പേരിനു മുലായത്തിന്റെ ഇളയ മരുമകൾ എന്നൊക്കെ പറയാമെങ്കിലും രാഷ്ട്രീയമായി 'സംപൂജ്യ'യായ അവർ ഒരിക്കലും ബി.ജെ.പിയുടെ നഷ്ടം നികത്തില്ല. മുമ്പും പലപ്പോഴും യോഗിയുടെ കൂടെ അപർണയെ കണ്ടിട്ടുണ്ട്.
സമാജ്വാദി പാർട്ടി ആചാര്യൻ മുലായം സിങ് യാദവിന്റെ മരുമകൾ അപർണ ബിഷ്ത് യാദവിനെ 'തട്ടിയെടുത്തത്' വൻനേട്ടമായി കൊണ്ടാടുകയാണ് ബി.ജെ.പി. മുഖ്യധാരാ മാധ്യമങ്ങൾക്ക് അത് ചൂടുള്ള വാർത്തയായിരുന്നു. എതിരാളി സമാജ്വാദി പാർട്ടിയിൽനിന്നു തുടർച്ചയായി ഏറ്റുകൊണ്ടിരുന്ന രാഷ്ട്രീയ പ്രഹരങ്ങൾക്കുള്ള ഭരണകക്ഷിയുടെ ഉരുളക്കുപ്പേരിയായി അതു വിശേഷിപ്പിക്കപ്പെട്ടു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മൂന്ന് പ്രമുഖരെയും ഭരണകക്ഷിയുടെ 11 എം.എൽ.എമാരെയുമാണല്ലോ അഖിലേഷ് ചാക്കിലാക്കിയത്. യോഗിയെപ്പോലൊരു സ്ഥാനത്തിരിക്കുന്ന ആരെയും അങ്കലാപ്പിലാക്കുന്ന ഒരു ചെറിയ അട്ടിമറിയായിരുന്നു അത്. 2014 മുതൽ അദ്ദേഹം ഏറെ മിനക്കെട്ട് ബി.ജെ.പിയിലേക്ക് കൂട്ടിക്കൊണ്ടുവന്നതായിരുന്നു അതിപിന്നാക്കവിഭാഗത്തിൽ പെട്ട മൂന്നു മന്ത്രിമാരെയും. അഖിലേഷ് വരുത്തിയ നഷ്ടത്തിനു പാർട്ടി ഹൈകമാൻഡ് യു.പി മുഖ്യമന്ത്രിയെ കണക്കിനു കശക്കുമെന്നു ബി.ജെ.പി വൃത്തങ്ങളിൽ അഭ്യൂഹം പരന്നതിൽ അത്ഭുതമില്ല. അത്തരമൊരു സാഹചര്യത്തിൽ അപർണയെ റാഞ്ചുന്നതിലും ഭേദപ്പെട്ട ഒരു വഴി യോഗി കണ്ടിട്ടുണ്ടാവില്ല. പേരിനു മുലായത്തിന്റെ ഇളയ മരുമകൾ എന്നൊക്കെ പറയാമെങ്കിലും രാഷ്ട്രീയമായി 'സംപൂജ്യ'യായ അവർ ഒരിക്കലും ബി.ജെ.പിയുടെ നഷ്ടം നികത്തില്ല. മുമ്പും പലപ്പോഴും യോഗിയുടെ കൂടെ അപർണയെ കണ്ടിട്ടുണ്ട്. സന്യാസിയുടെ പൂർവകാലാശ്രമത്തിൽ യോഗിയും 'ബിഷ്ത്' ഗോത്രജനായിരുന്നല്ലോ.
''യാദവർക്കിടയിൽനിന്നു നേടാനാകാത്ത രാഷ്ട്രീയമോഹങ്ങൾ അവർക്ക് ബിഷ്ത് ബന്ധം വഴി സാക്ഷാത്കരിക്കാനാവും'' -ഒരു പ്രമുഖ എസ്.പി നേതാവ് 'മാധ്യമ'ത്തോടു പറഞ്ഞു. 2017ൽ മുലായം ലഖ്നോവിൽ അവർക്ക് ഒരു സീറ്റു തരപ്പെടുത്തിയെങ്കിലും ബി.ജെ.പിയുടെ റീത്ത ബഹുഗുണ ജോഷിയോട് പരാജയപ്പെടുകയായിരുന്നു.
ബി.ജെ.പി അധികാരമേറി, യോഗി മുഖ്യമന്ത്രിയായതോടെ യോഗി എന്ന പഴയ അജയ് ബിഷ്തുമായി ചങ്ങാത്തത്തിനായി അപർണയുടെ ശ്രമം. അവരുടെ ഗോശാല സന്ദർശിക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചായിരുന്നു തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പരസ്യമായി പുകഴ്ത്താനും അവർ മടിച്ചില്ല. അങ്ങനെ യാദവകുടുംബത്തിൽനിന്നു ലഭിക്കാത്ത പരിഗണന ഉറപ്പായ ആദ്യസന്ദർഭത്തിൽ അവർ മറുകണ്ടം ചാടി. കഴിഞ്ഞ വട്ടം തോറ്റ ലഖ്നോ കന്റോൺമെന്റ് മണ്ഡലത്തിൽ ബി.ജെ.പി ഒരു സീറ്റു നൽകുകകൂടി ചെയ്താൽ അപർണക്ക് അതു നേട്ടമാവും. ബി.ജെ.പിക്കു ഒരു പ്രതികാരത്തിന്റെ മധുരവും.
എന്നാൽ, എസ്.പിയുടെ ഒന്നാം നമ്പർ തറവാട്ടിൽ ഇതൊന്നും കുലുക്കമുണ്ടാക്കാൻ പോകുന്നില്ല. മുലായം 2012ൽ അഖിലേഷിനെ അനന്തരഗാമിയായി പ്രഖ്യാപിച്ചപ്പോൾതന്നെ അവിടെ അകത്ത് അടി തുടങ്ങിയതാണ്. ഇളയമകൻ പ്രതീകിനെ അനേക ശതകോടി ബിസിനസ് സ്ഥാപനങ്ങളുടെ അനന്തരാവകാശിയായി മുലായം പ്രഖ്യാപിച്ചിരുന്നു. അവരുടെ അമ്മ സാധനയും രാഷ്ട്രീയത്തിൽ വല്ലതും പ്രതീക്ഷിച്ചു. എന്നാൽ, അതൊരിക്കലും അനുവദിച്ചു കിട്ടില്ലെന്ന് അഖിലേഷ് ഭരണകാലത്ത് കാണിച്ചുകൊടുത്തു. ഈ അവകാശത്തർക്കമാണ് പുരാതന ഇട്ടാവ കുടുംബത്തിന്റെ ശൈഥില്യത്തിനു കാരണം. മുലായമിന്റെ അനിയൻ ശിവപാൽ യാദവും അവഗണന നേരിട്ടയാളാണ്. ശിവപാലിന്റെയും എസ്.പിയെ കൊണ്ടുനടന്നിരുന്ന പരേതനായ അമർ സിങ്ങിന്റെയും പിന്തുണയുടെ കരുത്തിൽ പ്രതീക്-അപർണ-സാധന സഖ്യം അഖിലേഷിനെതിരെ കരുത്തുനേടിയ കാലമുണ്ടായിരുന്നു. ആ അതിജീവന പോരാട്ടത്തിൽ അച്ഛനെ മലർത്തിയടിച്ച് പാർട്ടിയെ കൈപ്പിടിയിലൊതുക്കിയത് അഖിലേഷായിരുന്നു. അതിൽപിന്നെ രാഷ്ട്രീയമോഹങ്ങൾ വാടിക്കരിഞ്ഞ നിലയിലായിരുന്നു. അങ്ങനെ ബി.ജെ.പിയിൽ ഒരു ഇടം കിട്ടാൻ ഏറെ അധ്വാനിച്ചതാണ്. ഒടുവിൽ യോഗി വാതിൽ തുറന്നു, അഖിലേഷിന് തുല്യനാണയത്തിൽ തിരിച്ചടി നൽകാൻ. അപർണയുടെ കുടുംബം മുലായമിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. അമ്മക്ക് ലഖ്നോ മുനിസിപ്പൽ കോർപറേഷനിലും പിന്നീട് ലഖ്നോ െഡവലപ്മെന്റ് അതോറിറ്റിയിൽ ഓഫിസറായും ജോലി നൽകി. മാധ്യമപ്രവർത്തകനായിരുന്ന അച്ഛൻ അരവിന്ദ് സിങ് ബിഷ്തിനെ സംസ്ഥാന വിവരാവകാശ കമീഷണറാക്കി. യോഗി വന്നപ്പോഴാകട്ടെ, അപർണക്ക് ഗവൺമെന്റ് കോളനിയിലെ മികച്ച സ്ഥലത്ത് ഒരു വലിയ കെട്ടിടം പ്രവർത്തനരഹിതമായ ഒരു എൻ.ജി.ഒയുടെ പേരിൽ 'ഇഷ്ടദാനം' നൽകി.
അമ്മ അംബി ബിഷ്തിനെതിരെ ഗുരുതരമായ അഴിമതിക്കുറ്റം ചുമത്തപ്പെട്ടിട്ടും അഴിമതിക്കെതിരെ സീറോ സഹിഷ്ണുത പ്രഖ്യാപിച്ച യോഗി എല്ലാം പെട്ടെന്നു അവസാനിപ്പിച്ചു. ഈ ആനുകൂല്യങ്ങളുടെ അകമ്പടിയോടെയാണ് അപർണ ബി.ജെ.പി പാളയത്തിലെത്തുന്നത്. അതുകൊണ്ടു അപർണയോ, യോഗിയോ ആരാണു നേട്ടമുണ്ടാക്കുക എന്നതാണിപ്പോൾ സംസ്ഥാന ബി.ജെ.പിയിലെ ജിജ്ഞാസ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.