മുംബൈ: ഗോവയിൽ 40 ൽ 20 സീറ്റുകൾ നേടിയ ബി.ജെ.പി മൂന്ന് സ്വതന്ത്രരുടെ പിന്തുണയിൽ ഭരണത്തിലേക്ക്. ഭരണം ഉറപ്പിച്ച ബി.ജെ.പി മുഖ്യമന്ത്രി ആരാകണമെന്ന തർക്കത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീർപ്പിനായി കാത്തിരിക്കുകയാണ്.
മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും വിശ്വജീത് റാണെയുൾപ്പെടെയുള്ളവർ മുഖ്യമന്ത്രിപദത്തിനായി ചരടുവലിക്കുന്നു. ഇതോടെയാണ് അന്തിമ തീരുമാനം കേന്ദ്രത്തിനു വിട്ടത്. മനോഹർ പരീകറില്ലാത്ത ആദ്യ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്ക് ഈ വലിയ ജയം.
പ്രവചനങ്ങളെ മറികടന്നുള്ള ജനവിധിയിൽ ജി.എഫ്.പിയുടെ ഒരു സീറ്റടക്കം കോൺഗ്രസ് സഖ്യത്തിന് 12 സീറ്റുകളേ നേടാനായുള്ളൂ. തൃണമൂൽ സഖ്യം, ആപ്, ഗോവൻ റവല്യൂഷനറി പാർട്ടി എന്നിവർ കോൺഗ്രസിന്റെ വിജയസാധ്യതകൾ തല്ലിക്കെടുത്തി. ആപ് രണ്ട് സീറ്റുകൾ നേടി ഗോവയിൽ അക്കൗണ്ട് തുറന്നു. തൃണമൂലിന് ജയിക്കാനായില്ലെങ്കിലും സഖ്യകക്ഷി എം.ജി.പി രണ്ട് സീറ്റുകൾ നേടി. എം.ജി.പിയും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പാർട്ടി ബി.ജെ.പിക്ക് പിന്നിൽ രണ്ടാമതെത്തിയ അഞ്ചോളം സീറ്റുകളിൽ ആപ്, തൃണമൂൽ, റവല്യൂഷനറി പാർട്ടികളാണ് കോൺഗ്രസിന്റെ വഴിമുടക്കിയത്. 2017 ൽ നിന്ന് .81 ശതമാനം വോട്ട് വർധന (33.31 ശതാമനം) ബി.ജെ.പിക്കുണ്ടായപ്പോൾ 4.94 ശതമാനം ഇടിവാണ് (23.46) കോൺഗ്രസിനുണ്ടായത്.
വൻനേട്ടത്തിലും ബി.ജെ.പിയിലെ പ്രമുഖർക്ക് കാലിടറി. ഉപമുഖ്യമന്ത്രിമാരായ ചന്ദ്രകാന്ത് കവ്ലേക്കർ, മനോഹർ അജ്ഗവങ്കർ എന്നിവർ പരാജിതരായി. ബി.ജെ.പി വിട്ട് സ്വതന്ത്രരായി മത്സരിച്ച മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും മനോഹർ പരീകറുടെ മകൻ ഉത്പൽ പരീകറും വീണു. തൃണമൂലിന്റെ പ്രതീക്ഷയായിരുന്ന മുൻ മുഖ്യമന്ത്രി ചർചിൽ അലെമാവോയുംതോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.