ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഗ്രാമത്തിലെത്തിയ ബി.ജെ.പി എം.എൽ.എയെ വന്നവഴി ഓടിച്ച് ഗ്രാമീണർ. മുസഫർനഗർ മണ്ഡലത്തിലാണ് സംഭവം.
ഖത്തൗലിയിലെ ബി.ജെ.പി എം.എൽ.എയായ വിക്രം സിങ് സൈനി ബുധനാഴ്ച ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. എന്നാൽ രോഷാകുലരായ പ്രദേശവാസികൾ എം.എൽ.എയോട് കയർത്ത് ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഗ്രാമത്തിൽ കാലുകുത്താൻ സമ്മതിക്കാതെ എം.എൽ.എയെ ഗ്രാമവാസികൾ പറഞ്ഞയക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ഗ്രാമത്തിലെത്തിയ എം.എൽ.എയുടെ സമീപം ആളുകൾ തടിച്ചുകൂടുന്നതും ഇതോടെ എം.എൽ.എ കാറിൽ കയറുന്നതും വിഡിയോയിൽ കാണാം. കാറിൽ കയറിയതിന് ശേഷവും ഗ്രാമവാസികൾ എം.എൽ.എക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് പിന്തുടർന്നു. ഇതോടെ ഗ്രാമവാസികളോട് കയർത്ത് സംസാരിക്കുന്ന സൈനി പിന്നീട് കാറിലിരുന്ന് കൈകൂപ്പി പോകുന്നതും വിഡിയോയിൽ കാണാം.
കേന്ദ്രസർക്കാറിന്റെ പിൻവലിച്ച കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ തുടർച്ചയായിരുന്നു എം.എൽ.എക്കെതിരായ പ്രതിഷേധം.
നിരവധി വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന ബി.ജെ.പി നേതാവാണ് സൈനി. പശുക്കളെ കൊല്ലുന്നവരുടെ കൈകാലുകൾ തല്ലിയൊടിക്കണമെന്നും ഹിന്ദുക്കളുടെ രാജ്യമായതിനാലാണ് നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നതെന്നും സൈനി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.