പനാജി: ഗോവയിൽ തന്റെ മൂന്നു വർഷ ഭരണം അവസാനിച്ചെന്നും ഇനി ബി.ജെ.പി നൽകുന്ന ഏതു ഉത്തരവാദിത്തവും സ്വീകരിക്കുമെന്നും അറിയിച്ച് താൽകാലിക ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ, സമ്പദ്‌വ്യവസ്ഥ, കോവിഡ് പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം നന്നായി പ്രവർത്തിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു.ഗോവ നിയമസഭാതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാപാർട്ടി തന്നെ തെരഞ്ഞെടുപ്പ് ചുമതല ഏൽപിച്ചത് വലിയ അംഗീകാരമായി കാണുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവയിലെ ബി.ജെ.പി നിരീക്ഷകനും സഹ നിരീക്ഷകനുമായ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, കേന്ദ്ര ഫിഷറീസ്- മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി എൽ. മുരുകൻ തുടങ്ങിയ നിരവധി നേതാക്കമാർ ഗോവയിലെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി എത്തുമെന്ന് ഗോവ ബി.ജെ.പി അധ്യക്ഷൻ സദാനന്ദ് തനവാഡെ നേരത്തെ അറിയിച്ചിരുന്നു.
ബി.ജെ.പി നിയമസഭാ കക്ഷിയോഗം തിങ്കളാഴ്ച വൈകിട്ട് നാലിന് പനാജിയിലെ ബി.ജെ.പി ഓഫീസിൽ വെച്ചാണ് ചേരുന്നത്. യോഗത്തിൽ അടുത്ത മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുകയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതി തീരുമാനിക്കുകയും ചെയ്യുമെന്നും തനവാഡെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 40 അംഗ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നേടി ബി.ജെ.പി സംസ്ഥാനത്ത് അധികാരം നിലനിർത്തിയിരുന്നു. പ്രതിപക്ഷമായ കോൺഗ്രസിന് 11 സീറ്റുകളിൽ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.