’ എന്ന പേരിൽ ഒരുസംഘം പ്രവർത്തിക്കുന്നുണ്ട്. ദുരന്തം നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് രൂപം കൊണ്ടതാണ് ‘ആശ്രയ’
മറ്റൊരു ഓണക്കാലംകൂടി വന്നെത്തിയിരിക്കുന്നു. ചാലിയാറിന്റെ തീരം പക്ഷേ ഇനിയും കണ്ണീരിന്റെ നനവിൽനിന്ന് പൂർണമായും കരകയറിയിട്ടില്ല. മുണ്ടക്കൈയുടെ വിരിമാറിൽനിന്ന് കുത്തിയൊലിച്ചുവന്ന മണ്ണിനും പാറക്കുമൊപ്പം ചാലിയാർ കണ്ടത് ചേതനയറ്റ നിരവധി ശരീരങ്ങളാണ്. 2019ലും ഒരു ഓണക്കാലത്താണ് ഉരുൾദുരന്തം ചാലിയാറിന്റെ തീരത്തെ ഞെട്ടിച്ചത്. അന്ന് കവളപ്പാറയിൽ മൺമറഞ്ഞത് അമ്പതിലധികംപേർ. പക്ഷേ, എന്നും ഈ നാട് അതിജീവനത്തിന്റെ പുതു ചരിത്രം എഴുതാറുണ്ട്. ഇത്തവണയും ഓണക്കാലത്ത് അതിജീവനത്തിന്റെ പുത്തനധ്യായങ്ങളെഴുതുകയാണ് ഇവിടത്തുകാർ.
‘ഇനി ഒരു ദുരന്തമുണ്ടായാൽ ഒരു മനുഷ്യജീവനെപോലും വിട്ടുകൊടുക്കാൻ ഞങ്ങൾ സമ്മതിക്കില്ല, എന്തുവിലകൊടുത്തും നേരിടും’ 2019 ആഗസ്റ്റ് എട്ടിനുണ്ടായ ദുരന്തശേഷം കവളപ്പാറക്കാർ എടുത്ത തീരുമാനമാണിത്. വർഷങ്ങൾക്കിപ്പുറം ഈ ഓണക്കാലത്തും അവർ പറയുന്നത് ഇതാണ്. കവളപ്പാറ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് ‘ആശ്രയ’ എന്നപേരിൽ ഒരുസംഘം പ്രവർത്തിക്കുന്നുണ്ട്. ദുരന്തം നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് രൂപം കൊണ്ടതാണ് ‘ആശ്രയ’.
ഉൾക്കൊള്ളാൻ കഴിയാവുന്നതിലധികം പെയ്ത മഴയിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് അന്ന് കവളപ്പാറ മുത്തപ്പൻകുന്ന് ഇടിഞ്ഞ് 59 പേർ മരണപ്പെട്ടത്. മൂന്ന് ഭാഗത്തേക്കാണ് മുത്തപ്പൻകുന്ന് ചതറിപ്പതിച്ചത്. ഇതിനിടയിൽ തുരുത്തുപോലെ രൂപം കൊണ്ടിടത്ത് അമ്പതിലധികം പേർ കുടുങ്ങിക്കിടന്നു. രക്ഷിച്ചെടുക്കാൻ സൗകര്യങ്ങളില്ലായിരുന്നു. മണിക്കൂറുകൾ എടുത്താണ് ഇവരെ പുറംലോകത്ത് എത്തിച്ചത്. വൈദ്യുതി ബന്ധവും മൊബൈൽ റേഞ്ചും നഷ്ടപ്പെട്ടതിനാൽ പുറംലോകത്ത് ഈ വാർത്തയറിയാൻ 12 മണിക്കൂറെടുത്തു.
വെളിച്ചം സജ്ജീകരിച്ച ഡ്രോണും വയർലെസ് സെറ്റുകളും മൂന്ന് ജീപ്പുകളും മറ്റ് രക്ഷാപ്രവർത്തന ഉപകരണങ്ങളുമടക്കം എല്ലാം സജ്ജമാണ് ഇന്ന് ആശ്രയക്ക്. ഓരോ കിലോമീറ്റർ അകലങ്ങളിലുള്ളവർക്കും ഒരു വയർലെസ് സെറ്റ് നൽകും. തോടുകളിലോ പുഴകളിലോ വെള്ളം കയറുകയോ മണ്ണിടിച്ചിലോ മറ്റോ ഉണ്ടായാൽ ഇക്കാര്യം വയർലെസ് വഴി അറിയിക്കും. ഇതുമൂലം എത്രയുംവേഗം ആളുകളെ മാറ്റിപ്പാർപ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കാനാകുന്നു.
എല്ലാവർഷവും ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ ആശ്രയക്കാർ കൂടുതൽ ജാഗരൂകരാണ്. ഈ ദിവസങ്ങളിൽ ഇവർ മറ്റു ജോലികളെല്ലാം മാറ്റിവെക്കും. എന്തെങ്കിലും അത്യാവശ്യം വന്നാൽ എല്ലാം ഉടനടി സെറ്റ്. പോത്തുകല്ല് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ദിലീപാണ് ആശ്രയയുടെ പ്രസിഡന്റ്. ഡ്രോൺ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം നിയന്ത്രിക്കുന്ന രാജേഷാണ് സെക്രട്ടറി. നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയിലാണ് ആശ്രയ ഇന്ന് മുമ്പോട്ടുപോകുന്നത്.
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ സമയത്തുതന്നെ ചാലിയാറിന്റെ തീരത്തുനിന്ന് ആളുകളെ മാറ്റിത്താമസിപ്പിക്കാൻ കഴിഞ്ഞത് ഇത്തരം സംഘങ്ങളുടെ ഇടപെടൽമൂലമാണ്. മുണ്ടേരി ഫാം മുതലുള്ള കൊടും വനപ്രദേശത്തേക്ക് മൊബൈൽ റേഞ്ച് ഇല്ല. ഇവിടങ്ങളിൽ സർക്കാർ സംവിധാനങ്ങൾ എത്തും മുമ്പേ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കഴിഞ്ഞു. വയർലെസ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ആദിവാസികൾ താമസിക്കുന്ന ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറവരെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായത്. രക്ഷാപ്രവർത്തന വിവരങ്ങൾ വയർലെസ് ഉപയോഗിച്ചാണ് നൽകിയിരുന്നത്. കണ്ടെടുത്ത മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് വാഹന സൗകര്യമുള്ളിടത്തേക്ക് എത്തിക്കാനും ഇതുമൂലം കഴിഞ്ഞു.
ഓരോ നാടിന്റെയും പ്രകൃതിയുടെ സ്വഭാവമനുസരിച്ച് രൂപപ്പെടുത്തേണ്ടതാണ് രക്ഷാപ്രവർത്തന സംവിധാനങ്ങളെന്ന് ആശ്രയ മോഡൽ നമുക്ക് കാണിച്ചുതരുന്നു. പോത്തുകല്ല് മേഖലയിലെ ‘റെഡ് അലർട്ട്’, ‘മഴക്കെടുതി’ തുടങ്ങിയവയെല്ലാം കവളപ്പാറ ദുരന്തം നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് രൂപം കൊണ്ട വാട്സ്ആപ് ഗ്രൂപ്പുകളാണ്. വയനാട് മുതൽ ചാലിയാർ ഒഴുകുന്ന പഞ്ചായത്തുലുള്ളവരെ കൂട്ടിച്ചേർത്തുള്ളതാണ് റെഡ് അലർട്ട്. ഈ ഗ്രൂപ്പുകളിലൂടെയുള്ള മഴമുന്നറിയിപ്പുകൾ പ്രദേശത്തുകാർക്ക് വളരെയധികം ഉപകാരപ്പെടുന്നുണ്ട്.
പ്രാദേശികമായി മഴയെ അളന്ന് ആളുകളെ ബോധവത്കരിച്ച് കൊണ്ട് മാതൃക സൃഷ്ടിക്കുകയാണ് മലപ്പുറം ജില്ലയിലെ ‘റെയിൻ ട്രോക്കേഴ്സ്’ കൂട്ടായ്മ. കേരളത്തിൽ ഇനി കാലാവസ്ഥാ വകുപ്പിനെ മാത്രം ആശ്രയിച്ച് മുമ്പോട്ട് പോകാനാവില്ല. പകരം പ്രാദേശികമായി മഴയെ അളക്കാനും വിശകലനം ചെയ്ത് മുന്നറിയിപ്പ് നൽകാനും സാധിക്കണം. ഈ ആശയമാണ് ഇന്ന് റെയിൻ ട്രാക്കേഴ്സ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഓരോ പ്രദേശത്തും പെയ്യുന്ന മഴയുടെ അളവ് അവിടങ്ങളിൽ സ്ഥാപിച്ച മഴ മാപിനികളിലൂടെ (റെയിൻ ഗേജുകൾ) ശേഖരിച്ച് മൊബൈൽ ആപ് വഴി, ജി.ഐ.എസ് സങ്കേതങ്ങൾ ഉപയോഗിച്ച് മാപ്പ് ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രതിദിന മാപ്പിങ്ങിലൂടെ ഓരോ സമയത്തും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭ്യമാകും. അതിനനുസരിച്ചുള്ള മുന്നറിയിപ്പുകൾ അധികൃതർക്ക് നൽകുകയാണ് റെയിൽ ട്രാക്കേഴ്സ്.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ഉരുൾപൊട്ടൽ ഭീഷണിയുള്ള വിവിധ മലയോരങ്ങളിൽ 13 മഴമാപിനികളും ജില്ലയിൽ മൊത്തം പുതുതായി 30 മഴമാപിനികളും ഇതിനകം സ്ഥാപിച്ചു. ‘ഹർ പർവ്വത് മേം റെയിൻ ഗേജ്’ എന്ന കാമ്പയിൻ വഴി നിലമ്പൂരിലെ വിവിധ മലയോരങ്ങളിൽ മഴമാപിനികൾ സ്ഥാപിച്ചു. ജില്ലയിൽ മൊത്തം പുതുതായി 25ഓളം മഴമാപിനികളും സ്ഥാപിച്ചാണ് റെയിൻ ട്രാക്കേഴ്സ് ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. നാലു വർഷത്തിനുള്ളിൽ റെയിൻ ട്രാക്കേഴ്സ് നിരവധി മഴമാപിനികൾ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചു.
പി.എം. സുർജിത്, കൃഷ്ണപ്രകാശ്, സി.എസ്. ശരത് കുമാർ, പി. ശരത്, രാജേന്ദ്രൻ, സൂരജ് ചാത്തല്ലൂർ, ഷെഫീഖ് മരുത, സൂരജ് പാലേമാട്, ബോബി ജോർജ് എന്നിവരാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. 2019ൽ നിലമ്പൂരിനെ മുക്കിക്കളഞ്ഞ പ്രളയത്തിൽനിന്നാണ് ഈ ആശയം രൂപപ്പെടുന്നത്. മഴയുടെ തോത് കൃത്യമായി നിലമ്പൂരിലെ ഉൾപ്രദേശങ്ങളിലുള്ളവർക്ക് അറിയാൻ കഴിയുന്നില്ലെന്ന് ഇവർ തിരിച്ചറിഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴമാപിനികളൊന്നും ഇത്തരം പ്രദേശങ്ങളിലില്ല എന്നതിനാൽതന്നെ ജനകീയ പങ്കാളിത്തത്തോടെ മഴമാപിനികൾ സ്ഥാപിക്കാൻ തയാറെടുത്തു.
ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ മുണ്ടക്കൈയിലെ ആയിരങ്ങളുടെ വിധിയാണ് മാറിമറിഞ്ഞത്. ഉറങ്ങിക്കിടന്ന മനുഷ്യക്കൂട്ടങ്ങൾ ഒന്നാകെ പാറക്കെട്ടുകൾക്കിടയിലൂടെ മലവെള്ളത്തിനൊപ്പം ഒഴുകി പലയിടത്തായി കരക്കടിഞ്ഞു. ഒട്ടേറെ പേർ മണ്ണിൽ ആണ്ടുപോയി, ശേഷിച്ചത് ഉറ്റവർ നഷ്ടപ്പെട്ട, ഉടയവരെ തിരയുന്ന, അന്നണിഞ്ഞ ഉടുതുണിയൊഴികെ ബാക്കിയെല്ലാം നഷ്ടപ്പെട്ട ആയിരങ്ങൾ. എന്നാൽ, വിവരമറിഞ്ഞ ഓരോരുത്തരും രക്ഷാപ്രവർത്തനത്തിനായി വയനാട്ടിലേക്കും മലപ്പുറം ജില്ലയിലെ ചാലിയാറിന്റെ തീരത്തേക്കും കുതിച്ചു. തങ്ങളാൽ കഴിയുംവിധം അവർ ആത്മാർഥമായി പ്രവർത്തിച്ചു, അതുകൊണ്ടുമാത്രമാണ് വയനാട് ദുരന്തത്തെ ഇത്രയെങ്കിലും നേരിടാൻ നമുക്കായത്.
ചാലിയാറിലൂടെ ഒഴുകിയെത്തിയ ഭൂരിഭാഗം മൃതദേഹങ്ങളും പൂർണമല്ലായിരുന്നു. ഏറ്റവും അപകടം നിറഞ്ഞ ഭാഗത്തൂടെയായിരുന്നു ചാലിയാറിലെ രക്ഷാപ്രവർത്തനം. മുണ്ടേരി ഫാം മുതലുള്ള വനപ്രദേശത്തുകൂടി രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. കാട്ടിലൂടെ വേണം നടക്കാൻ. മൊബൈൽ റേഞ്ചുപോലുമില്ലാതെ, ആനയും പുലിയും കരടിയുമടക്കമുള്ള മൃഗങ്ങൾ ധാരാളമുള്ള ഇവിടങ്ങളിലൂടെയായിരുന്നു രക്ഷാപ്രവർത്തനം. വന്നടിഞ്ഞ കൂറ്റൻ മരങ്ങൾക്കിടയിൽനിന്നും പാറക്കെട്ടുകൾക്കിടയിൽനിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാൻ മണിക്കൂറുകളെടുത്തു.
പിന്നീട് വടിയിൽ തുണികെട്ടി അതിൽ കിലോമീറ്ററുകളോളം ചുമന്നായിരുന്നു മൃതദേഹങ്ങൾ പുറംലോകത്തെത്തിച്ചത്. തലപ്പാലിമുതൽ ഇരുട്ടുകുത്തിവരെ ട്രാക്ടറിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. പിന്നീട് ആംബുലൻസിൽ പോത്തുകല്ല് പൊലീസ് സ്റ്റേഷനിലേക്ക് മൃതദേഹങ്ങൾ എത്തിച്ചു. മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടിക്ക് പൊലീസിനെ സഹായിച്ചത് ഫ്രണ്ട്സ് ക്ലബ് പ്രവർത്തകരാണ്. പിന്നീട് മൃതദേഹങ്ങൾ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടുന്ന സംഘമായിരുന്നു ഡി.എൻ.എ അടക്കമുള്ള കാര്യങ്ങൾക്കും മൃതദേഹങ്ങൾ വൃത്തിയാക്കലിനും ഉണ്ടായിരുന്നത്. ഏത് ദുരന്തഭൂമിയിലും ഒത്തൊരുമിച്ചുനിന്ന് അതിജീവനത്തിന്റെ ഗാഥകൾ രചിക്കുന്ന ഇവരുടേതുകൂടിയാണ് ഈ തിരുവോണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.