സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പങ്കെടുക്കുന്ന യോഗങ്ങൾക്ക് നല്ല ജനക്കൂട്ടം. അണികൾ വലിയ ആവേശത്തിലാണ്. മുൻനിര ബി.ജെ.പി നേതാക്കൾ നടത്തുന്ന റോഡ്ഷോയിൽ കാണുന്ന പണത്തിളപ്പിെൻറ ആവേശത്തിൽനിന്ന് വ്യത്യസ്തമാണ് അത്. യു.പിയിൽ ഭരണമാറ്റം ആഗ്രഹിക്കുന്ന വോട്ടർമാർ അതിൽ വലിയ പ്രതീക്ഷ വെക്കുന്നു. എന്നാൽ, പല കോണുകളിൽ നിന്നുള്ള കടുത്ത വെല്ലുവിളികളോടുള്ള അഖിലേഷിെൻറ പോരാട്ടം അങ്ങേയറ്റം ദുഷ്കരം.
പ്രതിപക്ഷത്തെ എല്ലാ പാർട്ടികൾക്കും സാങ്കേതികമായി ബി.ജെ.പിയാണ് പൊതുശത്രുവെങ്കിലും അങ്കത്തട്ടിൽ ബി.ജെ.പിക്കൊപ്പം ബി.എസ്.പിയുടെയും പൊതുശത്രുവാണ് സമാജ്വാദി പാർട്ടി. സമാജ്വാദി പാർട്ടിയുടെ വളർച്ച ബി.ജെ.പിയുടെ മാത്രമല്ല, യു.പിയിലെ പ്രാദേശിക കക്ഷികളിൽ പ്രമുഖരായ ബി.എസ്.പിയുടെയും തളർച്ചയാണ്. അത് കണ്ടറിഞ്ഞ് മായാവതിയുടെ കരുനീക്കമെങ്കിൽ, സമാജ്വാദി പാർട്ടി തഴഞ്ഞതിലുള്ള അമർഷം പേറുകയാണ് കോൺഗ്രസ് മുതൽ ഇടതു പാർട്ടികൾ വരെയുള്ളവർ. മുലായം കുടുംബത്തിലെ അസ്വാരസ്യം അടക്കമുള്ള സാഹചര്യങ്ങൾ വേറെയുണ്ട്. സമാജ്വാദി പാർട്ടിക്കാകട്ടെ, ഇത് ജീവന്മരണ പോരാട്ടം.
സമാജ്വാദി പാർട്ടിയുടെ ഏക താരപ്രചാരകൻ അഖിലേഷാണ്. പ്രായാധിക്യത്തിെൻറ പ്രയാസങ്ങൾക്കിടയിൽ മുലായംസിങ് കളത്തിൽ ഇല്ല. കുടുംബവാഴ്ചയെന്ന ബി.ജെ.പി ആരോപണത്തിെൻറ മുനകളയാൻ കുടുംബത്തിൽ നിന്ന് ആരെയും അഖിലേഷ് സ്റ്റേജിൽ കയറ്റുന്നില്ല. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഭാര്യ ഡിംപിൾ യാദവിനുമില്ല സ്ഥാനം. രണ്ടാംനിര നേതാക്കളെ വളർത്താൻ അഖിലേഷ് തയാറായില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
യാദവരുടെ മിശിഹയായി അറിയപ്പെട്ട സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായംസിങ്ങിെൻറ മകനുവേണ്ടി യാദവർ മുഴുവൻ വോട്ടു ചെയ്താൽപോലും തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ മറ്റു വിഭാഗങ്ങളുടെ വോട്ടു കിട്ടണം. എന്നാൽ, യാദവരിൽ അടക്കം പിളർപ്പുണ്ടാക്കാനാണ് ബി.ജെ.പിയുടെ കരുനീക്കങ്ങൾ. ഹിന്ദുക്കളായി ചിന്തിക്കണമെന്നും ഹൈന്ദവ ഐക്യമില്ലാത്തതാണ് പ്രശ്നമെന്നുമുള്ള സാരോപദേശമാണ് വിവിധ ജാതി വിഭാഗങ്ങൾക്ക് ബി.ജെ.പി നേതാക്കൾ പരസ്യമായിത്തന്നെ നൽകിവരുന്നത്. സമാജ്വാദി പാർട്ടിയുടെ ഒ.ബി.സി വോട്ടു ബാങ്കിലും ബി.എസ്.പിയുടെ പിന്നാക്ക വോട്ടു ബാങ്കിലും കോൺഗ്രസിന് പങ്കുകിട്ടുന്ന സവർണ വോട്ടുകളിലും വിള്ളൽ വീഴ്ത്താനുള്ള ഈ തന്ത്രത്തിെൻറ അനുബന്ധമാണ് പലവിധ വിദ്വേഷ പ്രചാരണങ്ങൾ.
ജാതികൾ കൂടിക്കുഴഞ്ഞ യു.പിയിൽ ആരെയും പിണക്കാതെയും കെണിയിൽ വീഴാതെയുമുള്ള മെയ്യഭ്യാസത്തിനാണ് ഇതിനിടയിൽ അഖിലേഷിെൻറ ശ്രമം.യോഗിക്കെതിരായ ന്യൂനപക്ഷ വികാരം ഏറ്റവും പ്രയോജനപ്പെടുന്നത് സമാജ്വാദി പാർട്ടിക്കാണെങ്കിലും, ആ വോട്ട് ബാങ്കിൽ പിളർപ്പുണ്ടാക്കാൻ മായാവതി ശ്രമിക്കുന്നു. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം പിടിക്കുന്ന വോട്ട് എത്ര ചെറിയ ശതമാനമായാലും, പരിക്ക് സമാജ്വാദി പാർട്ടിക്കാണ്. അഖിലേഷാകട്ടെ, സഖ്യങ്ങളുടെ കാര്യത്തിൽ പുതിയ തന്ത്രമാണ് പുറത്തെടുത്തത്. അങ്ങോട്ട് വോട്ടു ചെയ്താൽ ഇങ്ങോട്ടും വോട്ടു കിട്ടുന്ന പാർട്ടികളുമായി മാത്രം സഖ്യമെന്ന നയമാണ് സ്വീകരിച്ചത്. സീറ്റ് വീതം വെച്ചു നൽകിയാൽ സ്വന്തം സാധ്യത കുറയുമെന്ന് കണ്ടപ്പോൾ ക്ഷീണിച്ച കോൺഗ്രസും, പേരിലേക്കു മാത്രമായി കൂടുതൽ ചുരുങ്ങി വരുന്ന ഇടതുപാർട്ടികളുമൊക്കെ പുറത്തായി.
കർഷക സമരത്തിലൂടെ ഉണ്ടായ ജാട്ട്, മുസ്ലിം, യാദവ ഐക്യം പ്രയോജനപ്പെടുത്താൻ പടിഞ്ഞാറൻ യു.പിയിൽ ജയന്ത് ചൗധരി നയിക്കുന്ന ആർ.എൽ.ഡിയുമായി കൈകോർത്തു. കർഷക നേതാവ് രാകേഷ് ടികായത്തിെൻറ സഹകരണവും നേടി. പ്രാദേശികമായി നേട്ടമുണ്ടാക്കാൻ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, ജനവാദി സോഷ്യലിസ്റ്റ് പാർട്ടി, മഹാൻ ദൾ, ജനവാദി ക്രാന്തി പാർട്ടി, അപ്നദൾ-കെ തുടങ്ങിയവ അങ്ങനെ സഖ്യത്തിൽ ചേർന്നു. ഈ സഖ്യങ്ങൾ ഗുണം ചെയ്തിട്ടുണ്ടെങ്കിലും, പ്രതിപക്ഷ ഐക്യം സാധ്യമാകാത്തതിെൻറ പരിക്ക് ബാക്കി. മുൻമന്ത്രി സ്വാമി പ്രസാദ് മൗര്യ അടക്കം പ്രമുഖ ബി.ജെ.പി നേതാക്കൾ എസ്.പിയിൽ എത്തിയത് അഖിലേഷിന് മുതൽക്കൂട്ടായി. എന്നാൽ, തൂക്കുസഭയാണ് ഉണ്ടാകുന്നതെങ്കിൽ ബി.എസ്.പി പിന്തുണ ബി.ജെ.പി നേടിയെടുക്കുമെന്ന സൂചന ഇതിനകം ഉയർന്നിട്ടുണ്ട്. അഖിലേഷിനൊപ്പമുള്ള ആർ.എൽ.ഡി വശീകരിക്കപ്പെടാമെന്ന സംശയങ്ങളും നിലനിൽക്കുന്നു. തെരഞ്ഞെടുപ്പിനുശേഷമുള്ള ഇത്തരം വെല്ലുവിളികളും അഖിലേഷിനു മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.