ലഖ്നോ: സർവിസിൽ നിന്ന് സ്വയം വിരമിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിങ് ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും. സരോജിനി നഗറിൽനിന്നാണ് രാജേശ്വർ സിങ് മത്സരിക്കുക.
യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ സ്വാതി സിങ്ങിന്റെ മണ്ഡലത്തിലാണ് രാജേശ്വർ സിങ് മത്സരിക്കുക. രാജേശ്വർ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നേരത്തേതന്നെ പുറത്തുവന്നിരുന്നു.
ഐ.പി.എസ് ഓഫിസറും ഇ.ഡി ഉദ്യോഗസ്ഥനുമായിരുന്ന രാജേശ്വർ സിങ്ങിന്റെ സ്വയം വിരമിക്കൽ അപേക്ഷ കേന്ദ്രസർക്കാർ തിങ്കളാഴ്ച അംഗീകരിച്ചിരുന്നു. 24 വർഷത്തോളം യു.പി പൊലീസിന്റെയും ഇ.ഡിയുടെയും ഭാഗമായിരുന്നു രാജേശ്വർ സിങ്. യു.പി സുൽത്താൻപൂർ സ്വദേശിയാണ് ഇദ്ദേഹം. ദേശീയ ശ്രദ്ധ നേടിയ നിരവധി അഴിമതികളുടെ അന്വേഷണത്തിന് രാജേശ്വർ നേതൃത്വം നൽകിയിരുന്നു. 2ജി സ്‍പെക്ട്രം, അഗസ്ത വെസ്റ്റ്ലാൻഡ്, എയർസെൽ മാക്സിസ്, അമ്രപാലി തുടങ്ങിയ അഴിമതികളുടെ അന്വേഷണ ചുമതല രാജേശ്വറിനായിരുന്നു.
രാജേശ്വർ സിങ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിയെയും ഇ.ഡിയെയും പരിഹസിച്ച് കാർത്തി ചിദംബരം രംഗത്തെത്തി. ബി.ജെ.പിയിൽ ചേരുന്നതിനായി ഇ.ഡി.യിൽനിന്ന് വി.ആർ.എസ് എടുക്കുന്നത് പൂർണ ഉടമസ്ഥതയുള്ള ഉപസ്ഥാപനത്തിൽനിന്ന് മാത്യസ്ഥാപനത്തിലേക്ക് മാറുന്നതിന് തുല്യമാണെന്നായിരുന്നു പ്രതികരണം. മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും എതിരായ എയർസെൽ -മാക്സിസ് ഡീൽ കേസ് അന്വേഷിച്ചിരുന്നത് രാജേശ്വർ സിങ്ങായിരുന്നു.
സർവിസിൽനിന്ന് വി.ആർ.എസ് എടുത്തതിന് പിന്നാലെ രാജേശ്വർ സിങ് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇ.ഡി ഡയറക്ടർ എസ്.കെ. മിശ്ര എന്നിവർക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. മോദിയും അമിത് ഷായും യോഗിയും ജെ.പി. നഡ്ഡയും ഇന്ത്യയെ ലോകശക്തിയാക്കാൻ പ്രയത്നിക്കുന്നവരാണെന്നും അവരോടൊപ്പം രാഷ്ട്ര നിർമാണത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും രാജേശ്വർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.