പെൺകുട്ടികൾക്ക് പഠനച്ചെലവില്ലാതെ ബി.എസ്സി നഴ്സിങ് പഠനം പൂർത്തിയാക്കി ഓഫിസറായി ജോലി നേടാൻ കരസേനയിൽ അവസരം. സായുധസേന മെഡിക്കൽ സർവിസസിന് കീഴിലുള്ള ആറ് നഴ്സിങ് കോളജുകളിലായി ബി.എസ്സി നഴ്സിങ് കോഴ്സിൽ 220 സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് മാർച്ച് 10 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. പുണെ, കൊൽക്കത്ത, അശ്വനി, ലഖ്നോ, ന്യൂഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലാണ് മിലിട്ടറി നഴ്സിങ് കോളജുകളുള്ളത്. നാലുവർഷമാണ് പഠനകാലാവധി. പരിശീലനകാലം സൗജന്യറേഷൻ, താമസസൗകര്യം, യൂനിഫോം അലവൻസ്, പ്രതിമാസ സ്റ്റൈപൻഡ് എന്നിവ ലഭ്യമാണ്.
അവിവാഹിതരായ വനിതകൾക്കാണ് പ്രവേശനം. നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവരെയും ബാധ്യതകളില്ലാത്ത വിധവകളെയും പരിഗണിക്കും. 1996 ഒക്ടോബർ ഒന്നിനും 2004 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആൻഡ് സുവോളജി), ഇംഗ്ലീഷ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ ആദ്യതവണ വിജയിച്ചിരിക്കണം. പ്ലസ് ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. ഉയരം 152 സെ.മീറ്ററിൽ കുറയാൻ പാടില്ല.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഫീസ് 750 രൂപ. അപേക്ഷ ഓൺലൈനായി മാർച്ച് 10 വരെ സ്വീകരിക്കും. ഏപ്രിലിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, വ്യക്തിഗത അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.