ലഖ്നോ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് സമാജ്‍വാദി പാർട്ടി നേതാവ്. ഞായറാഴ്ച രാവിലെ ലഖ്നോ വിക്രമാദിത്യ മാർഗിലെ പാർട്ടി ആസ്ഥാനത്തിന് മുമ്പിലെത്തിയായിരുന്നു ആത്മഹത്യ ശ്രമം.
അലിഗഡിലെ സമാജ്‍വാദിയുടെ മുഖമായ ആദിത്യ താക്കൂറാണ് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്. പാർട്ടി ഓഫിസിന് മുമ്പിലെത്തിയശേഷം പെട്രോൾ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് തീകൊളുത്താനും ശ്രമം നടത്തി. എന്നാൽ, അനുയായികളും പൊലീസും ചേർന്ന് ആദിത്യയെ പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്തുവന്നാലും ഇവിടെവെച്ച് തന്റെ ജീവൻ കളയുമെന്നും അറസ്റ്റ് ചെയ്താലും തന്നെ തടയാൻ കഴിയില്ലെന്നും ആദിത്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ ടിക്കറ്റ് പാർട്ടി തട്ടിയെടുത്ത് പുറത്തുനിന്നുള്ളവർക്ക് നൽകിയെന്നും തനിക്ക് യാതൊരു ക്രിമിനൽ റെക്കോഡില്ലെന്നും എന്നിട്ടും പാർട്ടി മത്സരിക്കാൻ അവസരം നൽകിയില്ലെന്നും ആദിത്യ വിഡിയോയിൽ പറയുന്നത് കേൾക്കാം.
യു.പി തെരഞ്ഞെടുപ്പിൽ ഛരാ മണ്ഡലത്തിൽനിന്ന് ആദിത്യ താക്കൂറിനെ മത്സരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സ്ഥാനാർഥി പട്ടികയിൽ ആദിത്യയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.
യു.പി തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ജനുവരി 13ന് എസ്.പി പുറത്തിറക്കിയിരുന്നു. 29 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇതിൽ 10 സീറ്റുകളിൽ എസ്.പിയും 19 സീറ്റുകളിൽ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദളും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.