ലഖ്നോ: ഉത്തർപ്രദേശിൽ കോവിഡ്, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് പ്രചാരണം നടത്തിയതിന് ദേശിയ ഗുസ്തി താരം ബബിത ഫോഗട്ടിനെതിരെ പൊലീസ് കേസെടുത്തു.
ബാഗ്പത്തിലെ ബി.ജെ.പി സ്ഥാനാർഥി കൃഷൻപാൽ മാലിക്കിന് വേണ്ടി നടത്തിയ പ്രചാരണറാലി സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി. ബബിത ഫോഗട്ട്, കൃഷൻപാൽ മാലിക്ക് എന്നിവരെ കൂടാതെ റാലിയിൽ പങ്കെടുത്ത 60 ഓളം പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
നേരത്തെ ബബിത ഫോഗട്ട് ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചാരണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. തുടർന്ന് റാലിയിൽ പങ്കെടുത്ത ആരും തന്നെ മാസ്ക്ക് ധരിച്ചിട്ടില്ലെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമായതിനെ തുടർന്നാണ് പൊലിസ് കേസെടുത്തത്. പ്രചാരണറാലി നടത്താൻ ജില്ല ഭരണകൂടത്തിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ഐ.പി.സി സെക്ഷൻ 269, 270, 188, പകർച്ചവാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ബാഗ്പത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായ ഹരീഷ് ചന്ദ്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.