ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. മെയിൻപുരിയിലെ കർഹാൽ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. കർഹാലിൽ കന്നി മത്സരമാണ് അഖിലേഷിന്‍റേത്. തെരഞ്ഞെടുപ്പിൽ യു.പി എഴുതുക രാജ്യത്തെ അടുത്ത നൂറ്റാണ്ടിന്റെ ചരിത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'ഈ പത്രിക സമർപ്പണം ഒരു ദൗത്യമാണ്, പുരോഗമന ചിന്തയോടെ ഗുണാത്മക രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിൽ നമുക്ക് പങ്കാളികളാകാം. പ്രതിലോമ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി ഇവിടെനിന്ന് തൂത്തെറിയണം. ജയ് ഹിന്ദ്.'-അഖിലേഷ് ട്വീറ്റ് ചെയ്തു. ഇട്ടാവയിലെ തന്റെ ജന്മസ്ഥലമായ സൈഫായിയിൽനിന്ന് മെയിൻപുരിയിലേക്ക് സമാജ്‌വാദി വിജയ് രഥ് ബസിൽ പുറപ്പെടുന്നതിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
മണ്ഡലത്തിൽ പ്രചാരണത്തിന് വരുമോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും പാർട്ടി നേതാക്കൾക്കും വോട്ടർമാർക്കും വിട്ടുകൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമാജ്‍വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ ജന്മഗ്രാമമായ സൈഫായിയിൽനിന്ന് നാലു കിലോമീറ്റർ അകലെയാണ് കർഹാൽ മണ്ഡലം. 2002 ഒഴികെ 1993 മുതൽ മണ്ഡലം പാർട്ടിക്കൊപ്പമാണ്.
അഖിലേഷിനെതിരെ കേന്ദ്രമന്ത്രി ബാഘേൽ
ലഖ്നോ: അഖിലേഷ് യാദവിനെ നേരിടാൻ കേന്ദ്രമന്ത്രി എസ്.പി. സിങ് ബാഘേൽ. അഖിലേഷ് യാദവ് പത്രിക നൽകിയതിന് തൊട്ടുപിന്നാലെയാണ് ബാഘേൽ കർഹാൽ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി പത്രിക നൽകിയത്. ആഗ്രയിലെ ലോക്സഭാംഗവും കേന്ദ്ര നിയമ-നീതി സഹമന്ത്രിയുമാണ് 61കാരനായ ഇദ്ദേഹം. നാലു തവണ എം.പിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.