വോട്ടെടുപ്പ് ദിനത്തിൽ ലഖിംപുർ ഖേരിയിലെ തികുനിയ നിശ്ശബ്ദം. കർഷകരെ വണ്ടികയറ്റി കൊന്ന ഭാഗത്ത് റോഡ് വിജനം. എട്ടു ജീവനുകളാണ് അവിടെ പൊലിഞ്ഞത്. ചക്രം കയറിയിറങ്ങിയ നാലു കർഷകരുടെ ജീവൻ വേർപെടുന്ന ഞരക്കത്തിനു മുന്നിൽ രോഷാകുലരായ ജനക്കൂട്ടം മന്ത്രിപുത്രന്റേത് അടക്കം രണ്ടു വണ്ടികൾ കത്തിച്ച സ്ഥലത്തെ പൊലീസ് അടയാളങ്ങളും മുളങ്കുറ്റികളും ഇപ്പോഴുമുണ്ട്. കരിമ്പു പാടം പിന്നിട്ട വണ്ടി നിർത്തി അതു കണ്ട് പുറത്തിറങ്ങിയതേയുള്ളൂ. അവിടെ റോന്തു ചുറ്റുന്ന രണ്ടു യുവാക്കൾ ബൈക്ക് തിരിച്ചു നിർത്തി അൽപം പരുഷമായിത്തന്നെ ചോദ്യം ചെയ്തു തുടങ്ങി. എവിടെനിന്നു വരുന്നു? എന്താണിവിടെ കാര്യം? ചുറ്റുപാടുകൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന കാവിക്കാരായ ചെറുപ്പക്കാരാണ് അവരെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. തെരഞ്ഞെടുപ്പു കാലത്ത് ലഖിംപുരിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് സംസ്ഥാനത്താകെ ബി.ജെ.പിക്ക് തിരിച്ചടിയായി മാറും. അതു മുൻനിർത്തിയുള്ള കരുതൽ കാവലാണ്.
അപരിചിതനെ മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ അവരിൽ മുതിർന്നയാൾ, ആശിഷ് അവസ്തി ഇങ്ങനെ പറഞ്ഞു തുടങ്ങി: മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കുറ്റക്കാരനല്ല. കർഷകർക്കുമേൽ കയറിയ വണ്ടിക്കുള്ളിൽ അയാൾ ഉണ്ടായിരുന്നില്ല. വണ്ടിക്കുള്ളിൽനിന്ന് ആരും വെടി വെച്ചതേയില്ല. ഒരുപാട് ആളുകൾ ചേർന്ന് കല്ലും കുറുവടിയുമൊക്കെയായി വണ്ടി തടഞ്ഞു നിർത്തിയപ്പോൾ രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ കർഷകരുടെമേൽ വണ്ടി കയറിയിറങ്ങിയതാണ്. വേഗം വണ്ടിയെടുത്തു രക്ഷപ്പെടാൻ ആരായാലും ശ്രമിക്കില്ലേ? എന്തെല്ലാം ഉപകാരങ്ങളാണ് മന്ത്രിയുടെ കുടുംബം നാട്ടുകാർക്ക് ചെയ്തത്. ഇവിടത്തെ സിഖുകാർക്കൊക്കെ ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ 'മന്ത്രിജി'യുടെ മകൻ പ്രതി. ഇതിനൊക്കെ ഒരിക്കൽ തിരിച്ചടി ഉണ്ടാകാതിരിക്കില്ല. തെരഞ്ഞെടുപ്പു കാലമായതു കൊണ്ട് എല്ലാവർക്കും മുന്നിൽ തൊഴുതു പിടിച്ചു നിന്നേ മതിയാവൂ എന്നു പറയാനും അയാൾ മടിച്ചില്ല.
പാടം മുറിച്ച് നേർരേഖയായി കിടക്കുന്ന റോഡിലൂടെ മുന്നോട്ടു പോയാൽ അടുത്തടുത്തായി നിരവധി സിഖ് കുടുംബങ്ങളെയും ഗുരുദ്വാരയും കാണാം. കരിമ്പു കർഷകർ. അവർക്കിടയിൽനിന്ന് ഇറങ്ങിവന്ന ഗുർമീത് സിങ്ങിന് ആശിഷ് അവസ്തിയുടെ വാക്കുകളല്ല പറയാനുള്ളത്. മന്ത്രിക്ക് കരിങ്കൊടി കാണിച്ചു മടങ്ങിയ കർഷകർക്കിടയിലേക്ക് കലിപ്പോടെ വണ്ടി ഓടിച്ചു കയറ്റുകയായിരുന്നു. വളവും പുളവുമില്ലാത്ത റോഡിന്റെ വശം പറ്റി കൂട്ടമായി പോവുകയായിരുന്നു കർഷകർ. പ്രതിഷേധിക്കുന്നതു തെറ്റാണോ? മന്ത്രിക്കും പുത്രനുമൊക്കെ എന്തും ആകാമെന്നാണോ? മരിച്ച കർഷകരുടെ കുടുംബങ്ങളോട് പക കൊണ്ടുനടക്കുന്നു. അതിനെല്ലാമൊടുവിൽ വോട്ടെടുപ്പിനു മുൻപേ പ്രതി ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുന്നു. ഇതിനൊക്കെ ഇവിടത്തുകാർ വോട്ടെടുപ്പിൽ കണക്കു തീർക്കാതിരിക്കില്ല.
കരിമ്പും ചോളവും കടുകുമെല്ലാം കൃഷിചെയ്യുന്ന പാടത്തിനു നടുവിലൂടെ നേപ്പാൾ അതിർത്തിയിലേക്ക് നീണ്ടു കിടക്കുന്ന റോഡിലൂടെ വീണ്ടും കുറച്ചു മുന്നോട്ടു പോയാൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വീടായി. ചാണക വരളികൾക്കും കൊച്ചു പുൽവീടുകൾക്കുമിടയിൽ നാലാൾ പൊക്കത്തിൽ കെട്ടിപ്പൊക്കിയ വൻമതിലിനുള്ളിലെ ജന്മി ബംഗ്ലാവ്. വോട്ടെടുപ്പു ദിനത്തിൽ മേൽനോട്ടത്തിന് മന്ത്രി ലഖിംപുർ ഖേരിയിൽ ഉണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കും, അതിലേറെ അജയ് മിശ്ര തേനിക്കും ഏറെ നിർണായകമാണ്. വോട്ടർമാരിൽനിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് തീർച്ച. എന്നാൽ പരിക്ക് ഏറ്റവും കുറച്ചില്ലെങ്കിൽ തകരുന്നത് രാഷ്ട്രീയ ഭാവിയാണ്.
കർഷക സമരത്തിൽ പ്രധാന അടയാളമായി മാറിയിരിക്കുന്ന ലഖിംപുർ ഖേരിയിൽ ജനം ഇന്ന് ഫലത്തിൽ രണ്ടു ചേരി. അവർക്കിടയിൽ അമർഷം തളംകെട്ടി കിടക്കുന്നു. വോട്ടെടുപ്പിലെ നിശ്ശബ്ദതയും അമർഷത്തിന്റെ പ്രതിഫലനം. ഒരു ദുരന്തം കണ്ട ലഖിംപുരിൽ ഇക്കുറി തെരഞ്ഞെടുപ്പിൽ കൊടികെട്ടാൻ തന്നെ ഒരു പാർട്ടിയും ഒരുമ്പെട്ടില്ല. കാടിളക്കുന്ന പ്രചാരണം ഇല്ലാതെ തന്നെ വ്യക്തമായി ചേരിതിരിഞ്ഞ് അവർ വോട്ടു ചെയ്യാനിറങ്ങി. ഓരോ ചേരിയും ഉള്ളിൽ പേറുന്നത് അമർഷം.
ഹിന്ദു, സിഖ്, മുസ്ലിം വിഭാഗങ്ങൾ ഇടകലർന്നു കഴിയുന്ന പ്രദേശമാണ് തികുനിയ ഉൾപ്പെടുന്ന ലഖിംപുർ ഖേരി. പരമ്പരാഗതമായി ബി.ജെ.പിക്കാണ് മേൽകൈയെങ്കിലും, ദാരുണ സംഭവം കർഷക മേഖലകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം ഭയക്കുകയാണ് ബി.ജെ.പി. ബുധനാഴ്ച വോട്ടെടുപ്പ് നടന്ന 59 സീറ്റിൽ 51ഉം കഴിഞ്ഞ തവണ ബി.ജെ.പിക്കായിരുന്നെങ്കിൽ, ഇക്കുറി സ്ഥിതി മറ്റൊന്നായിരിക്കുമെന്ന് ബി.ജെ.പി നേതാക്കൾതന്നെ തിരിച്ചറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.