കൈലാസ് മേനോന് ഇത് മകനുമൊത്തുള്ള ആദ്യ ഓണം

വലിയ സന്തോഷത്തോടെയായിരിക്കുമല്ലോ ഓണത്തെ വരവേൽക്കുന്നുണ്ടാവുക. മോൻ പിറന്ന് അധികനാളായിട്ടില്ല. സമന്യു രുദ്രയോടൊത്തുള്ള ആദ്യം ഓണം അല്ലേ?

കൊറോണക്കാലമായതിനാൽ മൊത്തം സ്ഥിതി മോശമായി തുടരുന്നതുമൂലം ആഘോഷത്തിന്‍റെ മൂഡിലൊന്നും അല്ല. എങ്കിൽ പോലും കുഞ്ഞുവാവ ഉണ്ടായതിന്‍റെ സന്തോഷത്തിൽ അവനോടൊപ്പമുള്ള ആദ്യത്തെ ഓണമാണല്ലോ. അന്നപൂർണയുടെ പ്രസവം ഒക്കെയായി ചേർത്തലയിലെ വൈഫിന്‍റെ വീട്ടിലാണ് രണ്ടുമൂന്നുമാസമായി ഉള്ളത്. അച്ഛനും അമ്മയും വൈഫിന്‍റെ അച്ഛനും അമ്മയും ഒക്കെ കൂടെ ചെറിയ രീതിയിൽ ഓണം ആഘോഷിക്കുന്നു. സാധാരണ ബന്ധുക്കൾ എല്ലാവരുടേയും ഒപ്പമാണ് ഓണം ആഘോഷിക്കാറുള്ളത്.

കുട്ടിക്കാലത്ത് തിരുവോണം അച്ഛന്‍റെ വീടായ കുമരകത്തും അടുത്ത ദിവസം തിരുവനന്തപുരത്തെ അമ്മയുടെ വീട്ടിലുമായിരിക്കും. അപ്പൂപ്പൻ, അമ്മൂമമ്മ, കുഞ്ഞമ്മമാർ എന്നിവരോടൊപ്പമാണ് ആഘോഷിക്കുക. ഓണം എന്ന പറഞ്ഞാലുള്ള ഏറ്റവും വലിയ സന്തോഷം ഇവരുടെ ഒക്കെ അടുത്തെത്തുക എന്നതായിരുന്നു. ഇത്തവണ അങ്ങനെ ഒരു സിറ്റ്വേഷൻ അല്ലല്ലോ.

കുട്ടിക്കാലത്തെ ഓണം ഓർമകൾ എന്തെല്ലാമാണ്?

അമ്മയും അച്ഛനും തൃശൂരാണ് വർക്ക് ചെയ്തിരുന്നത്. കെ.എഫ്.ആർ.ഐയിൽ സയന്‍റിസ്റ്റ് ആയിരുന്നു അച്ഛൻ രാമചന്ദ്രമേനോൻ. അമ്മ ഗിരിജാദേവി ഇലക്ട്രിസിറ്റി ബോർഡിൽ ചീഫ് എൻജിനീയറായാണ് റിട്ടയർ ചെയ്തത്. ജോലി സംബന്ധമായി തൃശൂരിൽ സെറ്റിൽ െചയ്തതുകൊണ്ട് ഞാൻ തൃശൂർക്കാരനായി മാറി. ഒല്ലൂക്കരയിലായിരുന്നു താമസം. പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലാണ് സ്കൂൾ പഠനം. ഒരു ചേട്ടനുണ്ട്. പി.എച്.ഡി കഴിഞ്ഞ് അദ്ദേഹം ന്യൂസിലാന്‍റിലെ ഒരു യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്.

പ്രഫഷണൽസിന്‍റെ കുടുംബം ആണല്ലോ. താങ്കൾ കലാരംഗത്തേക്ക് തിരിയുന്നതിൽ എതിർപ്പുണ്ടായിരുന്നില്ലേ?

ഉണ്ടായിരുന്നു. അവർക്ക് സംശയം ഉണ്ടായിരുന്നു. എല്ലാവരും എൻജിനീയറിങ്ങും മെഡിസിനും പഠിക്കുന്ന കാലത്ത് ഇതാണോ ശരി എന്ന തോന്നലുണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ സ്നേഹത്തോടെ എന്നൊരു മ്യൂസിക് ആൽബം ചെയ്തിരുന്നു. മ്യൂസിക് ആൽബം ചെയ്തതോടെ എനിക്ക് ആത്മവിശ്വാസം വന്നു. മാതാപിതാക്കളെ ഞാൻ പറഞ്ഞുമനസ്സിലാക്കി.

തുടർപഠനം ചെന്നൈയിലായിരുന്നു അല്ലേ?

ചെന്നൈയിൽ എസ്.ആർ.എം കോളജിൽ സൗണ്ട് എൻജിനീയറിങ് ആണ് പഠിച്ചത്. പിന്നീട് ഔസേപ്പച്ചൻ സാറിനെ അസിസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഗോപി സുന്ദറിന്‍റെ സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയറായി രണ്ട് വർഷം വർക്ക് ചെയ്തു. അതിനുശേഷം ടി.വി പരസ്യങ്ങൾക്ക് മ്യൂസിക് ചെയ്തുതുടങ്ങി. ആയിരത്തോളം പരസ്യങ്ങൾക്ക് മ്യൂസിക് ചെയ്തിട്ടുണ്ട്. സിനിമ തന്നെയായിരുന്നു അന്നും ആഗ്രഹം. പറ്റിയ അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

സൗണ്ട് എൻജിനീയറിങ് പഠിച്ചത് മ്യൂസിക് ഡയറക്ടറാകാനായിരുന്നോ?

അതെ. മ്യൂസിക് തന്നെയായിരുന്നു താൽപര്യം. പക്ഷെ അങ്ങനെയൊരു പശ്ചാത്തലമില്ലാത്തത് വലിയ പ്രശ്നമായിരുന്നു. അതിലേക്കെത്താൻ വേണ്ടിയാണ് സൗണ്ട് എൻജിനീയറിങ് പഠിച്ചത്. സൗണ്ട് എൻജിനീയറിങ് ടെക്നിക്കലി നമ്മലെ ബെറ്റർ ആക്കുന്ന കോഴ്സ് ആണ്. അത് ചെയ്യുമ്പോൾ പാട്ടുകളുടെ പ്രൊഡക്ഷൻ സൈഡൊക്കെ പഠിക്കാൻ പറ്റും. മ്യൂസിക് ഡയറക്ടർ എന്ന കരിയറിനെ കൂടുതൽ സഹായിക്കും എന്നുള്ളതുകൊണ്ടുതന്നെയായിരുന്നു സൗണ്ട് എൻജിനീയറിങ് തെരഞ്ഞെടുത്തത്.


പകർന്നാട്ടം, സ്റ്റാറിങ് പൗർണമി എന്ന സിനിമകൾക്ക് വേണ്ടി മ്യൂസിക് ചെയ്തിരുന്നുവെങ്കിലും ചിത്രങ്ങളൊന്നും ഇറങ്ങിയില്ല. ഏകദേശം 10 വർഷത്തോളമുള്ള കാത്തിരിപ്പ് വെറുതെയായില്ല എന്ന് തെളിയിക്കുന്നതായിരുന്നു 'ജീവാംശമായ്' എന്ന പാട്ടിന്‍റെ വിജയം. തീവണ്ടി എന്ന സിനിമ നൽകിയത് സ്വപ്നതുല്യമായ ഓപനിങ്ങാണ്.ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അല്ലേ?

ശരിയാണ്. അത്രയും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. അത്രയും നാളായിട്ടുള്ള ആഗ്രഹമായിരുന്നല്ലോ സിനിമ ചെയ്യുക എന്നത്. 2011ൽ പകർന്നാട്ടം ചെയ്തെങ്കിലും അതിൽ പാട്ടുകളുണ്ടായിരുന്നില്ല. പശ്ചാത്തല സംഗീതമാണ് ചെയ്തത്. ഓഫ് ബീറ്റ് മൂവി അതായത് ആർട്ട് മൂവി ആയിരുന്നു. പാട്ടുകൾ ഇറങ്ങി ഞാൻ ശ്രദ്ധിക്കപ്പെടുന്നത് 2018ലാണ്. നീണ്ട ഒരു ഗ്യാപ് ആയിരുന്നു അത്. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു നടന്നത്. പക്ഷെ അത് ഇത്രയും വലിയ ബ്രേക് ആകുമെന്ന് വിചാരിച്ചില്ല.

ഒരു വർഷം തന്നെ മലയാളത്തിൽ എത്രയോ സിനിമകൾ ഇറങ്ങുന്നു, എത്രയോ പാട്ടുകൾ ഇറങ്ങുന്നു. പക്ഷെ എല്ലാമങ്ങ് ക്ലിക്ക് ആകാറില്ല. 'ജീവാംശമായ്' പോലെ വൈറലായ മറ്റൊരു പാട്ട് ഒരുപക്ഷെ ജാസിഗിഫ്റ്റിന്‍റെ 'ലജ്ജാവതിയെ' ആയിരിക്കും. എനിക്ക് ആഗ്രഹിക്കാൻ പോലും ആവില്ലായിരുന്നു അതുപോലെ നമ്മൾ ചെയ്ത പാട്ട് വൈറലാകണമെന്ന്. ആഗ്രഹിച്ചാൽ പോലും നടക്കുന്ന കാര്യമല്ല. പക്ഷെ ഭാഗ്യം കൊണ്ട് അതെല്ലാം സംഭവിച്ചു. പാട്ടും വിഡിയോയും എല്ലാംകൂടി ചേർന്ന് ഭയങ്കരമായി വർക്കായി. ഭാഗ്യമാണത്.

എങ്ങനെയാണ് തീവണ്ടിയിലെത്തിയത്?

തീവണ്ടിയുടെ ഡയറക്ടർ ഫെല്ലിനിക്ക് ഒപ്പം മുൻപ് ഒന്നുരണ്ട് പരസ്യങ്ങൾക്ക് മ്യൂസിക് ചെയ്തിട്ടുണ്ട്. ഫെല്ലിനി തന്നെ വിളിച്ച് നീ തന്നെ പാട്ടുകൾ ചെയ്യണം എന്ന് പറയുകയായിരുന്നു.

എന്നെ ട്രസ്റ്റ് ചെയ്യുന്ന ഡയറക്ടർ ആയിരുന്നു ഫെല്ലിനി. അതുകൊണ്ടാണ് അത്രയും സ്വതന്ത്രമായി ചെയ്യാൻ പറ്റിയത്. ചിലർ നമ്മുടെ വർക്കിലെല്ലാം ഓവർ ആയി ഇടപെടും. നമ്മളെ കൺഫ്യൂസ് ചെയ്യും. ഫെല്ലിനി നമുക്ക് ആത്മവിശ്വാസം തരുകയും സ്വാതന്ത്ര്യം ചെയ്യുകയും ചെയ്യുമായിരുന്നു. അതിന്‍റെ ഗുണമാണ് പാട്ടുകളിലുള്ളത്.

തീവണ്ടിയുടെ തെലുഗു പതിപ്പ് ഇറങ്ങുകയാണ്. അല്ലേ?

ഷൂട്ട് തുടങ്ങേണ്ടതായിരുന്നു ഈ വർഷം. കൊറോണ കാരണം തൽക്കാലം മാറ്റിവെച്ചിരിക്കുകയാണ്. പുകവണ്ടി എന്നാണ് തെലുഗു റീമേക്കിന്‍റെ പേര്. ബാലയാണ് ഡയറക്ടർ. സൂര്യ ദർശൻ എന്നാണ് നായകന്‍റെ പേര്.

പാട്ടുകൾ മലയാളത്തിൽ നിന്ന് മൊഴിമാറ്റുകയാണോ ചെയ്തത്? മറ്റെന്തെങ്കിലും മാറ്റങ്ങളുണ്ടോ?

തീവണ്ടിയിലെ നാല് പാട്ടുകളും അവർക്ക് വളരെ ഇഷ്ടപ്പെട്ടതുകൊണ്ട് അതുപോലെതന്നെ വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നാല് പാട്ടുകളുടേയും മൊഴിമാറ്റം മാത്രമായിരിക്കും നടത്തുക. ട്യൂൺ മാറ്റില്ല. അവർക്കുവേണ്ടി ഒരു പാട്ടുകൂടി പുതുതായി കമ്പോസ് ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്.

തൃശൂരിലാണല്ലോ പഠിച്ചതും വളർന്നതും. തൃശൂരിന്‍റെ സാംസ്ക്കാരിക പൈതൃകം കരിയറിനെ സ്വാധീനിച്ചിരുന്നോ?

തൃശൂർ സാംസ്ക്കാരിക തലസ്ഥാനം ആണല്ലോ. മറ്റ് പല ജില്ലകളേക്കാളും കൾച്ചറൽ ആക്ടിവിറ്റീസിന് പ്രാധാന്യം കൊടുക്കുന്ന ജില്ലയാണ് തൃശൂർ. അതിന്‍റെ അഡ്വാവാന്‍റേജ് സ്കൂൾ കാലം മുതൽ ഉണ്ടായിരുന്നു. പേഴ്സണലി ഇഷ്ടമുള്ള ജില്ലയാണത്. എല്ലാ തരം ആക്ടിവിറ്റീസിലും ഒരു ക്ലാസിക് ടച്ച് ഉണ്ടാകും. സ്കൂളിൽ പഠിക്കുമ്പോൾ ഒരു ആൽബം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചതും അതുകൊണ്ടാണ്. 10ക്ലാസിൽ പഠിക്കുമ്പോഴാണ് മ്യൂസിക് ആൽബം ചെയ്തത്. ഗായിക ജ്യോത്സന എന്‍റെ ക്ലാസ് മേറ്റ് ആണ്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് മത്സരങ്ങളിലൊക്കെ പങ്കെടുത്തുകൊണ്ടിരുന്നത്.

പാട്ടുകാരനാകായിരുന്നു അന്ന് ആഗ്രഹം. ആദ്യമായി ഒരുപാട്ട് കംപോസ് ചെയ്ത് സ്റ്റുഡിയോയിൽ പോയി റെക്കോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് പാട്ടുകാരനേക്കാൾ കൂടുതൽ നല്ലത് കംപോസറാകുന്നതാണ് എന്ന് മനസ്സിലായത്. എന്നേക്കാൾ നന്നായി പാടുന്ന ഒരുപാട് നല്ല പാട്ടുകാർ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ കംപോസ് ചെയ്ത പാട്ട് അഫ്സൽ, ജ്യോത്സന, മധു ബാലകൃഷ്ണൻ എന്നിവരൊക്കെയാണ് ആൽബത്തിൽ പാടിയത്.

ഗായിക ആവണിയുടെ ശബ്ദം മോഷ്ടിച്ച് ഒരു പെൺകുട്ടി താൻ പാടിയതാണെന്ന് പറഞ്ഞ് അയച്ചുതന്നതിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് കണ്ടു. അങ്ങനെയൊരു ട്രെൻഡ് ഈയിടെയായി കൂടുന്നുണ്ടോ?

ഒരുപാടുണ്ട്. സോഷ്യൽ മീഡിയയിലും ഫ്രണ്ട്സിന്‍റെ ഇടയിലും ഒന്ന് ഷൈൻ ചെയ്യാൻ വേണ്ടി ചെയ്യുന്നതാണ് ഇവരെല്ലാം. നല്ല സിങ്ങേഴ്സ് പാടിയ പാട്ട് ലിപ്സിങ്ക് ചെയ്ത് അവർ പാടിയതെന്ന രീതിയിൽ പോസ്റ്റ് ചെയ്യും. കുറേപേർ അങ്ങനെ ചെയ്യുന്നതായി ഇപ്പോൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഒരു തവണ കണ്ട വിഡിയോയിൽ ഒരാൾ പാടുക മാത്രമല്ല, പലതരം ഇൻസ്ട്രുമെന്‍റ്സും വായിക്കുന്നത് കണ്ടു. ഫ്ലൂട്ട് വായിക്കുന്നു, പാട്ട് പാടുന്നു എല്ലാം ചെയ്യുന്നുണ്ട്. പിന്നെയാണ് പലരുടേയും വർക്കുകൾ ഇയാൾ മോഷ്ടിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയത്. കണ്ടുകഴിഞ്ഞാൽ അവർ തന്നെ ചെയ്യുന്നതായേ തോന്നൂ. ഏതെങ്കിലും കാലത്ത് ഒറിജിനലായി ഇത് ചെയ്തയാൾ കേൾക്കുമ്പോൾ മാത്രമാണ് മനസ്സിലാകുക.

അമ്പിളി എന്ന സിനിമയുടെ മ്യൂസിക് ഡയറക്ടർ വിഷ്ണുവിജയ് വായിച്ച 'ആരാധികേ' എന്ന പാട്ടിന്‍റെ ഫ്ലൂട്ട് വേർഷൻ ഒരു പയ്യൻ വായിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. വിഷ്ണു ഇത് കണ്ടപ്പോഴാണ് കാര്യം മനസ്സിലായത്. എനിക്ക് വിഡിയോ അയത്തുതന്ന കുട്ടിയുടെ തന്നെ ഒരുപാടു പാട്ടുകളുണ്ട് സോഷ്യൽ മീഡിയയിൽ. ഏറ്റവും വലിയ കോമഡി എന്താണെന്നുവെച്ചാൽ അവർ ഇപ്പോഴും ക്ലെയിം ചെയ്യുന്നത് അവർ തന്നെ പാടിയതാണ് എന്നാണ്.

എനിക്ക് ആ കുട്ടിയുടെ കസിനാണ് പാട്ട് അയച്ചുതന്നത്കസിന് ഒരു അബദ്ധം പറ്റിയതാണ്. അദ്ദേഹത്തെപോലും ആ കുട്ടി തെറ്റിദ്ധരിപ്പിച്ചിരിക്കുകയായിരുന്നു. ആ കസിൻ എന്‍റെയടുത്ത് അത്രയും ഉറപ്പിലാണ് തർക്കിച്ചത്, ആ കുട്ടി തന്നെയാണ് പാടുന്നതെന്ന്.

ഇത്തരം മോശം ട്രെൻഡുകൾ തടയാൻ കഴിയില്ലേ?

ലീഗലി മൂവ് ചെയ്യാൻ പറ്റും. അതിന്‍റെ ആവശ്യമില്ലല്ലോ. നമുക്കറിയാം അവരല്ല പാടിയിട്ടുള്ളതെന്ന്. പിന്നെ അവരെ പരസ്യമായി നാണം കെടുത്തണമെന്ന് ആഗ്രഹമില്ലാത്തതുകൊണ്ടാണ് പേരൊന്നും വെളിപ്പെടുത്താതെ ഇങ്ങനെ ട്രെൻഡ് ഉണ്ടെന്ന് പറയുന്നത്. 10, 15 വർഷം പാട്ടു പഠിച്ച്, അല്ലെങ്കിൽ ഇൻസ്ട്രുമെന്‍റ് വായിക്കാൻ പഠിച്ച് കഷ്ടപ്പെട്ട് ചെയ്യുന്ന വർക്കുകളാണ് ഇവർ കയ്യടി നേടാൻ വേണ്ടി ഉപയോഗിക്കുന്നത്. ഒറിജിനൽ ആർടിസ്റ്റിനോട് ചെയ്യുന്ന വലിയ നീതികേടാണിത്.

ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലേ?

സ്കൂളിൽ പഠിക്കുമ്പോൾ കർണാട്ടിക് മ്യൂസിക് പഠിച്ചിരുന്നു. ലോക് ഡൗൺ സമയത്ത് മ്യൂസിക് ഡയറക്ടർ ബേണി സാറിന്‍റെയടുത്ത് ഹിന്ദുസ്ഥാനി പഠിച്ചുകൊണ്ടിരിക്കുകയാണ്. ചെറുപ്പം മുതലേ കീബോർഡ് ഒക്കെ സ്വന്തമായി വായിക്കുന്ന ശീലം ഉണ്ടായിരുന്നു.

അന്നപൂർണയും സംഗീതത്തിൽ താൽപര്യമുള്ള ആളാണോ?

ഭാര്യ അന്നപൂർണ ഹൈകോടതിയിൽ അഭിഭാഷകയാണ്. ചാനലുകളിൽ ആങ്കറിങ് ചെയ്യാറുണ്ട്. എന്‍റെ ഏറ്റവും വലിയ ക്രിട്ടിക്കുകൾ അമ്മയും ഭാര്യയുമാണ്. അവരാണ് എന്‍റെ സംഗീതം ഏറ്റവും കൂടുതൽ കേൾക്കുന്നതും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതും. മ്യൂസിക്കിൽ ട്രെയിനിങ് ഒന്നും ഇല്ലെങ്കിലും അവർ നല്ല ലിസണേഴ്സ് ആണ്.

പുതിയ വർക്കുകൾ എന്തെല്ലാമാണ്?

മെമ്പർ രമേശൻ ഒൻപതാം വാർഡ് ആണ് വരാനിരിക്കുന്ന സിനിമ. ഹരിശ്രീ അശോകന്‍റെ മകൻ അർജുൻ അശോകനാണ് നായകൻ. അതിന്‍റെ പാട്ടുകളുടെ കമ്പോസിങ് പൂർത്തിയായി. പിന്നെ സൗബിൻ-ദിലീഷ് പോത്തൻ ടീമിന്‍റെ കള്ളൻ ഡിസൂസ എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.