സ്നേഹസ്പർശം കഫറ്റീരിയയിൽ നിന്നുള്ള കാഴ്‌ചകൾ

പ്രത്യാശയുടെ സ്നേഹസ്പർശം

പച്ചയും നീലയും നിറമുള്ള കുപ്പായം ധരിച്ച കൂട്ടുകാർ ഭക്ഷണമൊരുക്കിയും വിളമ്പിക്കൊടുത്തും പുതിയൊരു ലോകത്തിന്റെ വാതിലുകൾ തുറക്കുകയാണ് സ്നേഹസ്പർശത്തിലൂടെ

നിഷ്കളങ്കതയിൽ അവർ സ്നേഹത്തിന്റെ മധുരം പകർന്നു. ഹൃദ്യമായൊരു നിറപുഞ്ചിരി സമ്മാനിച്ച് അവർ വിളമ്പിയ വിഭവത്തെ നമുക്ക് ‘സ്നേഹസ്പർശ’മെന്ന് വിശേഷിപ്പിക്കാം. തല ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ അവർ തൊഴിലിൽ വ്യാപൃതരാകുകയാണ്. വർണങ്ങൾ നിറച്ച അവരുടെ കരവിരുതുകൾ കഫറ്റേരിയിലെ ചുവരുകൾക്ക് കൂടുതൽ മനോഹാരിതയേകുന്നു.

പച്ചയും നീലയും നിറമുള്ള കുപ്പായം ധരിച്ച കൂട്ടുകാർ ഭക്ഷണമൊരുക്കിയും വിളമ്പിക്കൊടുത്തും പുതിയൊരു ലോകത്തിന്റെ വാതിലുകൾ തുറക്കുകയാണ്. എറണാകുളം ചെമ്പുമുക്കിൽ പ്രവർത്തിക്കുന്ന സ്നേഹനിലയം സ്പെഷ്യൽ സ്കൂളിലേയും തൊഴിലധിഷ്ടിത പരിശീലന കേന്ദ്രത്തിലെയും ഭിന്നശേഷിക്കാരായ വിദ്യാർഥികൾ നടത്തുന്ന സ്നേഹസ്പർശം കഫേറ്റേരിയിയൽ നിന്നുമുള്ളതാണ് ഈ കാഴ്ചകൾ.

അവരുടെ അർപണബോധത്തോടെയുള്ള പ്രവർത്തനങ്ങൾ ഇതിനോടകം സ്ഥാപനത്തെ മികവുറ്റതാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 12നാണ് സ്നേഹനിലയത്തിന് കീഴിൽ സ്നേഹസ്പർശം കഫറ്റേരിയ ആരംഭിച്ചത്. ഭക്ഷണം പാകം ചെയ്യുന്നതിനും കഫറ്റേരിയ നിയന്ത്രിക്കുന്നതിനും ഭിന്നശേഷിക്കാരായ വിദ്യാർഥികളെ തന്നെ അധികൃതർ നിയോഗിച്ചു.

ഏൽപിക്കുന്ന ജോലികൾ കൃത്യതയോടെ നിർവഹിച്ച് കർമനിരതരായതോടെ സ്നേഹസ്പർശം വലിയ ഹിറ്റായി. ഉപഭോക്താക്കളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചുമതല വഹിക്കുന്ന സിസ്റ്റർ ടിൻസി പറഞ്ഞു. വിവിധ പ്രായത്തിലുള്ള ഭിന്നശേഷിക്കാർക്ക് മറ്റ് ജോലികൾക്കുള്ള സാധ്യതകൾ വിരളമാകുമ്പോൾ അവരെ കൈപിടിച്ചുയർത്തുകയെന്ന ദൗത്യമാണ് ഇവിടെ നിർവഹിക്കപ്പെടുന്നത്.

സിബി, നദാഷ്, സതീഷ്, ഷിനു, റിഷി, ജോമി, അൻവി, അങ്കിത എന്നിവർക്കാണ് അടുക്കളയുടെയും കഫറ്റേരിയയുടെയും നിയന്ത്രണ ചുമതല. മേൽനോട്ടത്തിനുള്ള ജീവനക്കാരുടെ സഹായത്തോടെ അവർ സ്ഥാപനം നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകുകയാണ്.


ഹോം സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പലഹാരങ്ങളും ചായയും സോഫ്റ്റ് ഡ്രിങ്ക്സുമൊക്കെ തയാറാക്കി കഫറ്റേരിയയിലെത്തിച്ച് ഉപഭോക്താക്കൾക്ക് വിളമ്പുന്നത് വരെയുള്ള ജോലികളാണ് ഇവിടെ ഇവർ നിർവഹിക്കുന്നത്.

വരൂ, നമുക്കൊരു ചായ കുടിക്കാം

രാവിലെ പത്ത് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് ഇവിടുത്തെ പ്രവർത്തന സമയം. രണ്ട് ഷിഫ്റ്റുകളിലായി വിദ്യാർഥികൾ ഇവിടെ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നു. ഉപഭോക്താക്കളെത്തിയാൽ അവരിൽ നിന്ന് ഓർഡറുകൾ സ്വീകരിച്ച്, ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ എത്തിച്ച് കൊടുക്കുന്നത് വരെയുള്ള ജോലികൾ അവർ കൃത്യമായി ചെയ്യും. ചായയും പലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും ഉൾപ്പെടുന്ന ഇവിടുത്തെ മെനു സമൃദ്ധമാണ്.

സാൻഡ്വിച്ച്, ബജ്ജി, പഴംപൊരി, പത്തിരി, ഉള്ളിവട, നാരങ്ങ, ഓറഞ്ച്, സ്ട്രോബെറി, ബ്ലൂബെറി, പൈനാപ്പിൾ തുടങ്ങിയ രുചികളിലുള്ള സോഡകളും മോജിറ്റോകളും വ്യത്യസ്ത തരം ഐസ്ക്രീമുകളും മധുരപലഹാരങ്ങളും ഉപഭോക്താക്കൾക്ക് ആസ്വദിക്കാം.

തൊഴിൽ രംഗത്തേക്ക് കൈപിടിച്ചുയർത്തുക, പൊതുജനങ്ങളുമായി കൂടുതൽ ഇടപെഴകാനുള്ള സാഹചര്യമൊരുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ നിറവേറ്റപ്പെടുന്നത്. പിന്നിൽ നിൽക്കേണ്ടവരല്ല, സമൂഹത്തിൽ ഏതൊരു വ്യക്തിയേയും പോലും മുന്നിലെത്തേണ്ടവരാണെന്നുള്ള ബോധ്യം ഇത്തരം സംരംഭത്തിലൂടെ അവർക്ക് പകരുകയാണിവിടെ.


വിദ്യാർഥികളിൽ നിരവധിപേർ മുതിർന്നവരാണ്. അവരുടെ മാതാപിതാക്കൾ പലരും പ്രായമായവരാണ്. സ്വന്തമായി തൊഴിലെടുക്കാനും വരുമാനം നേടാനുമുള്ള പ്രാപ്തിയിൽ തങ്ങളുടെ കുട്ടികളെ കാണാനാകുന്നത് അവരുടെയും മനസ്സ് നിറക്കുകയാണ്.

ആദ്യശമ്പളത്തിന്റെ മധുരം

ജോലി ചെയ്ത് സമ്പാദിച്ച ആദ്യ തുക വിദ്യാർഥികൾ ചെലവഴിച്ചത് മറക്കാനാകില്ലെന്ന് അധികൃതർ പറഞ്ഞു. സ്റ്റൈപൻഡായി ലഭിച്ച പണം കൊണ്ട് സഹോദരങ്ങൾക്ക് വാച്ച് വാങ്ങി സമ്മാനമായി നൽകിയവർ, അടുത്ത ദിവസം സ്നേഹനിലയത്തിലെ കൂട്ടുകാർക്ക് മധുരപലഹാരവുമായി എത്തിയവർ ഒക്കെയുണ്ട് ഇക്കൂട്ടത്തിൽ. ആയിരം മുതൽ അയ്യായിരം രൂപ വരെ ഇവിടെ വിദ്യാർഥികൾക്ക് സ്റ്റൈപൻഡായി നൽകുന്നുണ്ട്.

സംരംഭത്തിലൂടെ വിദ്യാർഥികൾക്ക് പണം കൈകാര്യം ചെയ്യാനുള്ള പരിശീലനവും ലഭിക്കുന്നു. ഒരുവർഷം മുമ്പ് വൺസ് എ വീക്ക് കാൻറീൻ എന്ന ആശയത്തിലായിരുന്നു പദ്ധതിയുടെ ആരംഭം. അന്ന് മുൻകൂട്ടി ഓർഡർ സ്വീകരിച്ച് ഭക്ഷണ സാധനങ്ങൾ തയാറാക്കി വിതരണം ചെയ്യുന്നതായിരുന്നു രീതി.

കസ്റ്റമേഴ്സിൽ അധികവും കുട്ടികളുടെ മാതാപിതാക്കൾ തന്നെയായിരുന്നു. പിന്നീട് കഫറ്റേരിയയ എന്ന ആശയം തോന്നിയതോടെ വിദ്യാർഥികൾക്ക് പരിശീലനം നൽകി. എല്ലാവരും ഒത്തുപിടിച്ചപ്പോൾ അതുല്യമായ ഒരു സംരംഭത്തിന് തിരിതെളിയുകയായിരുന്നു.


മനോഹരമായ കരവിരുതുകൾ

വിദ്യാർഥികൾ നിർമിച്ച നിരവധി കലാസൃഷ്ടികളും വസ്തുക്കളും ഇവിടെയുണ്ട്. മുത്തുമാലകൾ മുതൽ കീഹോൾഡറുകളും ബാഗുകളും വരെ അക്കൂട്ടത്തിൽ ഉൾപ്പെടും. പെയിൻറിങ്, കാർപന്ററിങ് തുടങ്ങി നിരവധി ആർട്ട് വർക്കുകളാണ് ഇവിടെ പരിശീലിപ്പിക്കുന്നത്.

എൽ.ഇ.ഡി ലൈറ്റുകളുള്ള കുപ്പികൾ, നെക്ലേസുകൾ, ക്ലിപ്പുകൾ, കീ ചെയിനുകൾ, ഫയലുകൾ എന്നിവ ഉൾപ്പെടെ കുട്ടികൾ നിർമിച്ച വസ്തുക്കൾ സ്നേഹനിലയത്തിലും സ്നേഹസ്പർശത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവ ഉപഭോക്താകൾക്ക് വാങ്ങുകയുമാകാം.

പതിവുപോലെ ഇക്കുറിയും സ്നേഹാലയത്തിന്റെ കീഴിൽ ഓണാഘോഷമുണ്ടാകും. തിരുവാതിരകളിലും ഉൗഞ്ഞാലാട്ടവും ഓണസദ്യയുമെല്ലാമായി കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒത്തുചേരും.

Tags:    
News Summary - Snehasparsham cafeteria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.