റിയാദ്: വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ ആയിരത്തോളം പെർമിറ്റുകൾ നൽകിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) വൃത്തങ്ങൾ അറിയിച്ചു. ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള ചട്ടങ്ങളുടെ സമഗ്രമായ ഒരു സംവിധാനം ഉടൻ പുറത്തിറക്കുമെന്ന് ഗാക വക്താവ് ഇബ്രാഹിം അൽറുസ മാധ്യമങ്ങളോട് പറഞ്ഞു. ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അൽറുസ മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഒരു ലക്ഷം റിയാൽ പിഴയും ഒരു വർഷം തടവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ലൈസൻസോ പെർമിറ്റോ ഇല്ലാതെ ഡ്രോണുകൾ പറത്തുന്നതും കുറ്റകരമാണ്. ഡ്രോണുകളുടെ പ്രവർത്തനം ഉൾപ്പെടെ രജിസ്ട്രേഷനും ഓപറേഷൻ നിർദേശങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയാലും ശിക്ഷക്ക് കാരണമാകും. ഡ്രോണുകളുടെ ഇറക്കുമതിയും പ്രാദേശിക വിൽപനയും നിയന്ത്രിക്കുന്നതിന് ഉചിതമായ സംവിധാനം കണ്ടെത്താൻ ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് അതോറിറ്റി നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അൽറുസ പറഞ്ഞു. രാജ്യത്തിൻെറ അതിർത്തി സർവേകൾക്കും നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ആകാശ ചിത്രങ്ങൾ എടുക്കുന്നതിനും വ്യവസായിക കാർഷിക വിള പരിശോധനകൾക്കും നിലവിൽ സൗദി അറേബ്യയിൽ ഡ്രോണുകൾ ഉപയോഗിച്ച് വരുന്നുണ്ടെന്നും അൽറുസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.