കൃഷ്ണദാസ് കണയം ''അതൊക്കവേ സഹിക്കിലു- മകതാരിലൊരു ഖേദ- മധികമായ് വളരുന്നതധുനാ കേട്ടാലും''
പാണ്ഡവന്മാർ വനവാസത്തിന് പുറപ്പെട്ടപ്പോൾ, അവരെ ഇഷ്ടപ്പെടുന്ന ആബാലവൃദ്ധം ജനങ്ങളും കൂടെപ്പോകാനൊരുങ്ങുന്നതാണ് മുകളിലുദ്ധരിച്ച കഥകളിപ്പദത്തിെൻറ കഥാസന്ദർഭം. അധികാരം നഷ്ടപ്പെട്ടതോ രാജകൊട്ടാരത്തിലെ സുഖവാസം വെടിഞ്ഞ് കാട്ടിലേക്ക് പോകേണ്ടതോ ഒന്നുമല്ല വിഷമിപ്പിക്കുന്നത്.
ഒപ്പം പുറപ്പെട്ടിട്ടുള്ള ജനങ്ങളുടെ വിശപ്പടക്കുന്നതിനെക്കുറിച്ചും അവരനുഭവിക്കുന്ന സങ്കടവുമാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്ന് പാഞ്ചാലി ധർമപുത്രരോട് പറയുന്നതാണ് കഥകളിയിലെ ഈ രംഗം. പാഞ്ചാലിയുടെ ഈ ദുഃഖവും ആശങ്കയുമകറ്റാനാണ് പിന്നീട് ധർമപുത്രർ സൂര്യനെ തപസ്സ് ചെയ്ത് അക്ഷയപാത്രം വരമായി നേടുന്നത്.
ആട്ടവിളക്കിൽ കരിന്തിരി മാത്രം കത്തുന്ന ഈ കോവിഡ് കാലത്ത് കഥകളി കലാകാരന്മാരും ഏതാണ്ടിതേ അവസ്ഥയിലാണ്. ഓണക്കാലം മുെമ്പാക്കെ കഥകളിക്കാർക്ക് ചാകരയാണ്. നിറയെ കളികൾ. കൈ നിറയെ പണം. ഓണക്കോടി. എന്നാൽ, കഴിഞ്ഞ രണ്ടു വർഷം പ്രളയം ഓണത്തിെൻറ ശോഭ കെടുത്തി. ഇത്തവണ കോവിഡും.
കോവിഡ്കാലം കഥകളിക്കാരെ പരമപ്രധാനമായ ഒരു കാര്യം പഠിപ്പിച്ചു. ഇവർക്ക് ഇതേവരെ ഒരു സംഘടനയില്ലെന്ന കാര്യം. കഥകളിക്കാരിലെ ഒന്നാംനിരയെ ഒഴിവാക്കിനിർത്തിയാൽ ബാക്കിയുള്ളവരിൽ ഭൂരിഭാഗവും അഷ്ടിക്ക് വകയില്ലാത്ത ഗണത്തിൽപെടുന്നവരാണ്. കഴിഞ്ഞ ആറു മാസം ഒരു കളിപോലും ഇല്ലാത്തവർ അന്നന്നത്തെ അന്നത്തിനുള്ള നെട്ടോട്ടത്തിലാണ്. സ്ഥിരവരുമാനമുണ്ടായിരുന്ന സമയത്തെടുത്ത വായ്പകളുടെ തിരിച്ചടവും മറ്റുമായി വിധിയുടെ 'കത്തിവേഷം' ഇവരെ ഭയപ്പെടുത്തുന്നു.
പുരുഷവേഷവും സ്ത്രീവേഷവും ഒരുപോലെ കെട്ടിയാടുന്ന കലാമണ്ഡലം ഷൺമുഖനെപ്പോലെയുള്ളവർക്കിപ്പോൾ പാഞ്ചാലിയുടേതുപോലുള്ള മനോവ്യഥയാണ്. ജോലിയോ സ്കോളർഷിപ്പോ സർക്കാറിെൻറ ആനുകൂല്യങ്ങളോ ഇല്ലാതെ കഥകളി അവതരിപ്പിച്ച് മാത്രം കഴിഞ്ഞുകൂടുന്നവരെക്കുറിച്ചാണ് ഈ വ്യഥ. ഇതിൽനിന്നാണ് കഥകളിക്കാർക്കു മാത്രമായി സംഘടനയെന്ന ആശയം ഉടലെടുക്കുന്നത്. 'അണിയറ' എന്ന പേരിൽ ഇതിെൻറ പ്രാരംഭപ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. വേഷം, പാട്ട്, ചുട്ടി, കോപ്പ്, സംഗീതം എന്നിങ്ങനെ കഥകളിയിലെ എല്ലാ വിഭാഗക്കാരും സംഘടനയിലുണ്ടാകും.
അതുവരെ കാത്തുനിൽക്കാനാവില്ലല്ലോ. അതിനാൽ ഈ ഓണക്കാലത്തെ പഞ്ഞമകറ്റാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുത്തവർക്ക് അണിയറ സംഘം ഓണക്കിറ്റ് നൽകും. കഴിയുന്നത്ര സാമ്പത്തികസഹായവും നൽകാൻ പദ്ധതിയുണ്ട്. വർഷങ്ങളോളം പുലർച്ചയുണർന്ന് ഗുരുകുലസമ്പ്രദായത്തിൽ പഠിച്ച് രംഗത്തേറിയവരാണ് കഥകളിക്കാർ. മെയ്യ് ചവുട്ടിയുഴിഞ്ഞും പ്രയാസകരമായ കൺസാധകം ചെയ്തും ഏറെ ശാരീരിക വിഷമതകൾ അനുഭവിച്ചാണ് നല്ലൊരു കലാകാരനാകുന്നത്.
അങ്ങനെ ജീവിതത്തിലെ കത്തിയും കരിയും ചുവന്ന താടിയുമൊക്കെ കഴിഞ്ഞ് പച്ചവേഷത്തിലെത്തിനിൽക്കുമ്പോഴാണ് ഇൗ മഹാമാരിയുടെ വരവ്. ഈ ദുർഘടവും കടന്നുപോകുമെന്ന ആത്മവിശ്വാസമാണ് കേരള കലയെ ലോകകലയാക്കി മാറ്റിയ കഥകളിക്കാർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.