യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് സൂചന നൽകി പ്രിയങ്ക ഗാന്ധി

ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന് സൂചന നൽകി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വെള്ളിയാഴ്ച പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാരാകുമെന്ന ചോദ്യത്തിന് പ്രിയങ്ക നൽകിയ മറുപടിയാണ് ഈ സൂചനകൾ നൽകുന്നത്.

'യു.പിയിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മറ്റാരുടെയെങ്കിലും മുഖം നിങ്ങൾ കാണുന്നുണ്ടോ? എല്ലായിടത്തും നിങ്ങൾക്ക് എന്റെ മുഖം കാണാം'-പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കോൺഗ്രസ് 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി വനിതയാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.

കോൺഗ്രസ് ഒറ്റക്കാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വെള്ളിയാഴ്ച യുവജന പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

യുവാക്കൾക്ക് 20 ലക്ഷം തൊഴിൽ വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികയിൽ ഒഴിഞ്ഞുകിടക്കുന്ന 1.5ലക്ഷം അധ്യാപക തസ്തികകൾ നികത്തുമെന്ന് പറയുന്നു. പാർട്ടി അധികാരത്തിലെത്തിയാൽ യുവാക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സംസ്ഥാനത്ത് ഓരോ മണിക്കൂറിലും 880ഓളം യുവാക്കൾക്ക് തൊഴിൽ നഷ്ടമാകുന്നു. 16 ലക്ഷം യുവാക്കൾക്ക് ഇത്തരത്തിൽ തൊഴിൽ നഷ്ടമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'പുതിയ യു.പി സൃഷ്ടിക്കാനാണ് ഞങ്ങളുടെ ആഗ്രഹം. യുവത്വമാണ് ശക്തി' -രാഹുൽ ഗാന്ധി പറഞ്ഞു.

കോൺ​ഗ്രസ് പാർട്ടി ഒരിക്കലും സംസ്ഥാനത്ത് വിദ്വേഷം പ്രചരിപ്പിക്കില്ല. ഞങ്ങൾ ജനങ്ങളെ ഒന്നിപ്പിക്കും. യുവജനങ്ങളുടെ ശക്തിയിൽ ഞങ്ങൾ പുതിയ യു.പി സൃഷ്ടിക്കും. യു.പിയിലെ യുവജനങ്ങൾക്ക് പുതിയ കാഴ്ചപ്പാട് ആവശ്യമാണ്. അവ നൽകാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നേരത്തേ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടായിരുന്നു പ്രകടന പത്രിക. സംസ്ഥാനത്ത് 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി കോൺ​ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഏഴ് ഘട്ടങ്ങളിലായാണ് യു.പിയിൽ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10ന് ആരംഭിച്ച് മാർച്ച് ഏഴിന് അവസാനിക്കും. മാർച്ച് 10ന് വോട്ടെണ്ണും.

Tags:    
News Summary - Congress leader Priyanka Gandhi hinted at being CM candidate for party in UP election 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.