ഫയൽചിത്രം

യു.പിയിൽ അഖിലേഷ് തെരഞ്ഞെടുത്തത് സുരക്ഷിത മണ്ഡലമായ 'കർഹാൽ'; കാരണമറിയാം

ലഖ്നോ: ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലമാണ് മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലം. അസംഗഡിലെ ഗോപാൽപൂർ മണ്ഡലത്തിൽനിന്ന് അഖിലേഷ് മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിയായിരുന്നു കർഹാൽ മണ്ഡലത്തിൽ അഖിലേഷിന്റെ സ്ഥാനാർഥിത്വം.

സമാജ്വാദി പാർട്ടിയുടെ സുരക്ഷിത മണ്ഡലമാണ് കർഹാൽ. മത്സരം നടന്ന ഏഴുതവണയിൽ ആറുതവണയും എസ്.പി ഇവിടെ അധികാരം പിടിച്ചെടുത്തു. അതിനുമുമ്പ് എസ്.പിയുടെ മുൻരൂപങ്ങളായ ജനതാ പാർട്ടി, ലോക്ദൾ, ഭാരതീയ ക്രാന്തി എന്നിവർ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചിരുന്നു. സോഷ്യലിസ്റ്റ് അടിത്തറയാണ് ഈ മണ്ഡലത്തിന്റെ പ്ര​ത്യേകത. 1951ലെ ആദ്യ തെരഞ്ഞെടുപ്പിൽ കിസാൻ മസ്ദൂർ പ്രജാ പാർട്ടിയാണ് കർഹാലിൽ വിജയിച്ചത്. 1957ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും.

യാദവ് കുടുംബം ഒരിക്കലും പ്രതിനിധീകരിക്കാത്ത മണ്ഡലം കൂടിയാണ് എസ്.പിയുടെ കോട്ടയായ കർഹാൽ. ഇറ്റാവ ജില്ലയിലെ ജസ്വന്ത്നഗറാണ് യാദവ കുടുംബത്തിന്റെ മണ്ഡലം. അഖിലേഷിന്റെ അമ്മാവനായ ശിവപാൽ സിങ് യാദവാണ് ജസ്വന്ത്നഗറിറെ പ്രതിനിധീകരിച്ചിരുന്നത്. 1996 മുതൽ ശിവ്പാൽ ഈ മണ്ഡലം നിലനിർത്തിപോരുന്നു.

1967 മുതൽ 1993 വരെ മുലായം സിങ് യാദവ് ജസ്വന്ത്നഗറിനെ പ്രതിനിധീകരിച്ചിരുന്നു. 1980ലെ കോൺഗ്രസ് തരംഗത്തിൽ മാത്രമായിരുന്നു മുലായത്തിന് ഇവിടെ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്. അതിനുമുമ്പ് ഗുന്നാർ, ബർത്താന മണ്ഡലങ്ങളിലും മുലായം മത്സരിച്ചിരുന്നു.

സമാജ്‍വാദി പാർട്ടിയുടെയും മുലായത്തിന്റെയും ശക്തികേന്ദ്രമാണ് കർഹാൽ. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് മുലായം സിങ് സജീവമായിരുന്ന ജില്ലയായിരുന്നു മെയിൻപുരി. അതിനാൽ തന്നെ അഖിലേഷിനെ കുട്ടിയായിരുന്നപ്പോൾ മുതൽ കർഹാലിന് അറിയാം. സുരക്ഷിത മണ്ഡലമായ കർഹാലിൽ മത്സരിച്ചാൽ സ്വന്തം മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കാതെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനും അഖിലേഷിന് കഴിയും. സമാജ്‍വാദി പാർട്ടി നേതാവായ സോബരൺ യാദവാണ് കർഹാലിലെ നിലവിലെ എം.എൽ.എ. ഏഴു ഘട്ടങ്ങളായി നടക്കുന്ന യു.പി തെരഞ്ഞെടുപ്പിൽ ഫെബ്രുവരി 20നാണ് കർഹാലിലെ തെരഞ്ഞെടുപ്പ്. 

Tags:    
News Summary - Akhilesh Yadav to continue Mulayam Singhs legacy from Karhal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.