അര നൂറ്റാണ്ടിന്‍റെ ഓണ ഓർമകളുമായി കെ.എസ് പ്രസാദ്
‘മലയാളികൾക്കെല്ലാം ഓണം ആഘോഷത്തിന്‍റെ കാലമാണ്. എന്നാൽ, ചില കലാകാരൻമാർക്ക് ഇത് വേദനയുടെയും അവഗണനയുടെയും ഓർമകൾ കൂടിയാണ്. ഇപ്പോഴും പ്രാഥമിക സൗകര്യങ്ങൾ പോലും ലഭിക്കാതെ തഴയപ്പെടുന്ന കലാകാരൻമാർ ഉണ്ട്.
ഐതിഹ്യത്തിലെ പോലെ ഈ ഓണക്കാലം മുതലെങ്കിലും ആഘോഷം സമഭാവനയുടേതും കൂടിയാകട്ടെ’ മലയാളികളെ അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുചിരിപ്പിക്കുന്ന കെ.എസ്. പ്രസാദിന്‍റേതാണ് ഈ വാക്കുകൾ. അരനൂറ്റാണ്ടിന്‍റെ ഓണം ഓർമകൾ പങ്കുവെക്കുന്നതിനിടെയാണ് പല കലാകാരൻമാരും ഇന്നും അനുഭവിക്കുന്ന ‘അയിത്തവും അവഗണനയും’ കെ.എസ് പ്രസാദ് തുറന്നുപറഞ്ഞത്.
പണ്ട് തങ്ങളെ പോലുള്ള മിമിക്രി കലാകാരൻമാർ അനുഭവിച്ചിരുന്ന അവഗണന ഇന്ന് വാദ്യമേളക്കാരും കലാസമിതികളുടെ ഡ്രൈവർമാരും അടക്കം അനുഭവിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
തുല്യവേതനം, തുല്യ പരിഗണന എന്നിവ പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്തതാണെന്ന് വ്യക്തമാണെങ്കിലും പ്രാഥമിക സൗകര്യങ്ങൾ കലാലോകത്തെ എല്ലാവർക്കും ഉറപ്പാക്കൽ ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം പറയുന്നു.
പലപ്പോഴും ചെണ്ടമേളക്കാർ അടക്കം ഹാളുകളുടെ വരാന്തയിലും മറ്റും കിടന്നുറങ്ങുന്നത് വേദനയോടെ കണ്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനോ സ്വസ്ഥമായി ഉറങ്ങാനോ സൗകര്യം ലഭിക്കാത്തവരാണ് നല്ലൊരു ശതമാനം കലാകാരൻമാരും. ഓണം പോലുള്ള സമഭാവനയുടെ ആഘോഷ കാലത്ത് ഇത്തരത്തിലുള്ള പ്രവൃത്തികൾക്ക് മാറ്റം വരുത്താൻ കൂട്ടായ ശ്രമമുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു.
1975ൽ മിമിക്രിയിലേക്ക് കടന്നുവരുമ്പോൾ ഒരു വേദി ലഭിക്കുകയെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹമെന്ന് കെ.എസ് പ്രസാദ് പറയുന്നു. അന്ന് സർവകലാശാല കലോത്സവങ്ങളിൽ സമ്മാനാർഹരാകുന്നവരെ ചില ക്ലബുകാർ പരിപാടിക്ക് വിളിച്ചുകൊണ്ടുപോകുമായിരുന്നു.
അവിടെ നിന്നായിരുന്നു തന്നെപോലുള്ളവരുടെ തുടക്കം. 1970കളിൽ മിമിക്രിക്ക് വലിയ വിലയൊന്നും ആരും കൽപിച്ചിരുന്നില്ല. ഗാനമേളക്കോ ഡാൻസിനോ കഥാപ്രസംഗത്തിനോ ഇടയിലെ ‘ഫില്ലറു’കളായിരുന്നു ഞങ്ങളുടെ പരിപാടികൾ.
അന്ന് ഒരു വേദി കിട്ടാൻ വേണ്ടി ആഗ്രഹിച്ച് നടന്ന സ്ഥാനത്ത് നിന്ന് മലയാളികൾ ഉള്ളിടത്തെല്ലാം മിമിക്രി എന്ന ഈ കല തന്നെ പോലുള്ളവരെ എത്തിച്ചതായി കെ.എസ്. പ്രസാദ് ഓർത്തെടുക്കുന്നു. ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, സിങ്കപ്പൂർ, മലേഷ്യ അങ്ങനെ ലോകത്തിന്‍റെ പലയിടങ്ങളിലും പരിപാടി അവതരിപ്പിക്കാനായി.
റാന്തൽ വിളക്കിന്‍റെ വെളിച്ചത്തിൽ കോളാമ്പി മൈക്കുകളുടെ ശബ്ദത്തിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നത് മുതൽ അത്യാധുനിക ലൈറ്റിങ്- സൗണ്ട് സംവിധാനങ്ങളുടെ അകമ്പടിയിൽ ശീതീകരിച്ച ഹാളിൽ ചിരിയുടെ പൂമാലകൾ തീർക്കുന്ന അനുഭവങ്ങളാണുള്ളത്.
അമ്പലപ്പറമ്പുകളിലും പള്ളി മുറ്റങ്ങളിലും നാട്ടുമ്പുറത്തെ മൈതാനങ്ങളിലും തുടങ്ങി ഗൾഫിലെയും സിങ്കപ്പൂരിലെയും അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും വമ്പൻ സ്റ്റേജുകൾ വരെ 1975 മുതൽ 2024 വരെയുള്ള കാലങ്ങൾ കൊണ്ട് അദ്ദേഹം ചിരിപ്പിച്ചു കഴിഞ്ഞു.
ഈ ഓണക്കാലത്തും ചിരിയുടെ മരുന്നൊരുക്കുകയാണ് ഈ കലാകാരൻ. മാറി വരുന്ന കാലത്തിനൊപ്പം നിലകൊള്ളുന്നുവെന്നത് തന്നെയാണ് കെ.എസ് പ്രസാദിനെ ഇന്നും മിമിക്രിയുടെ തലതൊട്ടപ്പനാക്കുന്നത്.
ഇന്ത്യ അടിയന്തരാവസ്ഥയുടെ ഇരുളിമയിലേക്ക് പോയ 1975ലാണ് മിമിക്രി വേദിയിലേക്ക് കെ.എസ്. പ്രസാദ് എത്തുന്നത്. ചെറിയ ചെറിയ പരിപാടികളാണ് അന്ന് നടത്തിയിരുന്നത്. പത്ത് രൂപയായിരുന്നു പ്രതിഫലം. പരിപാടിയും പ്രതിഫലവും ചെറുതായിരുന്നെങ്കിലും അന്നും തങ്ങൾ പ്രഫഷനൽ തന്നെയായിരുന്നുവെന്ന് പ്രസാദ് ഓർത്തെടുക്കുന്നു.
1980 ആയപ്പോഴേക്കും കേരള സർവകലാശാല യുവജനോത്സവത്തിൽ സമ്മാനം നേടി. ഇതോടെ കൂടുതൽ പരിപാടികൾ ആയിത്തുടങ്ങി. 1980 ജൂൺ 29 നാണ് കൊച്ചിൻ കലാഭവന്‍റെ ഭാഗമാകുന്നത്. കലാഭവനും ആബേലച്ചനും അച്ചടക്കത്തിന്‍റെയും സമയനിഷ്ഠയുടെയും കാര്യത്തിൽ കർശനമായിരുന്നു. ഒരിടത്തും പരിപാടിക്ക് വൈകാൻ പോലും സമ്മതിച്ചിരുന്നില്ല. അവിടെ നിന്നുള്ള പിന്നീടുള്ള ജീവിതത്തിൽ ഏറെ ഗുണമായി.
കലാഭവനിൽ ഇന്ന് കലാലോകത്ത് തിളങ്ങി നിൽക്കുന്ന നിരവധി പേർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. വിദേശത്ത് പരിപാടികൾ അവതരിപ്പിക്കാൻ ആരംഭിച്ചതും കലാഭവനിലൂടെയായിരുന്നു. കെ.എസ്. പ്രസാദിനെ വളർത്തിയതിൽ കലാഭവന് നിർണായക പങ്കുണ്ട്. കൊച്ചിൻ ഗിന്നസ് എന്ന ഗ്രൂപ്പുണ്ടാക്കി മുന്നോട്ടുപോയപ്പോഴും കലാഭവനുമായി സഹകരിച്ചു തന്നെയാണ് അദ്ദേഹത്തിന്‍റെ പ്രവർത്തനം.
ഓണക്കാലം ഇപ്പോൾ ചിന്തിക്കുമ്പോൾ ഒരുപാട് രസകരമായ ഓർമകളാണ് സമ്മാനിക്കുന്നത്. നാട്ടിലും വിദേശങ്ങളിലുമൊക്കെ പല പ്രാവശ്യം ഓണക്കാലത്ത് പരിപാടികൾ അവതരിപ്പിക്കാൻ പോയിട്ടുണ്ട്. വിദേശ യാത്രക്ക് പോയപ്പോൾ നിരവധി പ്രാവശ്യം അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്.
1997ൽ കലാഭവന്‍റെ അമേരിക്കൻ യാത്രക്കൊരുങ്ങുമ്പോൾ ഇത്തരത്തിൽ സംഭവമുണ്ടായി. ആബേലച്ചൻ അടക്കമായിരുന്നു യാത്ര ആസൂത്രണം ചെയ്തത്. അമേരിക്കൻ വിസക്കായി ചെന്നൈ കോൺസുലേറ്റിൽ എത്തി. ആബേലച്ചന്‍റെ അടക്കം പാസ്പോർട്ട് നൽകി. പല രാജ്യങ്ങളിലായി നിരവധി യാത്ര നടത്തിയ ആബേലച്ചന്‍റെ പാസ്പോർട്ട് നിറയെ സീലുകളും വിസയുമായിരുന്നു. പഴയതും പുതിയതും അടക്കം രണ്ട് പാസ്പോർട്ടും ഒരുമിച്ചായിരുന്നു.
തെറ്റ് പറ്റില്ലെന്ന് വിശ്വാസമുള്ള അമേരിക്കൻ കോൺസുലേറ്റ് അധികൃതർ വിസ അടിച്ചപ്പോൾ അത് പഴയ പാസ്പോർട്ടിലായി. എന്തോ ഭാഗ്യത്തിന് അവിടെ വെച്ച് തന്നെ തുറന്നുനോക്കുകയും വിസ പഴയ പാസ്പോർട്ടിൽ അടിച്ചത് കാണുകയും ചെയ്തു. കോൺസുലേറ്റ് ഉദ്യോഗസ്ഥൻ സോറി പറഞ്ഞ് പുതിയ പാസ്പോർട്ടിൽ വിസ അടിച്ചുനൽകുകയായിരുന്നു.
മറ്റൊരു സംഭവം സിങ്കപ്പൂർ യാത്രക്കായി ഗിന്നസ് മനോജും ഉണ്ണി എസ്. നായരും ഒക്കെയായി വിസ അടിക്കാൻ പാസ്പോർട്ട് അയച്ചുകൊടുത്തു. ഓണത്തിന്‍റെ ദിവസമാണ് വിസ അടിച്ച് പാസ്പോർട്ട് ട്രാവൽ ഏജൻസിക്കാർ കൊണ്ടുവന്നു തരുന്നത്.
പാസ്പോർട്ട് തുറന്നുനോക്കുമ്പോഴാണ് മനോജിന്‍റെ പാസ്പോർട്ടിൽ ഉണ്ണിയുടെയും ഉണ്ണിയുടെ പാസ്പോർട്ടിൽ മനോജിന്‍റെയും വിസ അടിച്ചത് കണ്ടത്. തൊട്ടടുത്ത ദിവസം തന്നെ പാസ്പോർട്ടിൽ വിസ ശരിയായ രീതിയിൽ അടിച്ചുനൽകാൻ സാധിച്ചു. ഒരുപാട് ടെൻഷൻ അടിച്ചെങ്കിലും സിങ്കപ്പൂർ പരിപാടി അടിപൊളിയാക്കാൻ സാധിച്ചു.
1982-83 കാലഘട്ടം. എറണാകുളത്ത് മേനകയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു റേഡിയോ കടക്ക് മുന്നിൽ ആളുകൾ കൂടി നിൽക്കുന്നു. എന്താണ് സംഭവം എന്ന് അന്വേഷിച്ചപ്പോഴാണ് ഞങ്ങൾ അവതരിപ്പിച്ച മിമിക്രി പരിപാടി റെക്കോഡ് ചെയ്തത് ആളുകൾ കേൾക്കുകയാണെന്ന് മനസ്സിലായത്.
പലയിടത്തും ഇത്തരത്തിൽ കാസറ്റുകൾ വിറ്റഴിയുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് ഇത്തരത്തിൽ ഒരാലോചന നടക്കുന്നത്. 1983-84 കാലഘട്ടത്തിൽ തന്നെ ഓഡിയോ കാസറ്റ് പുറത്തിറക്കുകയും ചെയ്തു. കലാഭവൻ മിമിക്സ് പരേഡ് എന്ന പേരിൽ പുറത്തിറക്കിയ ഈ കാസറ്റ് വൻ വിജയമായിരുന്നു.
ഇതോടെ കേരളത്തിൽ മിമിക്രി ഓഡിയോ കാസറ്റുകളുടെ പ്രളയമായിരുന്നു. ഓണക്കാലത്ത് മലയാളി ആഘോഷിച്ച കാസറ്റുകളുടെ തുടക്കവും ഇവിടെ നിന്നായിരുന്നു. യു.എ.ഇ സന്ദർശിച്ചപ്പോഴാണ് വിഡിയോ കാസറ്റ് ഇറക്കുന്നതിനെ കുറിച്ച് കെ.എസ്. പ്രസാദ് ചിന്തിച്ചുതുടങ്ങുന്നത്.
1988ലാണ് കലാഭവൻ അൻസാറിനൊപ്പം യു.എ.ഇക്ക് പോയത്. അന്ന് അജ്മാൻ ഇൻഡിപെൻഡൻസ് സ്റ്റുഡിയോസിൽ വിഡിയോ കാസറ്റ് ഇറക്കുന്നതെല്ലാം കണ്ടു മനസ്സിലാക്കി. ഇതോടെ വിഡിയോ കാസറ്റ് എന്ന മോഹം ആരംഭിച്ചു. കലാഭവനിൽ ആബേലച്ചനുമായി സംസാരിച്ചെങ്കിലും സാമ്പത്തികം തടസ്സം നിന്നു. ഇതോടെ സ്വയം വിഡിയോ കാസറ്റ് ഇറക്കണമെന്ന മോഹമായി.
കേരളത്തിൽ വി.സി.ആർ സജീവമായ കാലമായിരുന്നു അത്. കാസറ്റ് എത്ര സമയം വേണം, പരസ്യം എങ്ങനെ, മുടക്കുമുതൽ തിരിച്ചുകിട്ടുമോ എന്നൊന്നും അറിയില്ലായിരുന്നു. ഒടുവിൽ എറണാകുളം നഗരത്തിലുണ്ടായിരുന്ന അഞ്ച് സെന്‍റ് സ്ഥലം വിറ്റാണ് ആദ്യമായി വിഡിയോ കാസറ്റ് ഇറക്കിയത്. ഇതുപോലെ തന്നെ മറ്റൊരു അനുഭവമായിരുന്നു ദൂരദർശനിൽ ആദ്യമായി മിമിക്രി പരിപാടി ചെയ്തത്.
അന്ന് ദൂരദർശനിൽ മിമിക്രിക്കും മറ്റ് കോമഡി പരിപാടികൾക്കും യാതൊരു സ്ഥാനവും ഇല്ലായിരുന്നു. തിരുവനന്തപുരത്ത് ദൂരദർശൻ കേന്ദ്രത്തിലെത്തി സംസാരിച്ചതോടെയാണ് ആദ്യമായി മിമിക്രിക്ക് അവസരം ഒരുങ്ങുന്നത്. ഇന്നത്തെ സംവിധായകൻ ശ്യാമപ്രസാദ് അന്ന് ദൂരദർശനിൽ ജോലി ചെയ്തിരുന്നു.
അദ്ദേഹം എറണാകുളത്ത് വന്ന് പരിപാടി കണ്ട ശേഷമാണ് മിമിക്രി ദൂരദർശനിൽ സംപ്രേഷണം ചെയ്യാൻ തീരുമാനിക്കുന്നത്. അങ്ങനെ 1989 ആഗസ്റ്റ് ഒമ്പതിന് കൊച്ചിൻ ഗിന്നസിന്‍റെ പേരിൽ ദൂരദർശനിൽ മിമിക്രി അവതരിപ്പിക്കപ്പെട്ടു.
50 വർഷത്തോളം നീണ്ട കലാജീവിതത്തിൽ നിരവധി റെക്കോഡുകളാണ് കെ.എസ്. പ്രസാദിനെ തേടിയെത്തിയിട്ടുള്ളത്. മിമിക്സ് പരേഡിന്‍റെ തുടക്കക്കാരിൽ ഒരാൾ, ഓഡിയോ- വിഡിയോ കാസറ്റ് വിപ്ലവത്തിന്‍റെ അമരക്കാരൻ, ടെലിവിഷൻ ലോകത്തേക്ക് മിമിക്രിയെ എത്തിച്ചയാൾ തുടങ്ങിയ നിരവധി ബഹുമതികൾക്ക് അർഹനാണെങ്കിലും ഇന്ന് നിരവധി പേരെ കലാലോകത്തേ കൈപിടിച്ചുകൊണ്ടുവരുന്ന അധ്യാപകൻ എന്നതാണ് തനിക്ക് ഏറെ സന്തോഷം പകരുന്നതെന്ന് കെ.എസ് പ്രസാദ് പറയുന്നു. കലാഭവനിലൂടെ ഇന്നും നൂറുകണക്കിന് കുട്ടികൾക്കാണ് കലയുടെ വാതിൽ തുറന്നുകൊടുക്കുന്നത്.
കെ.എസ് പ്രസാദിന്‍റെ ശിക്ഷണം നേടിയവർ ഇന്ന് സ്വദേശത്തും വിദേശ രാജ്യങ്ങളിലും കലാ മേഖലയിൽ വലിയ സാന്നിധ്യമാണ്. മിമിക്രി, ടി.വി., സിനിമ തുടങ്ങിയ രംഗങ്ങളിലേക്ക് കെ.എസ്. പ്രസാദിന്‍റെ കൈപിടിച്ച് നൂറുകണക്കിന് പേരാണ് കടന്നുവന്നത്. കഴിവുള്ള കലാകാരൻമാരുടെ ഏറ്റവും മികച്ച ലോഞ്ച് പാഡായി ഇന്നും കെ.എസ് പ്രസാദ് സജീവമാണ്. ഒപ്പം ഈ ഓണക്കാലത്തും ചിരിക്കുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.