'ശശികല ചാര്ത്തിയ ദീപാവലയം...നം തനനം തനനം തനനം നം'...ഒരു തിരുവോണ ദിവസം എന്നെ സ്റ്റേഷനിൽ കയറ്റാൻ 'മൂല കാരണമായ'പാട്ടാണിത്... നടൻ സുരാജ് വെഞ്ഞാറമൂട് ഒരു സംഭവകഥ പറഞ്ഞുതുടങ്ങാനുള്ള നല്ല മൂഡിലാണ്. പത്തു പതിമൂന്ന് വർഷം മുമ്പാണ് സംഭവം. സിനിമയിൽ എത്തുംമുമ്പ് ഏഴുപേരടങ്ങിയ ഒരു ട്രൂപ്പുണ്ടായിരുന്നു എനിക്ക്.
'തിരുവനന്തപുരം സരിഗ'. ഞാൻ മാനേജർ കം 'മെയിൻ' ആയ ട്രൂപ്പ്. വീട്ടിൽ പശുക്കൾക്ക് പുല്ല് അരിഞ്ഞ് എത്തിക്കുന്ന 'ഭക്ഷണക്കമ്മിറ്റി' ഇൻചാർജും ഞാനായിരുന്നു. അതു കഴിഞ്ഞാണ് പരിപാടിക്ക് പോക്ക്. അല്ലെങ്കിൽ അച്ഛെൻറ കൈയിൽനിന്ന് 'പണി'കിട്ടും. ആഘോഷങ്ങളോടനുബന്ധിച്ച് ദിവസം രണ്ടു, മൂന്നു പരിപാടികളുണ്ടാവും. വിഷുവിനും ഓണത്തിനും തലേന്നും പിറ്റേന്നും ആണ് പരിപാടികളേറെ.
എനിക്ക് 'ശശികല ചാർത്തിയ പണി കിട്ടിയത്' ഒരു ഉത്രാടത്തിനാണ്. അന്ന് മൂന്നു പരിപാടിയുണ്ട്. എല്ലാം തിരുവനന്തപുരം ജില്ലയിൽ. രാത്രി എട്ടിന് കഴക്കൂട്ടത്ത്. പത്തിന് വട്ടപ്പാറയിൽ. 12.30ന് ചേമ്പുംമൂട്. ആദ്യ പരിപാടിക്ക് അരമണിക്കൂർ മുമ്പ് വാടകജീപ്പിൽ കഴക്കൂട്ടത്ത് എത്തി. കൃത്യം എട്ടിന് പരിപാടി തുടങ്ങുമെന്ന് കമ്മിറ്റിക്കാർ പറഞ്ഞു. പോസ്റ്ററിൽ സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന മിമിക്രി ഷോ എന്നൊക്കെ അടിച്ചതിനാൽ സദസ്സ് തിങ്ങി നിറഞ്ഞിരുന്നു.
സമയം എട്ടായി, എട്ടേകാലായി... ദാ വന്നു അനൗൺസ്മെൻറ്.... 'സഹൃദയരെ നിങ്ങളെ വിസ്മയിപ്പിക്കുന്ന ഡാൻസ് ഇതാ ആരംഭിക്കുന്നു'. ഒന്നോ രണ്ടോ അല്ലേ എന്ന് വിചാരിച്ച് ഞങ്ങളും ക്ഷമിച്ചു. ആദ്യ ഒന്ന് രണ്ട് ഡാൻസ് ആസ്വദിച്ചു. പക്ഷേ ഒന്നിനു പിറകെ ഒന്നൊന്നായി അതാ വരുന്നു ഡാൻസ് ചാകര. ചാകര ചാകരേയ്...സമയം ഒമ്പതായി. കമ്മിറ്റിക്കാരോട് കാര്യം തിരക്കി. അടുത്ത പരിപാടിക്ക് പോവണമെന്ന് പറഞ്ഞു.
'കൊച്ചു പിള്ളേരല്ലേ.. ഈ സമയത്ത് ഡാൻസ് കളിച്ചാലേ കാണാൻ ആളുണ്ടാവൂ...നിങ്ങൾക്ക് തരാനുള്ള പണം പിരിഞ്ഞുകിട്ടിയിട്ടുമില്ല' അവർ മയമില്ലാതെ മറുപടി തന്നു. ജീപ്പിന് വാടക കൊടുക്കേണ്ടേ. അതിലാണേൽ ഡീസലില്ല. ൈകയിൽ കാശുമില്ല. ദേഷ്യപ്പെട്ട് പോവാനൊക്കില്ലല്ലോ?. ഒമ്പതേകാലോടെ പരിപാടി തുടങ്ങി. അന്നവിടെ കളിച്ച ഡാൻസിനെല്ലാം ഒരേ പാട്ടായിരുന്നു... 'ശശികല ചാര്ത്തിയ ദീപാവലയം...നം തനനം തനനം തനനം നം'... അതുവരെ ദിവസം മൂന്നുനേരമെങ്കിലും മൂളിയിരുന്ന ആ പാട്ടിനെ അപ്പോൾ മുതൽ വെറുത്തു തുടങ്ങി. കാരണം ഞങ്ങൾക്ക് പണി വരാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ...
അവിടെനിന്ന് 10.30 ഓടെ ഓടിപ്പിടിച്ച് വട്ടപ്പാറയെത്തി..10നാണ് ഷോ തുടങ്ങേണ്ടത്. വൈകിയതിൽ ക്ഷമ ചോദിച്ച് സ്റ്റേജിന് പിന്നിലെത്തി. നേരത്തേയിട്ട മേക്കപ്പ് ഉള്ളതിനാൽ സ്റ്റേജിലേക്ക് കയറിയാൽ മതി. പരിപാടി തുടങ്ങട്ടേയെന്ന് കമ്മിറ്റിക്കാരോട് ചോദിച്ചു. ഒന്നു രണ്ടു പരിപാടി കഴിഞ്ഞിട്ടാകാമെന്ന് അവർ. ഞങ്ങളും വൈകിയതല്ലേ.. ക്ഷമയോടെ സ്റ്റേജിന് പിന്നിലിരുന്നു... ദാ വരുന്നു അനൗൺസ്മെൻറ് 'ക്ലബ് ഭാരവാഹികളുടെ മക്കൾ അവതരിപ്പിക്കുന്ന ഡാൻസ് തുടരുന്നു'.
അൽപം കഴിഞ്ഞ ദാ വരുന്നു പാട്ട് 'ശശികല ചാര്ത്തിയ ദീപാവലയം...നം തനനം തനനം തനനം നം .. പിറകെ ഡാൻസും. തുടർച്ചയായി മൂന്നു നാലെണ്ണം.....12.30ന് അടുത്ത പരിപാടിക്ക് എത്തേണ്ടതിനാൽ ഒരു വിധം കമ്മിറ്റിക്കാരുടെ കൈയും കാലും പിടിച്ച് സ്റ്റേജിൽ കയറി. തുടർച്ചയായ പരിപാടി ആയതിനാൽ ഇടക്ക് ബ്രേക്ക് എടുത്തു. ആ സമയത്തും ദാ വരുന്നു അടുത്ത ശശികല ചാർത്തിയ പാട്ടും ഡാൻസും. അന്നത്തെ ഹിറ്റ് പാട്ടായിരുന്നു അത് എന്നത് വേറെ കാര്യം.
പരിപാടി കഴിഞ്ഞ് അവിടെനിന്ന് എങ്ങനെയോ മൂന്നാമത്തെ വേദിയായ ചേമ്പുംമൂട്ടിലേക്ക്. ഓടിപ്പിടിച്ച് എത്തിയപ്പോഴേക്കും ഒന്നേകാൽ കഴിഞ്ഞു. ഉടൻ ജീപ്പിൽ നിന്നിറങ്ങി..വൈകിയതിന് കമ്മിറ്റിക്കാരോട് ക്ഷമ പറഞ്ഞു. സാരമില്ല..സുരാജല്ലേ, നമുക്ക് അറിയാലോ എന്നൊക്കെ പറഞ്ഞപ്പോഴൊരാശ്വാസമായിരുന്നു. തിരുവോണമായിട്ടും അർധരാത്രി ആളുകൾ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്നല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി. വേദിക്ക് പിറകിൽ അൽപം അകലെയാണ് ജീപ്പ് നിർത്തിയത്.
സ്റ്റേജിൽ നിന്നുള്ള അനൗൺസ്മെൻറ് കേൾക്കാം. 'ഇതാ നാം കാത്തിരുന്ന സുരാജും സംഘവും എത്തിയിരിക്കുന്നു. പ്രൗഢ ഗംഭീര മിമിക്രി ഷോ ഉടൻ ആരംഭിക്കും'. അനൗൺസ്മെൻറിന് പിറകെ പാട്ടും ഓഫായി. (പക്ഷേ, കാര്യങ്ങൾ അങ്ങനെയൊന്നും ആയിരുന്നില്ല. കൃത്യസമയത്ത് ഞങ്ങളെത്താത്തതിനാൽ കാണികൾ സ്ഥലം വിട്ടിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്.) വേദിയിലേക്ക് കയറൊനൊരുങ്ങിയ ഞങ്ങളോട് കമ്മിറ്റിക്കാർ ഭക്ഷണം കഴിച്ചിട്ട് തുടങ്ങാമെന്നായി. വേണ്ട ചേട്ടാ ഞങ്ങൾ കഴിച്ചിട്ടുണ്ടെന്നായപ്പോൾ വിട്ടില്ല. ഭക്ഷണം തയാറാക്കിയിട്ടുണ്ട്, അതു കഴിക്കാതെ പറ്റില്ലെന്ന് അവർ.
പത്തുമിനിറ്റോളം നടന്ന് താഴെ ഒരു വീട്ടിൽ ഭക്ഷണം എത്തി. ആൾ താമസം ഇല്ലാത്ത സ്ഥലം. വീടിന് മുന്നിലെത്തിയപ്പോൾ കൂടെ വന്ന ചേട്ടൻ പറഞ്ഞു. ''കയറിക്കോളൂ. ടേബിളിൽ ഭക്ഷണമുണ്ട്''. ഞങ്ങൾക്കാണെങ്കിൽ നല്ല വിശപ്പും. കൈ കഴുകി അകത്തു കയറി പാത്രത്തിെൻറ മൂടി തുറന്നപ്പോഴേക്കും പുളിച്ച നാറ്റം. ഇഡ്ഡലിയും സാമ്പാറും ചട്ട്ണിയും.
ചേട്ടാ ഇതു കേടായെന്ന് തോന്നുന്നല്ലോ. അതുവരെ സ്നേഹത്തോടെ പെരുമാറിയ ചേട്ടെൻറ മറുപടി ഉടൻ വന്നു. നിങ്ങൾക്കായി നേരത്തേ തയാറാക്കിയതാണ്. കഴിച്ചേ മതിയാകൂ. ഞങ്ങൾ മുഖത്തോട് മുഖം നോക്കി. കല്യാണരാമനിലെ സലീം കുമാറിനെ പോലെയായി അവസ്ഥ..എങ്ങനെയോ ഒന്നോ രണ്ടോ ഇഡ്ഡലി കുത്തിക്കേറ്റി കൈ കഴുകിയപ്പോഴേക്കും ആ ചേട്ടൻ പുറത്തിറങ്ങി വാതിലടച്ചു.
വാതിൽ തുറക്കാൻ പറഞ്ഞെങ്കിലും കുതിരവട്ടം പപ്പുവിനെ പോലെ ഇപ്പം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് അയാൾ പോയി. ഞങ്ങൾ വെപ്രാളത്തിലായി. ദൈവമേ ഇനി ഭക്ഷണത്തെ കുറ്റം പറഞ്ഞതിനാണോ പൂട്ടിയിട്ടത്. ചേട്ടാ ഞങ്ങൾ ഇതു മുഴുവൻ കഴിച്ചോളാം. ഞാൻ അലറിപ്പറഞ്ഞെങ്കിലും മറുപടിയില്ലായിരുന്നു. ദൈവമേ ഇന്ന് തിരുവോണമാണ്. വീട്ടിലെത്തണം. പശുവിന് പുല്ല് കൊടുക്കണം, അച്ഛൻ.. അയ്യോ. ആകെ ഒരു ദിവസത്തെ പുല്ലേ സ്റ്റോക്കുള്ളൂ. ആ ചിന്ത മാത്രമേ അപ്പോൾ മനസ്സിലേക്കെത്തിയുള്ളൂ.
പത്തുമിനിറ്റിനകം കമ്മിറ്റിക്കാർ എല്ലാവരുമെത്തി. സമയം രണ്ടു കഴിഞ്ഞിരുന്നു. അവരോട് വാതിൽ തുറക്കാൻ അപേക്ഷിച്ചെങ്കിലും 12.30ന് പരിപാടിക്ക് എത്താനല്ലേ എഗ്രിമെൻറ് എന്നായി. അപ്പോഴാണ് കാര്യം പിടികിട്ടിയത്. പക്ഷേ ശശികല ചാർത്തിത്തന്ന പാട്ടും ഡാൻസും തന്ന പണി അവരോട് എങ്ങനെ വിശദീകരിക്കും. പരിപാടിക്ക് വന്നവർ പോയെന്നും ഇനി നാളെ വൈകീട്ട് ഏഴിന് പരിപാടി അവതരിപ്പിച്ചാൽ മതിയെന്നും അവർ പറഞ്ഞു. ഞാൻ ഞെട്ടി.
പിന്നെ നാളത്തെ പരിപാടിയെക്കുറിച്ചായി ചിന്ത. തിരുവോണത്തിന് വൈകീട്ട് ഏഴിനും പത്തിനും പരിപാടി ഏറ്റിട്ടുണ്ട്. കുഴഞ്ഞല്ലോ. ചേട്ടാ പണം മുഴുവൻ തരണ്ട. ഇന്നുതന്നെ പരിപാടി അവതരിപ്പിക്കട്ടെ. എഗ്രിമെൻറ് അങ്ങനെ അല്ലേ എന്നായി ഞാൻ. കാണാനും അവതരിപ്പിക്കാനും നിങ്ങൾ മാത്രമേ ഉണ്ടാവൂ; ഇന്ന് വൈകീട്ട് പരിപാടി അവതരിപ്പിക്കാമെങ്കിൽ വിടാമെന്നായി അവർ. ഇതോടെ കൂടെയുള്ളവർ വെപ്രാളത്തിലായി. തിരുവോണമാണ്. വീട്ടിലെത്തിയില്ലേൽ പ്രശ്നമാണ്. പക്ഷേ അവർ വിടാൻ ഭാവമില്ല.
മണിക്കൂറുകൾക്ക് ശേഷം ഗത്യന്തരമില്ലാതെ ഞാൻ വൈകീട്ട് പരിപാടി അവതരിപ്പിക്കാമെന്നേറ്റു. ട്രൂപ്പ് മാനേജർ എന്ന നിലയിൽ എന്നോട് തന്നെ പരമ പുഛം തോന്നിയ നിമിഷം. എന്നാൽ സുരാജ് മാത്രം ഇറങ്ങി വാ എന്നായി അവർ.. അങ്ങനെ വാതിൽ തുറന്ന് എന്നെ മാത്രം പുറത്തിറക്കി. കൂടെയുള്ളവരേയും വിടണമെന്നായി ഞാൻ.. അവർ സമ്മതിച്ചില്ല. പൊലീസ് സ്റ്റേഷനിലെത്തിയിട്ട് എഗ്രിമെൻറ് ഒപ്പിടണമെന്ന് അവർ. അപ്പോൾ സമയം ഏതാണ്ട് ആറു മണിയായി. എന്നെയും കൂട്ടി അവർ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക്. അങ്ങനെ ജീവിതത്തിൽ മറക്കാനാവാത്ത തിരുവോണം പൊലീസ് സ്റ്റേഷനിൽ. അതും ആദ്യം.
എസ്.ഐ എത്തും വരെ എന്നെ അവിടെ നിർത്തി കമ്മിറ്റിക്കാർ പോയി. രണ്ട് മൂന്ന് മണിയായിക്കാണും; എസ്.ഐ എത്തി. കമ്മിറ്റിക്കാരെ വരുത്തി സംഭവം ചോദിച്ചു. തെറ്റ് എെൻറയടുത്താണല്ലോ?. അന്ന് വൈകീട്ട് ഏഴിന് പരിപാടി അവതരിപ്പിക്കാമെന്ന് എഴുതി ഒപ്പിട്ട ശേഷമാണ് എന്നെ വിട്ടത്. സകല നൂലാമാലയും കഴിഞ്ഞ് എന്നെ തിരികെ കൊണ്ടുവിടാനായി ജീപ്പിൽ കയറ്റി... അൽപം മുന്നോട്ട് നീങ്ങിയപ്പോൾ ഡ്രൈവർ കാർ സ്റ്റീരിയോ ഓണാക്കിയപ്പോഴും ദാ വന്നു... 'ശശികല ചാര്ത്തിയ ദീപാവലയം...നം തനനം തനനം തനനം നം...' തള്ളേ കലിപ്പ് തീരണില്ലല്ലോ....
ഓണം വീട്ടിലാകണമെന്നത് എനിക്ക് നിർബന്ധമാണ്. എത്ര തിരക്കിലായാലും അന്ന് വീട്ടിലെത്തും. പക്ഷേ, ഭക്ഷണവും ആഘോഷവും തൊട്ടടുത്തുള്ള കെയർഹോമിലാണ്. വർഷങ്ങളായി അങ്ങനെ തന്നെയാണ്. മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് അസുഖം ഭേദമായ, ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുപോവാത്തവരാണ് അവിടുള്ളത്. നിരവധി കലാകാരന്മാരുള്ള ഇടം.
തലേ ദിവസം തന്നെ നാട്ടുകാർ ചേർന്ന് ഒരുക്കം പൂർത്തിയാക്കും. പിന്നെ ആഘോഷമാണ്. അച്ഛനുള്ളപ്പോഴും അവിടെ സജീവമായിരുന്നു. ഭക്ഷണവും ഓണക്കോടി വിതരണവും പൂക്കളവുമായി ഞങ്ങളെല്ലാം അവിടെ കൂടും. പിന്നെ കലാപരിപാടികൾ, പൊട്ടിച്ചിരികൾ. വർഷങ്ങളായി അങ്ങനെയാണ്. ജാതി-മത ഭേദമന്യേ നാട്ടിലെ എല്ലാവരും കുടുംബസമേതം ഒത്തുകൂടും. കളിതമാശകൾ, ആഘോഷം. ജീവിതത്തിൽ ഏറെ സന്തോഷമുള്ള ആ നിമിഷങ്ങളല്ലാതെ മറ്റൊന്നും എനിക്ക് ഓണത്തിന് അത്ര നിറം തന്നിട്ടില്ല.
പിന്നെ വീട്ടിലാണ്. അമ്മ, മക്കൾ, ഭാര്യ, കുട്ടികൾ, ചേട്ടൻ, ചേച്ചി, മക്കൾ ... അങ്ങനെ എല്ലാവരും വീട്ടിൽ ഒത്തുകൂടും. മിക്കവാറും രാത്രി വൈകിയും ആ 'കത്തിയടി'സംഗമം നീളും. ഇടക്ക് ഉറക്കച്ചടവ് മാറ്റാൻ ലഭിക്കുന്ന അമ്മയുടെ കട്ടൻകാപ്പിയും ചെറുകടികളും. ആരാത്രി മിക്കപ്പോഴും എെൻറ തമാശകളും വിശേഷങ്ങളുമാണ് കൂടുതലും ആ 'നിറഞ്ഞ സദസ്സിൽ' ഓടുക.
കുട്ടിക്കാലത്ത് കൂട്ടുകാരോടൊത്തായിരുന്നു ഓണം. നാട്ടിലെ ക്ലബുകൾ സംഘടിപ്പിക്കുന്ന പരിപാടികൾ കാണൽ, വെറൈറ്റി പായസം കുടിക്കാനായി കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീട്ടിൽ പോവൽ, നാടൻപാട്ട് പാടൽ...അങ്ങനെ നീളുന്നതായിരുന്നു ഓണപരിപാടികൾ. ഇത്തവണ ലോക്ഡൗൺ കാരണം വീട്ടിൽ കുടുംബത്തോടൊപ്പം കൂടാനായതിെൻറ സന്തോഷമുണ്ട്. സുനിൽ ഇബ്രാഹിമിൻെറ 'റോയി' എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് ആരംഭിക്കാനുള്ളത്.
എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.