റായ്ബറേലി: റേഷൻ സംവിധാനത്തെ യു.പിയിലെ ബി.ജെ.പി സർക്കാർ താറുമാറാക്കിയതായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില യോഗി സർക്കാർ തകർത്തുവെന്നും റായ്ബറേലിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ അഖിലേഷ് കുറ്റപ്പെടുത്തി. ബി.ജെ.പി സർക്കാർ അധികാരത്തിലേറിയ ശേഷം കസ്റ്റഡി മരണങ്ങളുടെ നിരക്ക് ഏറ്റവുമുയർന്ന തോതിലാണെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.
റേഷൻ സംവിധാനം നിർത്തലാക്കാനുള്ള തയാറെടുപ്പിലാണ് സർക്കാറിപ്പോൾ. നിലവിൽ റേഷൻ വാങ്ങുന്നവർക്ക് തെരഞ്ഞെടുപ്പ് വരെ മാത്രമേ ലഭിക്കൂ. തെരഞ്ഞെടുപ്പിന് ശേഷം അത് നിർത്തും. ബി.ജെ.പി നേതാക്കൾ വോട്ടു ചോദിച്ച് വീടു വീടാന്തരം കയറിയിറങ്ങിയിരുന്നു. പക്ഷേ, ഒരു വീട്ടിൽ ചെന്നപ്പോൾ ഒഴിഞ്ഞ പാചകവാതക സിലിണ്ടറാണ് വീട്ടുകാരൻ അവരെ കാണിച്ചത്. അതോടെ വീടുകയറിയുള്ള പ്രചാരണം അവസാനിപ്പിച്ചുവെന്നും അഖിലേഷ് പരിഹസിച്ചു.
എസ്.പി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് അടുത്ത അഞ്ചു വർഷം പാവങ്ങൾക്ക് ഒരു കിലോ നെയ്യും സൗജന്യ റേഷനും അനുവദിക്കുമെന്നും അഖിലേഷ് വാഗ്ദാനം ചെയ്തു. അതോടൊപ്പം കടുക് എണ്ണയും ഒരു കുടുംബത്തിന് പ്രതിവർഷം രണ്ടു ഗ്യാസ് കുറ്റികളും സൗജന്യമായും നൽകുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. യോഗി നൽകുന്ന ഉപ്പിൽനിന്ന് കഴിഞ്ഞദിവസം കുപ്പിച്ചില്ലുകളാണ് ലഭിച്ചത്. സംസ്ഥാനത്തേക്ക് ഉപ്പു വരുന്നത് ഗുജറാത്തിൽനിന്ന് തന്നെയല്ലേ എന്നും അഖിലേഷ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.